19 December 2025, Friday

Related news

December 19, 2025
December 9, 2025
December 5, 2025
December 2, 2025
November 30, 2025
November 25, 2025
November 3, 2025
November 3, 2025
October 26, 2025
October 18, 2025

ബാങ്കിങ് തട്ടിപ്പ് മൂന്നിരട്ടിയായെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
May 31, 2025 10:33 pm

2024–25 സാമ്പത്തിക വര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബാങ്ക് തട്ടിപ്പുകളുടെ എണ്ണം കുറഞ്ഞെങ്കിലും തട്ടിപ്പുകളുടെ മൂല്യം മുന്‍വര്‍ഷത്തെക്കാള്‍ മൂന്നിരട്ടിയായെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തവണ 23,953 തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2023–24 ല്‍ 36,060 ആയിരുന്നു എണ്ണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തട്ടിയെടുത്ത തുക 12,230 കോടിയായിരുന്നത് ഇക്കൊല്ലം 36,014 കോടിയായി. തട്ടിപ്പുകള്‍ നിര്‍ണയിക്കും മുമ്പ് സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ പാലിക്കണമെന്ന് 2023 മാര്‍ച്ചില്‍ സുപ്രീം കോടതി വിധിച്ചതോടെ മുമ്പ് പിന്‍വലിച്ച 122 കേസുകള്‍ പുനഃസ്ഥാപിച്ചതാണ് തുക ഇത്രയും വര്‍ധിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. കോടതി വിധിയെത്തുടര്‍ന്ന് പഴയ കേസുകള്‍ തരംതിരിച്ചതും മൂല്യവര്‍ധനവിന് കാരണമായി. 

ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടന്നത് സ്വകാര്യ ബാങ്കുകളിലാണ്, 14,233 കേസുകള്‍. എന്നാല്‍ തട്ടിപ്പിനിരയായ തുക 28 ശതമാനം മാത്രമാണ്. പൊതുമേഖലാ ബാങ്കുകളില്‍ നടന്ന 6,935 തട്ടിപ്പുകളില്‍ നിന്നാണ് 71 ശതമാനം തുകയും നഷ്ടപ്പെട്ടത്. വിദേശ ബാങ്കുകള്‍, പേയ്മെന്റ് ബാങ്കുകള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ ഒരു ശതമാനം തട്ടിപ്പാണ് റിപ്പോര്‍ട്ട് ചെയ്തത്. വായ്പയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ മൂല്യത്തിന്റെ 92 ശതമാനമാണെന്ന് ആര്‍ബിഐ പറഞ്ഞു. 33 ശതമാനം കേസുകളും ഇത്തരത്തിലുള്ളതാണ്. ഡിജിറ്റല്‍ പണമിടപാട് തട്ടിപ്പുകളാണ് കൂടുതലും നടക്കുന്നത്. മൊത്തം കേസുകളില്‍ 56.5 ശതമാനം വരുമിത്, മൂല്യത്തിന്റെ 1.4 ശതമാനവും. നിക്ഷേപം, ഫോറെക്സ്, ഇന്റര്‍ — ബ്രാഞ്ച് അക്കൗണ്ട് തട്ടിപ്പുകള്‍ താരതമ്യേന ചെറുതായിരുന്നു. എംപാനല്‍ ചെയ്ത സ്ഥാപനങ്ങളുടെ സൈബര്‍ സുരക്ഷാ ഓഡിറ്റിന് വിധേയമാകാന്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ പേയ്മെന്റ് സുരക്ഷാ നടപടികള്‍ നടപ്പിലാക്കാനും നഗര സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. തട്ടിപ്പുകളെക്കുറിച്ചുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം, സംശയാസ്പദമായ അക്കൗണ്ടുകളെ കുറിച്ച് അന്വേഷണം നടത്തണം, സ്വാഭാവിക നീതി മാനദണ്ഡങ്ങള്‍ കൃത്യമായും പാലിക്കണം എന്നും നിര്‍ദേശിച്ചു.
2025–26 വര്‍ഷത്തേക്ക്, തട്ടിപ്പുകള്‍ നിരീക്ഷിക്കുന്നതിനും ഡിജിറ്റല്‍ സേവന സമയം വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക സ്ഥാപനങ്ങളില്‍ സൈബര്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഡിജിറ്റല്‍ ഫോറന്‍സിക് സന്നദ്ധതയെക്കുറിച്ച് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിനുമായി ആര്‍ബിഐ തത്സമയ ഡിജിറ്റല്‍ ഡാഷ്ബോര്‍ഡുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നുണ്ട്. കൂടാതെ എഐ അടിസ്ഥാനമാക്കിയ സൗകര്യങ്ങളും നടപ്പാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.