18 December 2025, Thursday

Related news

November 22, 2025
November 7, 2025
October 18, 2025
October 8, 2025
September 2, 2025
August 30, 2025
August 26, 2025
August 23, 2025
August 19, 2025
August 18, 2025

റേഷന്‍ സാങ്കേതിക തടസം ഉടന്‍ പരിഹരിക്കും: ഭക്ഷ്യമന്ത്രി

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
March 11, 2023 9:58 am

സംസ്ഥാനത്തെ റേഷൻ പൊതുവിതരണ സമ്പ്രദായത്തിൽ അനുഭവപ്പെട്ട തടസങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികളുമായി ഭക്ഷ്യ‑പൊതുവിതരണ വകുപ്പ്. ഇ‑പോസ് മെഷീന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ വിവിധ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായി ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. റേഷൻ വിതരണത്തിലെ തകരാറുകൾ സംബന്ധിച്ച് എൻഐസി ഹൈദരാബാദ്, സംസ്ഥാന ഐടി മിഷൻ, കെൽട്രോൺ, സി-ഡാക്, ബിഎസ്എൻഎൽ എന്നിവയിലെ ഉദ്യോഗസ്ഥരുമായി ഇന്നലെ ചര്‍ച്ച നടത്തി. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ കാണാത്ത തരത്തിലുള്ള തകരാറുകള്‍ കേരളത്തില്‍ സംഭവിക്കുന്നതായിട്ടാണ് എന്‍ഐസി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

എന്‍ഐസി ഹൈദരാബാദാണ് നിലവില്‍ സംസ്ഥാനത്തെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത്. രാജ്യത്തെ 25ഓളം സംസ്ഥാനങ്ങളില്‍ എന്‍ഐസി ഹൈദരാബാദ് തന്നെയാണ് ഈ സൗകര്യങ്ങള്‍ ഒരുക്കുന്നത്. സംസ്ഥാനത്തെ റേഷന്‍ വിതരണത്തില്‍ കഴിഞ്ഞ കുറച്ചുകാലമായി നേരിട്ടുവരുന്ന സാങ്കേതിക തടസങ്ങള്‍ക്കിടയിലും ശരാശരി 80 ശതമാനത്തിലധികം പേര്‍ റേഷന്‍ വാങ്ങാനെത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

റേഷൻ വിതരണത്തിലെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറായ ബിഎസ്എൻഎല്ലിന്റെ ബാൻഡ് വിഡ്ത്ത് ശേഷി 100 എംബിപിഎസ് ആയി വർധിപ്പിക്കും. നിലവിൽ 20 എംബിപിഎസ് ശേഷിയുളള ബാൻഡ് വിഡ്ത്ത് 60ലേക്കും ഈ മാസം 20 മുതൽ 100 എംബിപിഎസിലേക്കും ഉയർത്താൻ നിർദേശം നൽകി. ബിഎസ്എൻഎല്ലിന്റെ കുറഞ്ഞ ബാൻഡ് വിഡ്ത്ത് ശേഷിയുമായി ബന്ധപ്പെട്ട് ഏകദേശം 65,000ത്തോളം തകരാറുകൾ കണ്ടെത്തിയതായി മന്ത്രി വിശദീകരിച്ചു. എൻഐസി ഹൈദരാബാദ് നൽകി വരുന്ന എഇപിഡിഎസ് സോഫ്റ്റ്‌വേറിന്റെ ഏറ്റവും പുതിയ വേർഷനിലേക്ക് ഏപ്രിൽ ഒന്ന് മുതൽ മാറും. ഈ രണ്ട് തീരുമാനങ്ങൾ നടപ്പാക്കുന്നതോടെ സാങ്കേതിക തകരാറുകൾ ഭൂരിഭാഗവും പരിഹരിക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

റേഷൻ കടകൾ പ്രവർത്തിക്കുന്ന പ്രദേശത്ത് കൂടുതൽ റേഞ്ചുള്ള മൊബൈൽ സർവീസ് പ്രൊവൈഡറെ കണ്ടെത്തി ആ കമ്പനിയുടെ സിംകാർഡ് ഇ‑പോസ് യന്ത്രത്തിൽ സ്ഥാപിച്ച് ലോക്ക് ചെയ്യാനും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.സംസ്ഥാനത്തെ മുഴുവൻ ഇ‑പോസ് യന്ത്രങ്ങളും സർവീസ് ചെയ്യാൻ ഏപ്രിൽ ഒന്നു മുതൽ 30 വരെ സംസ്ഥാന വ്യാപകമായി സർവീസ് ക്യാമ്പ് സംഘടിപ്പിക്കും. ഇ‑പോസ് യന്ത്രവുമായി ബന്ധപ്പെട്ട തകരാറുകൾ തത്സമയം വിളിച്ച് അറിയിക്കാൻ ഹെൽപ്പ് ഡെസ്‌ക് സംവിധാനം ഏർപ്പെടുത്തി. 7561050035, 7561050036 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകൾ എല്ലാ റേഷൻ കടകളിലും പ്രസിദ്ധപ്പെടുത്തും. നിലവിൽ ഇ‑പോസ് യന്ത്രം ഇല്ലാത്ത ഏഴ് റേഷൻ കടകൾ ആണ് സംസ്ഥാനത്തുള്ളത്. ഇവ ഒരു മാസത്തിനുള്ളിൽ ഇ‑പോസിലേക്ക് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ‑പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ച് ബയോമെട്രിക് ഡാറ്റ ശേഖരിച്ച ശേഷം അരിയും സാധനങ്ങളും വാങ്ങുന്ന സമ്പ്രദായത്തിന് പകരം ഒടിപി വഴിയുള്ള ഇടപാടുകൾ കേരളത്തിൽ കൂടുതലാണെന്നും ഇത് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു വിരൽ പതിച്ചത് ശരിയായില്ലെങ്കിൽ മറ്റ് നാല് വിരലുകൾ ഓരോന്ന് ഉപയോഗിച്ചും എന്റർ ചെയ്യണമെന്നും ഒടിപി ഉപയോഗിക്കുന്ന പ്രവണത മാറ്റണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പുതിയ തീരുമാനങ്ങൾ നടപ്പാക്കിയ ശേഷം അവലോകനം ചെയ്യാൻ മാസത്തിലെ ആദ്യ തിങ്കളാഴ്ച ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ഓൺലൈൻ യോഗം ചേരും. രണ്ട് മാസത്തിനുശേഷം ഓഫ് ലൈൻ യോഗം വിളിക്കുമെന്നും ഭക്ഷ്യമന്ത്രി കൂട്ടിച്ചേർത്തു. 

Eng­lish Summary;Ration tech­ni­cal hur­dle to be resolved soon: Food Minister

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.