
കന്നഡ നടി രന്യ റാവു ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ വിവിധ ഇടങ്ങളില്‍ ഇഡി പരിശോധനകള്‍ നടത്തി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് കേസ് അന്വേഷണത്തിന് സിബിഐയുടെ സഹായം തേടിയതിന് തൊട്ടുപിന്നാലെയാണ് ഇഡിയുടെ രംഗപ്രവേശം.
നടിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസ് എടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം കേസില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സിഐഡി) അന്വേഷണം നടത്തണമെന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ബംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ നിയോഗിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അശ്രദ്ധയെ കുറിച്ച് അന്വേഷിക്കാനായിരുന്നു ഉത്തരവ്. തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവാണ് രണ്ടുദിവസത്തിനകം പിന്‍വലിച്ചത്. കേസില്‍ രന്യയുടെ രണ്ടാനച്ഛനും ഡിജിപിയുമായ രാമചന്ദ്ര റാവുവിന്റെ പങ്ക് സംബന്ധിച്ച് കര്‍ണാടക അഡീഷണല്‍ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനാലാണ് തീരുമാനം.
ഈ മാസം മൂന്നിന് ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് രന്യ റാവുവിനെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 14 കിലോ സ്വര്‍ണവും ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ ആദ്യമായാണ് സ്വര്‍ണം കടത്തുന്നതെന്നായിരുന്നു നടിയുടെ വാദം. എന്നാല്‍ നേരത്തെയും പലതവണ നടി സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.