സംസ്ഥാനത്തെ 40 ശതമാനത്തോളം കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ ലഭിക്കുന്ന അഞ്ച് ലക്ഷം രൂപയുടെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയെ(കാസ്പ്)ക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം കുറവെന്ന് റിപ്പോര്‍ട്ട്. പദ്ധതിയെ കുറിച്ചുള്ള അജ്ഞത മൂലമാണ് പലർക്കും സഹായത്തിന് കൈനീട്ടേണ്ട അവസ്ഥയുണ്ടാകുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്തെ ആകെ സൗജന്യ ചികിത്സയുടെ 15 ശതമാനത്തിലധികവും ഇവിടെയാണ്.
പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കാൻ യോഗ്യതയുള്ളവരുടെ റേഷൻകാർഡുകളിൽ പിഎംജെഎവൈ, കെഎഎസ് പി, ചിസ് പ്ലസ്, ആർഎസ്ബിവൈ എന്നിവയിലേതെങ്കിലുമൊരു സീൽ പതിപ്പിച്ചിരിക്കും. പിങ്ക്, നീല കാർഡുകൾ മിക്കതും ഇത്തരം പദ്ധതിയിലുൾപ്പെട്ടതായിരിക്കും.
വാർഷിക വരുമാനം മൂന്ന് ലക്ഷത്തിന് മുകളിലുള്ള മഞ്ഞ, വെള്ള കാർഡുകളിൽ ചിലത് മാത്രമായിരിക്കും സൗജന്യചികിത്സയ്ക്ക് അർഹതയുണ്ടാകുക. ഇത്തരം സീലുകൾ പതിപ്പിച്ച റേഷൻ കാർഡിലെ അംഗങ്ങൾക്കെല്ലാം സർക്കാർ ആശുപത്രികൾ, എം പാനൽ ചെയ്ത സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ സൗജന്യ ചികിത്സ ലഭ്യമാണ്. ഒരു കുടുംബത്തിലെ മുഴുവൻ വ്യക്തികൾക്കോ ഒരു വ്യക്തിക്കു മാത്രമായോ ഈ പദ്ധതിയിലൂടെ സഹായം ലഭിക്കും.
പ്രായപരിധിയോ കുടുംബാംഗങ്ങളുടെ എണ്ണമോ അർഹതാ മാനദണ്ഡമല്ല. ബൈപ്പാസ് ശസ്ത്രക്രിയ, ആൻജിയോപ്ലാസ്റ്റി, കാൻസർ ശസ്ത്രക്രിയ, മുട്ട് മാറ്റിവയ്ക്കൽ, നട്ടെല്ല് സംബന്ധമായ ശസ്ത്രക്രിയ തുടങ്ങിയ ചികിത്സയ്ക്ക് ഈ ആനുകൂല്യം ലഭിക്കും. എന്നാൽ ചികിത്സാ ചെലവ് ഒരിക്കലും ഉപഭോക്താക്കൾക്ക് പണമായി ലഭ്യമാകില്ല.
പദ്ധതി പ്രത്യേകതകൾ
പൂർണമായും സർക്കാർ നിയന്ത്രണത്തിൽ
ഓരോ വർഷവും അഞ്ച് ലക്ഷം വരെ പരിരക്ഷ
പരിപൂർണ സൗജന്യ ചികിത്സ, തുടർ ചികിത്സ
ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മുമ്പുള്ള മൂന്ന്, ശേഷമുള്ള 15 ദിവസത്തെ ചെലവും ലഭ്യമാകും
മരുന്നുകൾ, അവശ്യ വസ്തുക്കൾ, പരിശോധനകൾ, ഡോക്ടർ ഫീസ്, മുറി വാടക, ഓപ്പറേഷൻ തിയേറ്റർ ചാർജുകൾ, ഐസിയു ചാർജ്, ഭക്ഷണം, ഇംപ്ലാന്റ് ചാർജുകൾ എന്നിവയുടെ ചെലവുകൾ
ചികിത്സയുടെ അനുബന്ധ പ്രത്യാഘാതങ്ങൾക്കും സഹായം
സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ചെലവഴിച്ച തുക അധികരിച്ചാൽ റീഇമ്പേഴ്സ് രൂപത്തിലും തുക നല്കും
ചികിത്സ കേരളത്തിൽ
രാജ്യത്തെ ഏറ്റവും കൂടുതൽ പദ്ധതി വിനിയോഗം: കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികൾ
ചികിത്സ തേടുന്നവർ: മണിക്കൂറിൽ 180 (ഒരു മിനിറ്റിൽ മൂന്ന് പേർ)
ഇതുവരെ ചികിത്സ തേടിയവർ: 44 ലക്ഷം
ചെലവഴിച്ച തുക: 1637 കോടി
ചികിത്സ ലഭ്യമാകുന്ന സർക്കാർ ആശുപത്രികൾ: 200
സ്വകാര്യ ആശുപത്രികൾ: 544
English Summary: Ration card has ‘KASP’ protection
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.