
ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ ലാപ്‌ടോപ്പ് കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം പരിശോധന ശക്തമാക്കി. രാഹുലിന്റെ അടൂർ നെല്ലിമുകളിലെ വീട്ടിൽ പൊലീസ് സംഘം എത്തിയെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും കണ്ടെത്താനായില്ല. കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ ലാപ്‌ടോപ്പിൽ ഉണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം. ഇന്ന് പുലർച്ചെ രാഹുലിനെ തിരുവല്ലയിലെ ക്ലബ്ബ് സെവൻ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അതിജീവിത പരാതിപ്പെട്ട 408-ാം നമ്പർ മുറിയിലായിരുന്നു പരിശോധന. ആദ്യം നിസ്സഹകരിച്ചെങ്കിലും പിന്നീട് താൻ ഹോട്ടലിൽ എത്തിയ കാര്യം രാഹുൽ സമ്മതിച്ചു. യുവതിയുമായി സംസാരിക്കാനാണ് എത്തിയതെന്നാണ് രാഹുലിന്റെ വിശദീകരണം. എന്നാൽ പീഡന ആരോപണങ്ങളിൽ അദ്ദേഹം വ്യക്തമായ മറുപടി നൽകിയിട്ടില്ല.
അതേസമയം, വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി എടുക്കാൻ അന്വേഷണ സംഘം നടപടികൾ ആരംഭിച്ചു. ഇന്ത്യൻ എംബസി വഴിയോ വീഡിയോ കോൺഫറൻസിങ് വഴിയോ മൊഴി രേഖപ്പെടുത്താൻ ഹൈക്കോടതിയുടെ അനുമതി തേടും. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്നുമാണ് യുവതി നൽകിയ പരാതി. ക്രൂരമായ ലൈംഗിക വൈകൃതങ്ങൾക്ക് താൻ ഇരയായെന്നും ഗർഭിണിയായപ്പോൾ രാഹുൽ അധിക്ഷേപിച്ചെന്നും യുവതി ആരോപിച്ചിട്ടുണ്ട്. കേസിൽ നിലവിൽ റിമാൻഡിലാണ് രാഹുൽ മാങ്കൂട്ടത്തിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.