7 December 2025, Sunday

Related news

November 8, 2025
October 10, 2025
March 3, 2025
February 26, 2025
February 25, 2025
February 25, 2025
February 21, 2025
February 21, 2025
February 19, 2025
February 18, 2025

രഞ്ജി ട്രോഫി: കേരളം ശക്തമായ നിലയില്‍

Janayugom Webdesk
തിരുവനന്തപുരം
November 8, 2025 10:11 pm

രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളം ശക്തമായ നിലയിൽ. സൗരാഷ്ട്രയുടെ ആദ്യ ഇന്നിങ്സ് 160 റൺസിന് അവസാനിച്ചു. ആറ് വിക്കറ്റ് വീഴ്ത്തിയ എം ഡി നിധീഷിന്റെ ബൗളിങ് മികവാണ് സൗരാഷ്ട്രയുടെ ബാറ്റിങ് നിരയെ തകർത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിലാണ്. ടോസ് നേടി സൗരാഷ്ട്രയെ ആദ്യം ബാറ്റ് ചെയ്യാനയച്ച കേരളത്തിന് ബൗളർമാർ ഉജ്ജ്വലമായ തുടക്കമാണ് നല്‍കിയത്.

അക്കൗണ്ട് തുറക്കും മുമ്പെ തന്നെ സൗരാഷ്ട്രയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ഹാർവിക് ദേശായിയെ പുറത്താക്കി നിധീഷ് തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ഏഴാം ഓവറിൽ തുടരെയുള്ള പന്തുകളിൽ ചിരാഗ് ജാനിയെയും അർപ്പിത് വസവദയെയും പുറത്താക്കി നിധീഷ് വീണ്ടും പ്രഹരമേല്പിച്ചു. ചിരാഗ് അഞ്ച് റൺസെടുത്തപ്പോൾ റണ്ണൊന്നുമെടുക്കാതെയാണ് അർപ്പിത് മടങ്ങിയത്. ഇതോടെ മൂന്ന് വിക്കറ്റിന് ഏഴ് റൺസെന്ന നിലയിലായ സൗരാഷ്ട്രയെ ജയ് ഗോഹിലും പ്രേരക് മങ്കാദും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 69 റൺസാണ് കൂട്ടിച്ചേർത്തത്. ഉച്ചഭക്ഷണത്തിന് തൊട്ടു മുമ്പ് പ്രേരക് മങ്കാദിനെ പുറത്താക്കി നിധീഷ് വീണ്ടും കേരളത്തിന് നിർണായക വഴിത്തിരിവ് സമ്മാനിച്ചു. 13 റൺസെടുത്ത പ്രേരക്, നിധീഷിന്റെ പന്തിൽ മൊഹമ്മദ് അസറുദ്ദീൻ ക്യാച്ചെടുത്താണ് പുറത്തായത്. അടുത്ത ഓവറിൽ ഒരു റണ്ണെടുത്ത അൻഷ് ഗോസായിയെയും അസറുദ്ദീന്റെ കൈകളിലെത്തിച്ച് നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി.

മറുവശത്ത് ഉറച്ച് നിന്ന ജയ് ഗോഹിൽ തുടർന്നെത്തിയ ഗജ്ജർ സമ്മാറുമായി ചേർന്ന് ഇന്നിങ്സ് മുന്നോട്ടു നീക്കി. ഇരുവരും ചേർന്ന് 41 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 84 റൺസെടുത്ത ജയ് ഗോഹിലിനെ ഏദൻ ആപ്പിൾ ടോം പുറത്താക്കിയതോടെ സൗരാഷ്ട്രയുടെ ഇന്നിങ്സ് വീണ്ടും തകർച്ചയിലേക്ക് നീങ്ങി. ആറ് വിക്കറ്റ് വീഴ്ത്തിയ നിധീഷിന് പുറമെ ബാബ അപരാജിത് മൂന്നും ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് രോഹൻ കുന്നുമ്മലും എ കെ ആകർഷും ചേർന്നാണ് ഇന്നിങ്സ് തുറന്നത്. ഇരുവരും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 61 റൺസ് പിറന്നു. രോഹൻ കുന്നുമ്മൽ ഏകദിന ശൈലിയിൽ ബാറ്റ് വീശിയതോടെ അതിവേഗത്തിലാണ് കേരളത്തിന്റെ ഇന്നിങ്സ് മുന്നോട്ടു നീങ്ങിയത്. ആദ്യ ദിവസത്തെ കളി അവസാനത്തോട് അടുക്കെ ആകർഷിന്റെയും സച്ചിൻ ബേബിയുടെ വിക്കറ്റുകൾ കേരളത്തിന് നഷ്ടമായി. ആകർഷ് 18ഉം സച്ചിൻ ബേബി ഒരു റണ്ണും നേടിയാണ് പുറത്തായത്. ഹിതെൻ കാംബിയാണ് ഇരു വിക്കറ്റുകളും നേടിയത്. കളി നിർത്തുമ്പോൾ രോഹൻ 59ഉം അഹ്മദ് ഇമ്രാൻ രണ്ട് റൺസുമായി ക്രീസിലുണ്ട്. 58 പന്തുകളിൽ ഒൻപത് ഫോറും ഒരു സിക്സുമടക്കമാണ് രോഹൻ 59 റൺസ് നേടിയത്.

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.