22 December 2024, Sunday
KSFE Galaxy Chits Banner 2

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കി; പുതിയ പട്ടയങ്ങള്‍ രണ്ട് മാസത്തിനകം

സ്വന്തം ലേഖിക
തിരുവനന്തപുരം
January 19, 2022 10:54 pm

അധികാരപരിധി മറികടന്ന് ദേവികുളം മുന്‍ അഡീഷണല്‍ തഹസില്‍ദാര്‍ എം ഐ രവീന്ദ്രന്‍ (രവീന്ദ്രന്‍ പട്ടയം) നല്‍കിയ പട്ടയങ്ങള്‍ റദ്ദാക്കി. റവന്യു മന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനമനുസരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇടുക്കി ജില്ലാ കളക്ടര്‍ക്ക് ഇതുസംബന്ധിച്ച ഉത്തരവ് കൈമാറിയത്. അന്വേഷണങ്ങളുടെ ഭാഗമായി വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ കസ്റ്റഡിയിലെടുത്ത എല്ലാ പട്ടയ ഫയലുകളുടെയും അനുബന്ധ രേഖകളുടെയും പകര്‍പ്പുകള്‍ 15 ദിവസത്തിനകം ലഭ്യമാക്കണമെന്നും കളക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. പട്ടയം റദ്ദാക്കിയ സാഹചര്യത്തില്‍ നിലവിലെ ഉടമകള്‍ പുതിയ പട്ടയത്തിനായി ദേവികുളം തഹസില്‍ദാര്‍ക്ക് അപേക്ഷിക്കണം.

രവീന്ദ്രന്‍ പട്ടയങ്ങള്‍ അനുവദിച്ച ഓരോ വില്ലേജിലും പ്രത്യേക സംഘത്തെ നിയമിച്ച് അപേക്ഷകള്‍ പരിശോധിച്ചായിരിക്കും പുതിയ പട്ടയത്തിനുള്ള യോഗ്യത ഉറപ്പാക്കുക. ഒരു ഡെപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തില്‍ രണ്ട് സര്‍വേയര്‍മാരും ഒരു റവന്യു ഇന്‍സ്പെക്ടറും രണ്ട് സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാരും അടങ്ങുന്ന പ്രത്യേക സംഘമായിരിക്കും പ്രവര്‍ത്തിക്കുക. 45 ദിവസത്തേക്കാണ് സംഘത്തിന്റെ പ്രവര്‍ത്തന കാലാവധി.

ഭൂപതിവിന് ആവശ്യമായ എല്ലാ രേഖകളും തയാറാക്കി തഹസില്‍ദാര്‍ക്ക് കൈമാറണം. ഭൂമി പതിവിനായുള്ള അപേക്ഷകള്‍ ലഭിച്ചാലുടന്‍ ഭൂമി പതിവ് നല്‍കാവുന്നവയുടെ പട്ടിക അംഗീകരിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ചുമതല ജില്ലാ കളക്ടറുടേതാണ്. കെ‍ഡിഎച്ച് വില്ലേജ് ഒഴികെയുള്ള വില്ലേജുകളിലെ ഭൂമി പതിവ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രണ്ട് മാസത്തിനകം അര്‍ഹരായ എല്ലാ അപേക്ഷകര്‍ക്കും പുതിയ പട്ടയങ്ങള്‍ നല്‍കുന്നതിനുള്ള നടപടിയുണ്ടാകും. അതിനായി കെഡിഎച്ച് വില്ലേജുകളിലെ അപേക്ഷകളിന്മേലുള്ള അസൈന്‍മെന്റ് റിപ്പോര്‍ട്ടുകള്‍ പ്രത്യേക അന്വേഷണസംഘം തയാറാക്കി തഹസില്‍ദാര്‍ മുഖേന ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്.

‍രവീന്ദ്രൻ പട്ടയം

ദേവികുളം അഡീഷണൽ തഹസിൽദാറായിരുന്ന എം ഐ രവീന്ദ്രൻ അനുവദിച്ച 530 വ്യാജ പട്ടയങ്ങളാണ് ‘രവീന്ദ്രൻ പട്ടയങ്ങൾ’ എന്നറിയപ്പെടുന്നത്. ഇതിന് പുറമെ രവീന്ദ്രന്റെ പേരിൽ വ്യാജ ഒപ്പിട്ട് ആയിരക്കണക്കിന് പട്ടയങ്ങൾ ദേവികുളത്ത് വിതരണം ചെയ്തതായി വിജിലൻസ് കണ്ടെത്തുകയും ചെയ്തു. ഭൂപതിവ് നിയമം അനുസരിച്ച് പട്ടയത്തിൽ ഒപ്പു വയ്ക്കാനും പട്ടയം അനുവദിക്കാനുമുള്ള അധികാരം ഉള്ളത് തഹസിൽദാർമാർക്കാണ്. എന്നാ­ൽ ചട്ടത്തിന് വിരുദ്ധമായി അഡീഷണൽ തഹസിൽദാറായിരുന്ന എം ഐ രവീന്ദ്രൻ ഭൂമി പതിച്ചു നൽകിയതിലൂടെ ആണ് പട്ടയങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞത്.

ENGLISH SUMMARY:Raveendran pat­tayam cancelled
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.