5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 6, 2024
October 9, 2024
October 8, 2024
September 17, 2024
August 22, 2024
August 8, 2024
July 26, 2024
June 7, 2024
May 31, 2024

ആർബിഐ പഠന റിപ്പോർട്ട് : ബാങ്ക് സ്വകാര്യവല്‍ക്കരണത്തിനേറ്റ തിരിച്ചടി

കെ ജി ശിവാനന്ദൻ
September 20, 2022 5:30 am

രാജ്യത്തെ മുഴുവൻ പൊതുമേഖലാ സംരംഭങ്ങളും സ്വകാര്യവല്ക്കരിക്കാനുള്ള നയം പ്രഖ്യാപിച്ചിട്ടുള്ള സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈന്‍ പദ്ധതി അതിന്റെ ഒരു ഭാഗമാണ്. ബാങ്കുകളുടെ സ്വകാര്യവല്ക്കരണവും സർക്കാർ നയമാണ്. നവലിബറൽ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കാൻ മത്സരിക്കുന്ന മോഡി സർക്കാർ ദേശസാൽകൃത ബാങ്കുകളെയെല്ലാം ലയിപ്പിക്കുവാൻ തിരക്ക് കൂട്ടുന്നു. ഇന്ത്യയിൽ പൊതുമേഖലയിലുണ്ടായിരുന്ന 28 ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങിക്കഴിഞ്ഞു. ഇതിൽനിന്നും രണ്ട് ബാങ്കുകളെ സ്വകാര്യവല്ക്കരിക്കുമെന്നാണ് 2021–22 ലെ കേന്ദ്ര ബജറ്റവതരണവേളയിൽ ധനമന്ത്രി പ്രഖ്യാപിച്ചത്. അതിന് ആക്കം കൂട്ടുന്നതിന് റിസർവ് ബാങ്കിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവല്ക്കരണത്തിന്റെ പ്രതിവിധിയെന്തെന്ന് അന്വേഷിക്കാൻ ആർബിഐ നിർബന്ധിതമായി. റിസർവ് ബാങ്കിന്റെ രാഷ്ട്രീയ, സാമ്പത്തിക ഗവേഷണ മേഖലയിലെ വിദഗ്ധരെ ഇതിനായി നിയോഗിച്ചു. സ്നേഹൽ എസ് ഹർവാദ് കർ, സൊണാലി ഗോൾ, റിഷുക ബൻസാൽ എന്നിവർ ചേർന്ന് സംയുക്തമായി തയാറാക്കിയ പഠന ഗവേഷണ റിപ്പോർട്ട്, ആർബിഐ ബുള്ളറ്റിനിൽ ഓഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ ലേഖനത്തിന്റെ ഉള്ളടക്കം പല മാധ്യമങ്ങളിലും വാർത്തയായി വന്നു. അതിനു ശേഷം ലേഖനത്തെ തള്ളിപ്പറയാൻ കേന്ദ്ര ധനമന്ത്രാലയം റിസർവ് ബാങ്കിന്റെ അധികാരികളെ നിർബന്ധിച്ചുവെന്നാണ് അറിയാൻ കഴിഞ്ഞത്.

ആർബിഐ ചീഫ് ജനറൽ മാനേജർ, ലേഖനത്തിന്റെ ഉള്ളടക്കത്തിനുത്തരവാദികൾ ഗവേഷകരാണെന്ന് സൂചിപ്പിച്ചു കൊണ്ടുള്ള ഒരു പത്രക്കുറിപ്പ് 2022 ഓഗസ്റ്റ് 19 ന് മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമായി, ലേഖനം സർക്കാരിന്റെ നയത്തിനേറ്റ തിരിച്ചടിയാണ്. നവലിബറൽ സാമ്പത്തിക നയങ്ങൾ ബാങ്കിങ് മേഖലയിൽ വരുത്തിയ മാറ്റങ്ങൾ ലേഖനം പരിശോധിച്ചു പോകുന്നുണ്ട്. 1990നു ശേഷം ലോക ശരാശരി നോക്കുമ്പോൾ 1955ൽ വികസിത രാജ്യങ്ങളിൽ ബാങ്കുകളിലുണ്ടായിരുന്ന സർക്കാർ ഓഹരി ഏകദേശം 40 ശതമാനമായിരുന്നു. 2008 ആകുമ്പോൾ അത് 17 ശതമാനമായി കുറഞ്ഞു. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ 10 ശതമാനത്തിലേക്കും താഴ്‌ന്നു. 2008ലെ സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി പല രാജ്യങ്ങളും നിലപാടുകളിൽ മാറ്റം വരുത്തി. പിടിച്ചു നിൽക്കാനായി ബാങ്കുകളിലെ സർക്കാർ ഓഹരികൾ വർധിപ്പിച്ചു. ഐസ്‌ലാന്‍ഡ്, കസാഖ്സ്ഥാന്‍, ഇംഗ്ലണ്ട്, വെനസ്വേല തുടങ്ങിയ രാജ്യങ്ങളെ ഉദാഹരണമായി ലേഖനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ സ്വകാര്യവല്ക്കരണം ചെലുത്തിയ സ്വാധീനത്തെ സംബന്ധിച്ചും ബാങ്കിങ് മേഖലയിൽ ഉണ്ടായ പരിവർത്തനത്തെക്കുറിച്ചും റിപ്പോര്‍ട്ട് ചർച്ച ചെയ്യുന്നു.


ഇതുകൂടി വായിക്കൂ:  വികസന മേഖലാ നയങ്ങള്‍ – അഴിച്ചുപണി അനിവാര്യം


ബാങ്കുകളെ ലയിപ്പിച്ച് പൊതുമേഖലാ ബാങ്കുകളുടെ എണ്ണം കുറയ്ക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് കൂടുതൽ ബാങ്കുകൾ ലയിച്ചിട്ടുള്ളത്. വേഗത്തിലുള്ള സ്വകാര്യവല്ക്കരണം ലക്ഷ്യമിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. സാമൂഹ്യ നീതി പ്രദാനം ചെയ്യുന്നതിൽ വലിയ പങ്കാണ് പൊതുമേഖലാ ബാങ്കുകൾ വഹിച്ചിട്ടുള്ളതെന്നും ലേഖനം നിരീക്ഷിക്കുന്നു. 1980കളിൽ എ ബി അഖിൻസൺ, ജോസഫ് സ്റ്റിഗ്ലിറ്റ്സ് പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞർ സർക്കാർ ഉടമസ്ഥതയുടെ പ്രാധാന്യം എടുത്ത് പറഞ്ഞിട്ടുള്ളവരാണ്. ആ പ്രചരണസ്വാധീനം ഇന്ത്യൻ ബാങ്കിങ് മേഖലയിലും ഉണ്ടായി. വികസനവും ക്ഷേമവും ലക്ഷ്യംവച്ചുള്ള പ്രവർത്തനമാണ് പൊതുമേഖലാ ബാങ്കുകൾ പ്രധാനമായും നിർവഹിച്ചത്. പാരിസ്ഥിതിക സംതുലനത്തിനുതകും വിധമുള്ള പ്രവർത്തനങ്ങളിലും പൊതുമേഖലാ ബാങ്കുകൾ വ്യാപൃതരായിരുന്നു. ഇന്ത്യക്കു പുറമെ മറ്റ് രാജ്യങ്ങളിലെ അനുഭവങ്ങളും ആർബിഐ റിപ്പോർട്ട് പങ്കുവയ്ക്കുന്നു. ചൈന, ബ്രസീൽ, ജർമ്മനി, ജപ്പാൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയാണ് ഉദാഹരണമായി ചൂണ്ടിക്കാണിക്കാനുള്ളത്. സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിൽ പൊതുമേഖലാ ബാങ്കുകൾ വഹിച്ച പങ്കിനെ സ്വകാര്യ മേഖലയിൽ നടക്കുന്ന പഠനങ്ങൾ കുറച്ചു കാണിക്കുകയും അവഗണിക്കുകയും ചെയ്യുന്നതായി പഠന റിപ്പോർട്ട് പരിതപിക്കുന്നു. ഇന്ത്യയിൽ സ്വകാര്യ മേഖലയിലെ വളർച്ചയ്ക്ക് പൊതുമേഖലാ ബാങ്കുകൾ വഹിച്ച പങ്കിനെ സംബന്ധിച്ച് തെളിവുകൾ നിരത്തിയാണ് ഗവേഷകർ വിവരിക്കുന്നത്.

രാജ്യത്തിന്റെ സമസ്ത മേഖലകളിൽ ഉണ്ടായ വളർച്ചയ്ക്ക് പൊതുമേഖല വഹിച്ച പങ്കും റിപ്പോര്‍ട്ട് വിശദീകരിച്ചു പോകുന്നുണ്ട്. ഗ്രാമങ്ങളിലും അർധ നഗരങ്ങളിലും താമസിക്കുന്ന ജനങ്ങളിൽ മഹാഭൂരിപക്ഷം പേരുടെയും അക്കൗണ്ടുകൾ പൊതുമേഖലാ ബാങ്കുകളിലാണുള്ളത്. സാമ്പത്തിക പുരോഗതിയുടെയും സാമൂഹ്യനീതിയുടെയും അടിസ്ഥാനം ഇതാണ്. ഗ്രാമീണ ജനതയിൽ നിന്ന് ചെറു സമ്പാദ്യങ്ങൾ സ്വീകരിക്കുകയും അതിനനുസരിച്ച് വായ്പകൾ നൽകുകയും ചെയ്യുന്നു. എന്നാൽ ഗ്രാമീണ മേഖലയിൽ സ്വകാര്യ ബാങ്കുകളുടെ ബിസിനസ് പ്രവർത്തനങ്ങൾക്ക് വേഗത കുറവാണ്. നഗര പ്രദേശങ്ങളിലും മെട്രോ പോളിറ്റൻ സിറ്റികളിലുമാണ് ഇവരുടെ പ്രവർത്തനം പ്രധാനമായും കേന്ദ്രീകരിച്ചിട്ടുള്ളത്. ഇലക്ട്രോണിക് സംവിധാനത്തിന്റെ ഭാഗമായ എടിഎം മാത്രം എടുത്തു നോക്കിയാൽ ഈ അന്തരം വ്യക്തമാകും. ഗ്രാമീണ മേഖലയിൽ സ്വകാര്യമേഖലാ ബാങ്കിനെ അപേക്ഷിച്ച് പൊതുമേഖലാ ബാങ്കിന്റെ എടിഎം സംവിധാനങ്ങള്‍ ഇരട്ടിയാണ്. പ്രചരണ സന്നാഹങ്ങളോടെ നടപ്പാക്കിയ പ്രധാനമന്ത്രി ജൻധൻ യോജന സേവിങ്സ് അക്കൗണ്ടുകൾ 2022 ജൂലൈ മാസത്തിലെ പരിശോധന റിപ്പോര്‍ട്ട് പ്രകാരം 45.95 കോടിയാണ്. ഇതിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം 1.3 കോടി മാത്രം. സ്വകാര്യ ബാങ്കുകൾ അവരുടെ നിക്ഷേപത്തിന്റെ പരമാവധി 40 ശതമാനം പണമാണ് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കായി ചെലവഴിക്കുന്നതെന്ന് പറയുന്നു. ഇതിൽ തന്നെ കാർഷിക മേഖലയ്ക്കായി നീക്കിവയ്ക്കപ്പെടുന്നത് 20 ശതമാനം മാത്രം.


ഇതുകൂടി വായിക്കൂ:വിപണിയിടപെടലിനുള്ള വിപുല സജ്ജീകരണങ്ങള്‍ 


പൊതുമേഖലാ ബാങ്കുകളുടെ കാര്യക്ഷമതയെ സംബന്ധിച്ചുള്ള പഠനവും ഗവേഷകർ നടത്തുകയുണ്ടായി. ആർബിഐ നിർദ്ദേശിച്ചിട്ടുള്ള ഡാറ്റ എൻവലപ്പ്മെന്റ് അനാലിസിസ് (ഡിഇഎ) പഠനരീതിയാണ് ഉപയോഗിച്ചിട്ടുള്ളത്. സ്വകാര്യമേഖലാ ബാങ്കുകൾ ലാഭ കേന്ദ്രീകൃതമായാണ് പ്രവർത്തിക്കുന്നത്. പൊതുമേഖലാ ബാങ്കുകളാകട്ടെ ജനങ്ങൾക്ക് സാമ്പത്തിക സേവനങ്ങൾ എത്തിക്കുന്നതിന് മുൻഗണന നൽകുന്നു. സാമ്പത്തിക മാന്ദ്യം നേരിടാൻ പൊതുമേഖലാ ബാങ്കുകൾ മുഖ്യ പങ്കാണ് വഹിച്ചത്. ഇക്കാര്യം ലോകബാങ്ക് തന്നെ അംഗീകരിച്ചിട്ടുണ്ട്. കൃഷിക്കും വ്യവസായത്തിനുള്ളതും വ്യക്തിഗതം എന്ന നിലയില്‍ നല്‍കുന്നതുമായ വായ്പകളിലെല്ലാം മികച്ച പ്രവർത്തനം നടത്തുന്നത് പൊതുമേഖലാ ബാങ്കുകളാണ്. ഇതുമൂലം ഉല്പാദനത്തിലും വികസനത്തിലും സാമ്പത്തിക അടിത്തറയായി പ്രവർത്തിക്കാൻ സാധിച്ചു. പരിശോധന നയം സുതാര്യതവും കാര്യപ്രാപ്തിയുള്ളതും വിജയകരവുമാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ സന്ദർഭത്തിൽ നിക്ഷേപത്തിലും വിനിയോഗത്തിലും കുറവുകൾ സംഭവിച്ചത് സ്വകാര്യമേഖലാ ബാങ്കുകളിലാണ്. പൊതുമേഖലാ ബാങ്കുകൾ ഈയവസരത്തിലും കാര്യക്ഷമമായി പ്രവർത്തിച്ചുകൊണ്ട് സാമൂഹ്യ ഉത്തരവാദിത്തം നിർവഹിച്ചു. ഇത് കാര്യക്ഷമതയുടെ തെളിവായി എടുത്തു കാട്ടുന്നു. ആഗോള സാമ്പത്തികമാന്ദ്യം ഉണ്ടായപ്പോൾ സ്വകാര്യ ബാങ്കുകളിലെ നിക്ഷേപത്തിലാണ് വളരെയധികം കുറവുണ്ടായത്. നേരെ മറിച്ച് പൊതുമേഖലാ ബാങ്കുകളിൽ നിക്ഷേപം വർധിക്കുന്ന സ്ഥിതിയുണ്ടായി.

നിക്ഷേപ വർധനവിന്റെ പ്രധാന കാരണമായി ഗവേഷകർ കാണുന്നത് പൊതുമേഖലാ ബാങ്കുകൾക്കുള്ള സർക്കാർ ഗ്യാരന്റിയാണ്. 2020ൽ സ്വകാര്യമേഖലയിലെ യെസ് ബാങ്ക്, ലക്ഷ്മി വികാസ് ബാങ്ക് എന്നിവിടങ്ങളിലുണ്ടായ നിക്ഷേപ ചോർച്ച ഇവയുടെ നിലനില്പ് അപകടത്തിലാകും വിധത്തിൽ പ്രതിസന്ധി സൃഷ്ടിച്ചു. സർക്കാരിന്റെയും ആർബിഐയുടെയും സഹായത്തോടെയാണ് പ്രതിസന്ധിയെ മറികടക്കാനായത്. നിക്ഷേപങ്ങൾ കൈവിട്ടു പോകാതിരിക്കാൻ ഉയർന്ന പലിശ പ്രഖ്യാപിച്ച് നിക്ഷേപ ചോർച്ചയടയ്ക്കാനുള്ള സ്വകാര്യ ബാങ്കുകളുടെ ശ്രമം വേണ്ടത്ര ഫലം കണ്ടില്ല. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാനായിട്ടുള്ളത് പൊതുമേഖലാ ബാങ്കുകൾക്കാണെന്ന് ആർബിഐയുടെ പഠനം വ്യക്തമാക്കിയിട്ടുണ്ട്. ഉയർന്ന വിഭവശേഷിയുടെ കാര്യത്തിലും പൊതുമേഖലാ ബാങ്കുകളാണ് മുന്നിൽ. സ്വകാര്യവല്ക്കരണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാഴ്ചപ്പാടല്ല, ആഴത്തിലുള്ള പഠനത്തിലൂടെയും അനുഭവത്തിലൂടെയും മാത്രമെ അതിലേക്ക് പ്രവേശിക്കാവു എന്നാണ് ആർബിഐ പഠന റിപ്പോർട്ടിൽ പറയുന്നത്. ലാഭ കേന്ദ്രീകൃതമായി മാത്രം പ്രവർത്തിക്കുന്ന സ്വകാര്യമേഖലയ്ക്ക് പൊതു സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവർത്തനത്തിലെ പങ്ക് നിരാശാജനകമാണ്. ജനങ്ങൾക്കുവേണ്ടി സാമ്പത്തിക പ്രതിരോധം തീർക്കാൻ മുന്നിൽ നിൽക്കുന്നതും പ്രവർത്തനമികവ് കാണിക്കുന്നതും പൊതുമേഖലാ ബാങ്കുകളാണ്. കോവിഡ് 19 മഹാമാരിയുടെ ആഘാത ഘട്ടത്തിലും ജനങ്ങൾക്ക് ആശ്വാസ പരിപാടികൾ ആവിഷ്കരിച്ചും സമ്പദ്ഘടനയിൽ ഉണർവ് വരുത്തുന്ന പ്രവർത്തനം കാഴ്ചവച്ചും മുന്നിൽ നിന്നതും ദേശസാൽകൃത ബാങ്കുകൾ ആണ്. മറ്റു നിർദ്ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടു വയ്ക്കുന്നുണ്ട്.


ഇതുകൂടി വായിക്കൂ: പുറം കരാര്‍ അനുബന്ധ സംരംഭം എസ്ബിഐ ഉപേക്ഷിക്കണം  


കിട്ടാക്കടങ്ങളാൽ നട്ടം തിരിയുന്ന ബാങ്കുകളുടെ ബാലൻസ് ഷീറ്റ് പരിശോധിച്ച്, മോശം വായ്പകൾ ക്ലിയർ ചെയ്യുന്നതിനായി നാഷണൽ അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് (എന്‍എആര്‍സിഎല്‍) സ്ഥാപനത്തെ പ്രയോജനപ്പെടുത്താവുന്നതാണ്. അടിസ്ഥാന സൗകര്യ വികസനത്തിനുവേണ്ടി ഒരു ബദൽ ചാനൽ എന്ന നിലയിൽ നാഷണൽ ബാങ്ക് ഫോർ ഫിനാൻസിങ് ഇൻഫ്രാസ്ട്രക്ചർ ആന്റ് ഡെവലപ്പ്ന്റ് (എന്‍എബിഎഫ്ഐഡി) രൂപീകരിക്കണമെന്നും നിർദ്ദേശിക്കുന്നു. പൊതുമേഖലാ ബാങ്കുകളുടെ ആസ്തി-ബാധ്യതകളുടെ പോരായ്മകൾ കുറച്ചു കൊണ്ടുവരുവാൻ ഇത് സഹായിക്കും. ബാങ്കിങ് മേഖലയിൽ നടപ്പാക്കുന്ന ഏതു പരിഷ്കാരങ്ങളും പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാകണമെന്നും റിപ്പോ‍‍ര്‍ട്ടില്‍ അഭിപ്രായപ്പെടുന്നു. മഹാ ലയനങ്ങളിലൂടെ പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതെന്ന് പറയുന്നു. അതിലൂടെ ആഗോള തലത്തിൽ ശക്തിയുള്ളതും ഊർജസ്വലമായതും മത്സരശേഷിയുള്ളതുമായ ബാങ്കുകളാക്കി മാറ്റാമെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം. ഇതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഒരു അജണ്ടയുണ്ട്. ദേശസാൽകൃത ബാങ്കുകളുടെ സ്വകാര്യവല്ക്കരണമാണ് സർക്കാർ ലക്ഷ്യം. കേന്ദ്ര സർക്കാരിന്റെ ആ നീക്കത്തിനുള്ള തിരിച്ചടിയാണ് ആർബിഐ ഗവേഷകർ തയാറാക്കി, റിസർവ് ബാങ്കിന്റെ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.