26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 24, 2025
April 16, 2025
April 15, 2025
April 11, 2025
April 11, 2025
April 9, 2025
March 30, 2025
March 15, 2025
March 15, 2025

രഞ്ജി ട്രോഫി ഫൈനല്‍; തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറി വിദർഭ

Janayugom Webdesk
നാഗ്പൂര്‍
February 26, 2025 6:13 pm

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൻ്റെ ആദ്യ ദിവസം കളി നിർത്തുമ്പോൾ വിദർഭ നാല് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന നിലയിൽ. തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായ വിദർഭയെ ഡാനിഷ് മലേവാറും കരുൺ നായരും ചേർന്ന കൂട്ടുകെട്ടാണ് തകർച്ചയിൽ നിന്ന് കരകയറ്റിയത്. സെഞ്ച്വറി നേടിയ ഡാനിഷ് മലേവാർ പുറത്താകാതെ നില്ക്കുകയാണ്.

രാവിലെ ടോസ് നേടിയ കേരളം ബൌളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ്റെ തീരുമാനം ശരിവയ്ക്കും വിധം പന്തെറിഞ്ഞ ബൌളർമാർ മികച്ച തുടക്കമാണ് കേരളത്തിന് നല്കിയത്. കളി തുടങ്ങി രണ്ടാം പന്തിൽ തന്നെ ഓപ്പണർ പാർഥ് റെഖഡെ പുറത്തായി. പാർഥിനെ നിധീഷ് എൽബിഡബ്ല്യുവിൽ കുടുക്കുകയായിരുന്നു. പത്ത് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ഒരു റണ്ണെടുത്ത ദർശൻ നൽഖണ്ഡയെയും നിധീഷ് തന്നെ പുറത്താക്കി. 16 റൺസെടുത്ത ധ്രുവ് ഷോറെയെ ഏദൻ ആപ്പിൾ ടോമും പുറത്താക്കിയതോടെ മൂന്ന് വിക്കറ്റിന് 24 റൺസെന്ന നിലയിലായിരുന്നു വിദർഭ.

നാലാം വിക്കറ്റിൽ ഒത്തു ചേർന്ന ഡാനിഷ് മലേവാറിൻ്റെയും കരുൺ നായരുടെയും കൂട്ടുകെട്ടാണ് വിദർഭ ഇന്നിങ്സിൽ നിർണ്ണായകമായത്. വളരെ കരുതലോടെ ബാറ്റ് വീശിയ ഇരുവരും സാവധാനത്തിലാണ് ഇന്നിങ്സ് മുന്നോട്ട് നീക്കിയത്. എന്നാൽ അർദ്ധ സെഞ്ച്വറിയിലേക്ക് അടുത്തതോടെ ഡാനിഷ് മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞു. 104 പന്തുകളിൽ നിന്ന് അൻപത് തികച്ച ഡാനിഷ് 168 പന്തുകളിൽ നിന്ന് രഞ്ജിയിലെ രണ്ടാം സെഞ്ച്വറി പൂർത്തിയാക്കി. മറുവശത്ത് കരുൺ നായർ ഉറച്ച പിന്തുണ നല്കി. 125 പന്തുകളിൽ നിന്നാണ് കരുൺ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്. അവസാന സെഷനിൽ മികച്ച രീതിയിൽ ബാറ്റിങ് തുടരുമ്പോഴാണ് കരുൺ റണ്ണൌട്ടിലൂടെ പുറത്തായത്. ന്യൂ ബോളെടുത്ത് ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീണു. മൊഹമ്മദ് അസറുദ്ദീൻ്റെ കയ്യിൽ നിന്ന് പന്ത് വഴുതിയകന്നതോടെ റണ്ണിനായി ഓടിയ കരുണിനെ മികച്ചൊരു ഡയറക്ട് ത്രോയിലൂടെ രോഹന്‍ കുന്നുമ്മല്‍ പുറത്താക്കുകയായിരുന്നു. 188 പന്തുകളിൽ എട്ട് ഫോറും ഒരു സിക്സുമടക്കം 86 റൺസാണ് വരുൺ നേടിയത്. കളി നിർത്തുമ്പോൾ 138 റൺസോടെ ഡാനിഷ് മലേവാറും അഞ്ച് റൺസോടെ യഷ് ഥാക്കൂറും ആണ് ക്രീസിൽ.

കഴിഞ്ഞ മല്സരത്തിൽ നിന്ന് ഒരു മാറ്റവുമായാണ് കേരളം കളിക്കാൻ ഇറങ്ങിയത്. വരുൺ നായനാർക്ക് പകരം ഏദൻ ആപ്പിൾ ടോമിനെയാണ് ടീമിൽ ഉൾപ്പെടുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.