വിശേഷാവസരങ്ങളും ഒഴിവ് ദിനങ്ങളും അടുത്തതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനനിരക്ക് അഞ്ചിരട്ടിയോളം വർധിപ്പിച്ച് വിമാനക്കമ്പനികൾ. റംസാൻ, വിഷു, ഈസ്റ്റർ വിശേഷാവസരങ്ങളും ഗൾഫിലെ സ്കൂൾ മധ്യവേലവധിയും ലക്ഷ്യമിട്ടാണ് പതിവ് കൊള്ളയ്ക്കിറങ്ങിയിരിക്കുന്നത്.
ദുബായ് — നെടുമ്പാശേരി വിമാനനിരക്ക് 40,000 ലേക്കാണ് കുതിക്കുന്നത്. റംസാന്റെ തലേന്നാകുമ്പോൾ 50,000ത്തിൽ താഴെയെത്തും. സാധാരണ ദിവസങ്ങളിൽ 12,000ത്തിനുള്ളിൽ നിരക്ക് വരുന്ന റൂട്ടാണിത്. ദുബായ്, ബഹ്റെൻ, ഒമാൻ, ജിദ്ദ, കുവൈറ്റ്, ഖത്തർ തുടങ്ങി മലയാളികൾ കൂടുതലുള്ള രാജ്യങ്ങളിൽ നിന്നെല്ലാം തിരുവനന്തപുരം, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിലേക്കുള്ള നിരക്കും നെടുമ്പാശേരിയോട് ചേർന്നുപോകുന്നതാണ്.
ദുബായിയിൽ ജൂൺ 28 നും മറ്റ് എമിറേറ്റുകളിൽ ജൂലൈ അഞ്ചിനുമാണ് വിദ്യാലയങ്ങൾ അടയ്ക്കുന്നത്. ഓഗസ്റ്റ് 26 ന് തുറക്കും. ഇതിന് മുമ്പായി റംസാനും വിഷുവും ഈസ്റ്ററുമെത്തും. ഇതല്ലാം കൂടി കണക്കാക്കി മാസങ്ങൾക്കു മുമ്പേ ഓൺലൈനിൽ നിരക്ക് കൂട്ടിവയ്ക്കുകയാണ് പതിവ്. നേരത്തേ ബുക്ക് ചെയ്താലും പ്രയോജനമില്ല. താരതമ്യേന ആനുപാതികമായ നിരക്ക് നൽകണം. മൂന്നോ നാലോ അംഗങ്ങളുള്ള ഒരു മലയാളി കുടുംബത്തിന് ഈ സമയത്ത് നാട്ടിലെത്തണമെങ്കിൽ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം ചെലവഴിക്കേണ്ടിവരും.
നിരക്ക് നിയന്ത്രിക്കാൻ സഹായകമായ തരത്തിൽ റഗുലേറ്ററി അതോറിട്ടി രൂപവല്‍ക്കരിക്കണമെന്ന പ്രവാസി മലയാളികളുടെയും യാത്രക്കാരുടെ സംഘടനകളുടെയും ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എല്ലാ വർഷവും ഈ സമയങ്ങളിലും ക്രിസ്മസ് — പുതുവത്സര സീസണിലും ഗൾഫ് മലയാളികളുടെ മുറവിളി പരിഹാരമേതുമില്ലാതെ ഉയരുകയാണ്.
അതേസമയം, കേരളത്തിലേക്കുള്ള വിമാന സർവീസുകളിൽ അടിച്ചേൽപ്പിക്കുന്നതുപോലുള്ള ഒരു നിരക്ക് വർധന രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള യാത്രക്കൂലിയിൽ അനുഭവപ്പെടാറില്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നു. നിരക്കിലെ വർധനയും ക്രമക്കേടുകളും കൈകാര്യം ചെയ്യുന്നതിനായി, നിരക്കിലെ മാറ്റം 24 മണിക്കൂർ മുമ്പ് ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) യെ അറിയിച്ചാൽ മതി എന്ന പഴയ വ്യവസ്ഥ റദ്ദ് ചെയ്യുകയാണെന്നും ഇനി തോന്നും പോലെ നിരക്ക് വർധിപ്പിക്കാൻ വിമാന കമ്പനികൾക്ക് കഴിയില്ലെന്നും ഭാരതീയ വായുധാൻ വിധേയക് ബില്ലിന്റെ ചർച്ചയിൽ ഡിസംബറിൽ വ്യോമയാന മന്ത്രി രാജ്യസഭയിൽ പറഞ്ഞിരുന്നതാണ്. അതിന് പിന്നാലെയാണ് ഇപ്പോഴത്തെ നിരക്ക് വർധന എന്നതാണ് ശ്രദ്ധേയം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.