
വീണ്ടും നിരക്ക് കുറച്ച് സാമ്പത്തിക വര്‍ഷത്തെ രണ്ടാമത്തെ പണനയം ആര്‍ബിഐ പ്രഖ്യാപിച്ചു.അടിസ്ഥാന പലിശ നിരക്കായ റിപ്പോയില്‍ അര ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇതോടെ റിപ്പോ നിരക്ക് 5.50 ശതമാനമായി. പണപ്പെരുപ്പം കുറയുന്നതോടൊപ്പം വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കേണ്ട സാഹചര്യവും കണക്കിലെടുത്താണ് തുടര്‍ച്ചയായി മൂന്നാം തവണയും നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായത്. വിപണിയില്‍ പണലഭ്യത ഉറപ്പാക്കുന്നതിന് കരുതല്‍ ധനാനുപാതം (സിആര്‍ആര്‍) ഒരു ശതമാനം കുറച്ചു.
നിലവിലെ നാല് ശതമാനത്തില്‍നിന്ന് മൂന്ന് ശതമാനായാണ് താഴ്ത്തിയത്. നാല് ഘട്ടമായാണ് ഇത് നടപ്പാക്കുകയെന്നും ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. സെപ്റ്റംബര്‍ ആറ്, ഒക്ടോബര്‍ നാല്, നവംബര്‍ 1, നവംബര്‍ 29 എന്നിങ്ങനെയാകും സിആര്‍ആര്‍ കുറയ്ക്കുക. ഒരോ ഘട്ടത്തിലും കാല്‍ ശതമാനംവീതം.നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തില്‍ ആര്‍ബിഐ നിലനിര്‍ത്തി. ഒന്നാം പാദത്തില്‍ 6.5ശതമാനവും രണ്ടാം പാദത്തില്‍ 6.7 ശതമാനവും മൂന്നാം പാദത്തില്‍ 6.6 ശതമാനവും നാലാം പാദത്തില്‍ 6.3 ശതമാനവും വളര്‍ച്ചനേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി പണപ്പെരുപ്പം നാല് ശതമാനമെന്ന ലക്ഷ്യത്തിന് താഴെയായി തുടരുകയാണ്.
വരുംമാസങ്ങളില്‍ പണപ്പെരുപ്പം കുറയാനുള്ള സാധ്യതയും ആര്‍ബിഐ പരിഗണിച്ചു. ആഗോള തലത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ സമ്പദ്ഘടനയ്ക്ക് അടിയന്തര ഉത്തേജനം നല്‍കേണ്ട സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. ഇതോടെ മൂന്ന് തവണയായി റിപ്പോ നിരക്കില്‍ ഒരു ശതമാനമാണ് കുറവ് വരുത്തിയത്. വായ്പാ-നിക്ഷേപ പലിശകളില്‍ നിരക്ക് കുറവ് ഉടനെ പ്രതിഫലിക്കും. ആര്‍ബിഐ നിരക്ക് കുറച്ചതോടെ ഓഹരി വിപണി നേട്ടത്തിലെത്തി. സെന്‍സെക്‌സ് 500 പോയന്റിലേറെ ഉയര്‍ന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.