4 December 2024, Wednesday
KSFE Galaxy Chits Banner 2

പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഡിസംബര്‍ മാസത്തോടെ ഡാഷ്‌ബോര്‍ഡ് തയ്യാറാക്കും- മന്ത്രി കെ.രാജന്‍

KASARAGOD
കാസര്‍കോട്
November 25, 2021 5:56 pm

സംസ്ഥാനത്തെ പട്ടയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഡിസംബര്‍ മാസത്തോടെ ഡാഷ്‌ബോര്‍ഡ് തയ്യാറാക്കുമെന്നും എല്ലാ പരാതികള്‍ക്കും വേഗത്തില്‍ പരിഹാരം കാണുമെന്നും റവന്യു ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു.കാസര്‍കോട് കളക്ടറേറ്റില്‍ റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഡിസംബറില്‍ ഡാഷ്‌ബോര്‍ഡുകള്‍ തയ്യാറക്കണമെന്നും ജില്ലാതലത്തില്‍ ഡാഷ്‌ബോര്‍ഡുകളില്‍ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഡിസംബറില്‍ തന്നെ കേരളത്തിലെ എല്ലാ ഭൂരഹിതരുടെയും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയുന്ന റവന്യു പട്ടയ ഡാഷ് ബോര്‍ഡ് നിലവില്‍ വരുമെന്നും ജനുവരിയില്‍ അത് പൊതു സമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഭൂമിക്ക് വേണ്ടി ദീര്‍ഘകാലമായി ആവശ്യമുന്നയിക്കുന്നവര്‍, അറിവില്ലായ്മ കൊണ്ട് ഭൂമിക്ക് വേണ്ടി ആവശ്യമുന്നയിക്കാതിരിക്കുന്ന ഭൂരഹിതര്‍, അവര്‍ക്ക് എന്ത് കൊണ്ട് ഭൂമി കൊടുക്കാന്‍ കഴിയാത്ത വിധത്തിലുള്ള തടസങ്ങള്‍ ഉണ്ടായി എന്നതെല്ലാം ഡാഷ് ബോര്‍ഡില്‍ പരാമര്‍ശിക്കും. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ വില്ലേജ് തലം മുതലുള്ള റവന്യു ഉദ്യോഗസ്ഥന്‍മാരുമായി തുടര്‍ച്ചയായ ആശയവിനിമയത്തിലൂടെ രൂപം കൊടുക്കുന്ന ഡാഷ്‌ബോര്‍ഡ് വഴി പരമാവധി ആളുകളെ കുറഞ്ഞ കാലം കൊണ്ട് ഭൂമിയുടെ അവകാശികളാക്കി മാറ്റാനുള്ള ശ്രദ്ധേയമായ പ്രവര്‍ത്തനത്തിനാണ് സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. പട്ടയത്തിനായി നിലവില്‍ ലഭിച്ച അപേക്ഷകളുടെ എണ്ണം കുറവാണെങ്കിലും സംസ്ഥാനത്ത് ഇടുക്കിയും വയനാടും കഴിഞ്ഞാല്‍ സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങള്‍ ഉള്ള ജില്ലയാണ് കാസര്‍കോട്. ജില്ലയില്‍ ഇനിയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ എത്ര പട്ടയങ്ങള്‍ കൊടുക്കാന്‍ കഴിയുമെന്നതില്‍ വ്യക്തതയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ഭൂമി തരം മാറ്റല്‍, ലാന്റ് റവന്യു കേസുകള്‍, പട്ടയം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സ്‌പെഷ്യല്‍ ഡ്രൈവായി എടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നം സങ്കീര്‍ണമാണ്. പരാതികളുടെ എണ്ണവും കൂടുന്നുണ്ട്. ഭൂനികുതി ഓണ്‍ലൈനായി അടച്ചുതുടങ്ങിയപ്പോഴാണ് പലര്‍ക്കും ഭൂമിയുടെ സ്വഭാവം സംബന്ധിച്ച് വ്യക്തത വരുന്നത്. ഇതിന്‍മേലുള്ള പരാതികള്‍ പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനമുണ്ടാക്കും.
ഭൂമിയുടെ ഡിജിറ്റല്‍ റീസര്‍വേ വേഗത്തില്‍ ആരംഭിക്കും. കോര്‍സ്(കണ്ടിന്യുവസ്ലി ഓപ്പറേറ്റിംഗ് റഫറന്‍സ് സ്റ്റേഷന്‍) സംവിധാനം ഇതിനായി ഉപയോഗപ്പെടുത്തും. ഇതിനായി 28 സിഗ്‌നല്‍ സ്റ്റേഷനുകള്‍ ഒരു മാസത്തിനകം സ്ഥാപിക്കും. റിയല്‍ ടൈം കൈന്‍മാറ്റിക് (ആര്‍.ടി.കെ), ഡ്രോണ്‍, ലിഡാര്‍, ഇ. ടി. എസ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഭൂമിയുടെ പ്രത്യേകതയ്ക്കനുസരിച്ച് ഇതിനായി ഉപയോഗിക്കും. വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളില്‍ കൃത്യതയും കാര്യക്ഷമതയും ഉണ്ടായിരിക്കണം. ഡിസംബറില്‍ വില്ലേജുകളില്‍ ഫയല്‍ അദാലത്തുകള്‍ നടത്തും. ജീവനക്കാര്‍ പൊതുജനങ്ങളോട് അനുകമ്പയോടെ പെരുമാറണമെന്നും റവന്യു ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നിര്‍ബന്ധിത ഘടകമായി മാറ്റുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ 1664 വില്ലേജ് ഓഫീസുകള്‍ നാല് വര്‍ഷം കൊണ്ട്
സമ്പൂര്‍ണമായി ഡിജിറ്റല്‍ ആയി അളക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയിലേക്ക് പോവുകയാണ്. അതിന്റെ ഭാഗമായി 807 കോടി രൂപ പ്രിന്‍സിപ്പള്‍ എസ് നല്‍കികൊണ്ട് 339 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം ചിലവഴിക്കാന്‍ അനുമതി സര്‍ക്കാരില്‍ നിന്ന് ലഭിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനം നടക്കുന്നുണ്ട്. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, എഡിഎം എ.കെ.രമേന്ദ്രന്‍, സബ് കളക്ടര്‍ ഡി.ആര്‍.മേഘശ്രീ, കാസര്‍കോട് ആര്‍ഡിഒ അതുല്‍.എസ്.നാഥ്, ഡെപ്യുട്ടി കളക്ടര്‍മാര്‍, ഫിനാന്‍സ് ഓഫീസര്‍, ജില്ലാ ലോ ഓഫീസര്‍, തഹസില്‍ദാര്‍മാര്‍, മറ്റു റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.