പതിറ്റാണ്ടുകൾ മുമ്പ് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് സ്കൂൾ വിദ്യാർത്ഥിയായിരിക്കെ പി ആർ രണേന്ദ്രന് സ്പോർട്സിൽ ആയിരുന്നു കമ്പം. തൊട്ടടുത്തുള്ള സർക്കാർ എൽ പി സ്കൂളിൽ നിന്ന് സെന്റ് അഗസ്റ്റിൻസിൽ എത്തിയ രണേന്ദ്രന് അങ്ങോട്ടുള്ള യഥാർത്ഥ പാത തുറന്നുകൊടുത്തത് അവിടത്തെ കായികാധ്യാപകരായ പപ്പൻ സാറും ബ്രിജീത്ത ടീച്ചറും. ഇപ്പോഴത്തേതിൽ നിന്ന് വ്യത്യസ്തമായി, എല്ലാ സ്കൂളുകളിലും ഒന്നോ അതിലേറെയോ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർമാർ ഉണ്ടായിരുന്ന കാലം. ഡ്രിൽ പീരിയഡുകൾ അക്കാലത്ത് നിർബന്ധമായിരുന്നു.
സംസ്ഥാന മീറ്റിലെ 400 മീറ്റർ ഓട്ടത്തിൽ നാലാം സ്ഥാനത്ത് വരെ എത്തിയ രണേന്ദ്രൻ എസ്എസ്എൽസിക്ക് ശേഷവും കളിക്കളം വിട്ടില്ല. കോഴിക്കോട് ഫിസിക്കൽ എഡ്യൂക്കേഷൻ കോളജിൽ ചേർന്നു. അവിടെനിന്ന് പിഇടി കോഴ്സ് പാസായശേഷം എറണാകുളം പൊന്നുരുന്നിയിലെ സെന്റ് റീത്താസ് സ്കൂളിലും പച്ചാളം സെന്റ് ജോസഫ്സ് സ്കൂളിലും കുറച്ചു കാലം ജോലി ചെയ്തു. തുടർന്ന് പിഎസ് സി നിയമനം ലഭിച്ച് രാജാക്കാട് ഗവണ്മെന്റ് ഹൈസ്കൂളിലേക്ക്. കായികാധ്യാപകനായി 1984 ൽ രണേന്ദ്രൻ ചുമതലയേൽക്കുമ്പോൾ രാജാക്കാട് ഗവണ്മെന്റ് ഹൈസ്കൂൾ കേരളത്തിന്റെ കായിക ഭൂപടത്തിൽ ഉണ്ടായിരുന്നില്ല. രാജാക്കാടിന്റെ വിദൂര മലയോര മേഖലയിൽ നിന്നുള്ള കുട്ടികളായിരുന്നു അവിടെ പഠിച്ചിരുന്നത്. ഏഴും എട്ടും കിലോമീറ്റർ നടന്നായിരുന്നു സ്കൂളിലേക്കുള്ള അവരുടെ വരവ്. അതുകൊണ്ടുതന്നെ, മികച്ച ശാരീരികക്ഷമതയുള്ള അവർക്ക് ദീർഘദൂര ഇനങ്ങളിൽ പരിശീലനം നൽകാൻ ക്രാന്തദർശിയായ ആ അധ്യാപകൻ തീരുമാനിച്ചു.
വ്യക്തമായ കർമപദ്ധതികൾ അദ്ദേഹം ആസൂത്രണം ചെയ്തു. തീവ്ര പരിശീലനത്തിന്റെ നാളുകളായിരുന്നു പിന്നീട്. രാവിലെ ഏഴിന് കോച്ചിംഗ് ആരംഭിക്കും. രക്ഷിതാക്കളും സ്കൂളിലെ മറ്റ് അധ്യാപകരും ഒപ്പം നിന്നത്തോടെ രാജാക്കാട് ഗവണ്മെന്റ് സ്കൂൾ കായിക മേഖലയിൽ പുതിയ ആകാശങ്ങൾ തേടിതുടങ്ങി. അതിരാവിലെ എത്തിക്കുക രക്ഷിതാക്കൾക്ക് കടുത്ത വെല്ലുവിളിയായിരുന്നു. വെളുപ്പിന് ചൂട്ടുകറ്റയുടെയും ടോർച്ചിന്റെയും വെട്ടത്തിൽ അവർ കുട്ടികളെയും എത്തിച്ചുതുടങ്ങി. നേരം വെളുക്കുംമുമ്പേ വീട്ടിൽ നിന്ന് ഇറങ്ങുന്ന കുട്ടികളുടെ പ്രഭാത ഭക്ഷണവും പ്രശ്നമായി. അധ്യാപകർ തങ്ങളുടെ ശമ്പളത്തിൽ നിന്ന് നല്ലൊരു സംഖ്യ മുടക്കിയതോടെ ഉപ്പുമാവും ഏത്തപ്പഴവും മുട്ടയും എല്ലാം റെഡി. വെക്കേഷൻ കാലത്തും അവധി ദിവസങ്ങളിലും പരിശീലനം മുടങ്ങിയില്ല.
ഭാവിയിലേക്കുള്ള താരങ്ങളെ കണ്ടെത്താൻ സ്കൂളിലെ എൽപി വിഭാഗത്തിലും രണേന്ദ്രൻ മാഷ് റോന്ത് ചുറ്റാൻ തുടങ്ങി.
സമർപ്പിതമായ ആ ജീവിതത്തിനു പിന്തുണയുമായി സ്കൂളും നാടും ഒപ്പം നിന്നു. വൈകാതെ അതിന്റെ ഫലവും കിട്ടിത്തുടങ്ങി. തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഓവറോൾ ചാമ്പ്യന്മാരാകാൻ വെറും മൂന്നു വർഷമേ വേണ്ടി വന്നുള്ളൂ.
സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമായി മാറിയ നിരവധി നക്ഷത്രങ്ങളെ കണ്ടെത്താനും രണേന്ദ്രൻ മാഷിന് കഴിഞ്ഞു.
ഇടുക്കിയിലെ മലയോരങ്ങൾ താണ്ടിയുള്ള നടത്തം തന്നെയായിരുന്നു അവരുടെ കായിക ശേഷിയുടെ രഹസ്യം 1500, മൂവായിരം, അയ്യായിരം മീറ്ററിൽ സംസ്ഥാന ചാമ്പ്യനായി മാറിയ ബിന്ദു മാത്യു എത്തിയിരുന്നത് വട്ടക്കണ്ണിപ്പാറയിൽ നിന്ന്. സ്കൂളിൽ നിന്ന് ഏഴു കിലോമീറ്ററുണ്ട് അവളുടെ വീട്ടിലേക്ക്. 400, 600 മീറ്റർ ഓട്ടത്തിൽ സബ് ജൂനിയർ വിഭാഗം സംസ്ഥാന ജേത്രിയായി മാറിയ മിനി ബേബി, മറ്റൊരു ദീർഘ ദൂര ഓട്ടക്കാരൻ ബിജു ടി ടി എന്നിവരും രണേന്ദ്രൻ മാഷിന്റെ കണ്ടുപിടിത്തം.
രാജാക്കാട് നിന്ന് സ്ഥലംമാറ്റം വാങ്ങി മുട്ടം സ്കൂളിൽ എത്തിയ രണേന്ദ്രൻ അവിടെ അഞ്ചു വർഷം സേവനമനുഷ്ടിച്ച ശേഷം ജി വി രാജ സ്കൂളിൽ അധ്യാപകനായി. കായിക കേരളത്തിന്റെ ജാതകം മാറ്റിയെഴുതിയ ഇത്തരം കായിക അധ്യാപകരുടെ വംശനാശം സംഭവിച്ചത് മാത്രമല്ല ദുരന്തം. ഇപ്പോൾ സ്കൂളുകളിൽ കായിക അധ്യാപകരുടെ തസ്തിക പോലും ഇല്ലെന്നതാണ് അവസ്ഥ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.