
ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലുമെല്ലാം സ്വര്‍ണവില പിടിവിട്ട് കുതിക്കുന്നതിനിടെ വാങ്ങിക്കൂട്ടിയവരില്‍ പ്രധാനി ഇന്ത്യയുടെ സ്വന്തം കേന്ദ്രബാങ്ക്. കരുതല്‍ ശേഖരത്തില്‍ സ്വര്‍ണ വിഹിതം 11.4 ശതമാനമായി ഉയര്‍ന്നു. 2024ല്‍ സ്വര്‍ണം വാങ്ങികൂട്ടിയ കേന്ദ്ര ബാങ്കുകളില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്. താരിഫ് യുദ്ധവും ആഗോള സംഘര്‍ഷാവസ്ഥയും വിപണി ചാഞ്ചാട്ടവും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ ശേഖരം കൂട്ടാന്‍ കേന്ദ്രബാങ്കുകളെ പ്രേരിപ്പിച്ചു.
2025 ഫെബ്രുവരിയിലെ കണക്ക് അനുസരിച്ച് റിസര്‍വ് ബാങ്കിന്റെ മൊത്തം സ്വര്‍ണ ശേഖരം 879 ടണ്‍ ആണ്. ആഗോളവിപണിയില്‍ നിലവിലെ വിലയായ ട്രോയ് ഔണ്‍സിന് 3,300 ഡോളറില്‍ ഏകദേശം 97 ബില്യണ്‍ ഡോളര്‍ വിലമതിക്കും. അതായത് ഏകദേശം എട്ടു ലക്ഷം കോടി രൂപ. ഇന്ത്യയുടെ മൊത്തം കരുതൽ ശേഖരത്തിൽ സ്വർണ്ണത്തിന്റെ പങ്ക് ഏതാണ്ട് ഇരട്ടിയായി ഉയര്‍ന്നതായും ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞവര്‍ഷം സ്വർണം വാങ്ങുന്ന കാര്യത്തിൽ ലോകത്തിലെ രണ്ടാമത്തെ കേന്ദ്ര ബാങ്കായി ആർബിഐ മാറി. 2024 കലണ്ടർ വർഷത്തിൽ ഇന്ത്യ 72.6 ടൺ സ്വർണം വാങ്ങിയെന്നും ഇത് മൊത്തം സ്വർണ കരുതൽ ശേഖരം ഒമ്പത്ശതമാനം വർധിപ്പിച്ചുവെന്നും വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകള്‍ പറയുന്നു. 2023ല്‍ വാങ്ങിയ 16 ടണ്ണിന്റെ നാലിരട്ടിയിലധികം വരുമിത്. 2024 വർഷത്തിലെ 12 മാസങ്ങളിൽ 11 എണ്ണത്തിലും ആർബിഐ സ്വർണം വാങ്ങി. ഇതോടെ കരുതല്‍ ശേഖരത്തിലെ സ്വര്‍ണ വിഹിതം 2023ലെ 8.6 ശതമാനത്തില്‍ നിന്ന് 11 ശതമാനത്തിന് മുകളിലെത്തുകയായിരുന്നു. 2019ല്‍ വെറും 6.7 ശതമാനമായിരുന്നു കരുതല്‍ ശേഖരത്തിലെ സ്വര്‍ണ വിഹിതമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 2025 ജനുവരിയിലും ഫെബ്രുവരിയിലുമായി ആര്‍ബിഐ കരുതല്‍ ശേഖരത്തില്‍ 2.8 ടണ്‍ സ്വര്‍ണം കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തില്‍ മറ്റ് കേന്ദ്ര ബാങ്കുകളും തങ്ങളുടെ കരുതല്‍ ശേഖരത്തില്‍ വന്‍ തോതില്‍ സ്വര്‍ണം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രതിവര്‍ഷം 1000 ടണ്ണിലധികം സ്വര്‍ണമാണ് കേന്ദ്ര ബാങ്കുകള്‍ വാങ്ങുന്നത്. 2022ല്‍ 1,082 ടണ്‍, 2023ല്‍ 1,037 ടണ്‍, 2024ല്‍ 1,045 ടണ്‍ എന്നിങ്ങനെയായിരുന്നു റെക്കോഡ് വാങ്ങലുകള്‍. ആഗോള തലത്തില്‍ 2024ല്‍ പോളണ്ടാണ് ഏറ്റവും കൂടുതല്‍ സ്വർണം വാങ്ങിയത്, 89.54 ടണ്‍. 2025 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ആഗോള കേന്ദ്ര ബാങ്കുകളുടെ വാങ്ങലുകള്‍ ആകെ 44 ടണ്‍ ആണെന്നും കണക്കുകളിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.