5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 6, 2024
October 9, 2024
October 8, 2024
September 17, 2024
August 22, 2024
August 8, 2024
July 26, 2024
June 7, 2024
May 31, 2024

ആര്‍ബിഐയുടെ അപ്രതീക്ഷിത ഇടപെടല്‍: മിന്നലാക്രമണം

Janayugom Webdesk
ന്യൂഡൽഹി
May 4, 2022 11:03 pm

അസാധാരണ ഇടപെടലിലൂടെ റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധിപ്പിച്ചു. ഈ നിരക്ക് ഉയരുന്നതോടെ ബാങ്കുകൾ വിവിധ ലോണുകളുടെ പലിശ നിരക്കുകളും വർധിപ്പിക്കും. ഇത് വായ്പയെടുക്കുന്ന സാധാരണക്കാർക്ക് തിരിച്ചടിയാകും. റിപ്പോ നിരക്കിലെ മാറ്റം ഓഹരി വിപണികളിലും ചലനങ്ങളുണ്ടാക്കും.

റിപ്പോ നിരക്കുകളിൽ 40 ബേസിസ് പോയിന്റിന്റെ വർധനയാണ് വരുത്തിയത്. ഇതോടെ നിരക്കുകൾ നിലവിലെ നാല് ശതമാനത്തിൽ നിന്ന് 4.4 ശതമാനമായി ഉയരും. സാധാരണയായി അഞ്ച് മുതൽ 10 ബേസിസ് പോയിന്റുകളാണ് ആർബിഐ റിപ്പോ നിരക്ക് ഉയർത്താറുള്ളത്. ഇത്തവണ 40 ബിപിഎസ് ഉയർത്തുന്നതോടെ ബാങ്കുകൾ നൽകുന്ന വായ്പകൾക്കു് അതേനിരക്കിൽ പലിശ വർധിക്കും. സ്ഥിര നിക്ഷേപം നടത്തുന്നവർക്ക് നേട്ടമുണ്ടാകുമെങ്കിലും വീട്, വാഹനം തുടങ്ങിയവയുൾപ്പെടെ ചെറുകിട വായ്പയെടുത്തിട്ടുള്ളവർ അധിക പലിശ നല്കേണ്ടി വരും.

സാധാരണ ധനനയ യോഗത്തിലാണ് ആർബിഐ അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്താറുള്ളത്. എന്നാൽ പണപ്പെരുപ്പം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് അടിയന്തര തീരുമാനമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് മാധ്യമങ്ങളെ അറിയിച്ചു. സ്റ്റാൻഡിങ് ഡിപ്പോസിറ്റ് ഫെസിലിറ്റി, മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി നിരക്കുകളിലും മാറ്റമുണ്ട്. എസ്ഡിഎഫ് 4.15 ശതമാനവും, എംഎസ്എഫ് 4.65 ശതമാനവും ആകും. കരുതൽധന അനുപാതം 50 ബേസിസ് പോയിന്റും വർധിപ്പിച്ചു. പുതിയ നിരക്കുകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം അറിയിച്ചു.

നിലവിൽ റിപ്പോ നിരക്ക് 2020 മേയ് മുതൽ ഇതുവരെ നാല് ശതമാനത്തിൽ തുടരുകയായിരുന്നു. റഷ്യ‑ഉക്രെയ്ൻ സംഘർഷം, എണ്ണവിലയിലെ കുതിപ്പ്, അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവ രാജ്യത്തെ സമ്പദ്ഘടനയെ സ്വാധീനിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം എന്ന് ആർബിഐ ഗവർണർ പറഞ്ഞു. അടിസ്ഥാന നിരക്കുകളിൽ 40 ബേസിസ് പോയിന്റിന്റെ വർധന വരുത്തിയ സാഹചര്യത്തിൽ ബാങ്കുകളുടെ പലിശ നിരക്കുകളിൽ 25 ബേസിസ് പോയിന്റെങ്കിലും വർധിപ്പിക്കുമെന്നാണു വിലയിരുത്തൽ. ഇത് ഇഎംഐ ഉയരാൻ ഇടയാക്കും. നിക്ഷേപ പലിശയും ഉയർത്താൻ സാധ്യതയുണ്ട്.

കഴിഞ്ഞ ധനനയത്തിൽ ആർബിഐ റിപ്പോ നിരക്കുകൾ വർധിപ്പിക്കുമെന്ന വിശ്വാസത്തിൽ ബാങ്കുകൾ നിക്ഷേപ, വായ്പ നിരക്കുകൾ 10 ബേസിസ് പോയിന്റ് വരെ വർധിപ്പിച്ചിരുന്നു. എന്നാൽ നിരക്കു വർധന അടുത്ത യോഗത്തിൽ പരിഗണിക്കാമെന്നായിരുന്നു ആർബിഐ നിലപാട്. ബാങ്കുകൾക്ക് കേന്ദ്ര ബാങ്ക് വായ്പ നൽകുന്ന നിരക്കാണ് റിപ്പോ. വിപണിയിലെ അധിക പണം തിരിച്ചെടുക്കാൻ റിസർവ് ബാങ്ക് ഹ്രസ്വകാലത്തേക്ക് ബാങ്കുകളിൽ നിന്ന് പണം കടമെടുക്കുന്നതിനുള്ള നിരക്കാണ് റിവേഴ്സ് റിപ്പോ. 2018ന് ശേഷം ആദ്യമായാണ് റിപ്പോ നിരക്ക് വർധിപ്പിക്കുന്നത്.

കാരണം പണപ്പെരുപ്പം

വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനാണ് റിപ്പോ നിരക്ക് വർധിപ്പിക്കുന്നതിലൂടെ ആര്‍ബിഐ ലക്ഷ്യമിടുന്നത്. ഏപ്രിൽ മാസത്തെ പണപ്പെരുപ്പ റിപ്പോർട്ട് പുറത്തുവരാനിരിക്കെയാണ് ആർബിഐയുടെ അടിയന്തര ഇടപെടൽ. ഏപ്രിലിൽ പണപ്പെരുപ്പം കുതിക്കുമെന്നും റിസർവ് ബാങ്ക് മുന്നറിയിപ്പ് നല്കുന്നു. 2022 മാര്‍ച്ചില്‍ ഉപഭോക്തൃ വില സൂചികയിലെ പണപ്പെരുപ്പം ഏഴ് ശതമാനമായി ഉയര്‍ന്നതിന് കാരണം ഭക്ഷ്യവിലക്കയറ്റമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ് ചൂണ്ടിക്കാട്ടി. 12 ഭക്ഷ്യ ഉപഗ്രൂപ്പുകളില്‍ ഒമ്പതും മാര്‍ച്ച് മാസത്തില്‍ പണപ്പെരുപ്പത്തില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു.

 

ഓഹരി വിപണി കൂപ്പുകുത്തി

മുംബൈ: റിസര്‍വ് ബാങ്കിന്റെ അപ്രതീക്ഷിത തീരുമാനത്തില്‍ ഓഹരിവിപണി കൂപ്പുകുത്തി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എല്‍ഐസി ഐപിഒയ്ക്കും വിപണിയെ രക്ഷിക്കാനായില്ല. ബിഎസ്ഇ സെൻസെക്സ് 1,306.96 പോയിന്റ് അഥവാ 2.29 ശതമാനം ഇടിഞ്ഞ് 55,669.03 ൽ ക്ലോസ് ചെയ്തു. എൻഎസ്ഇ നിഫ്റ്റി 391.50 പോയിന്റ് അഥവാ 2.29 ശതമാനം ഇടിഞ്ഞ് 16,677.60 ൽ അവസാനിച്ചു.

സെന്‍സെക്സില്‍ ബാങ്കിങ്, എന്‍ബിഎഫ്‌സി, ഹൗസിങ് ഫിനാന്‍സ്, ഓട്ടോ, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകള്‍ കനത്ത നഷ്ടം രേഖപ്പെടുത്തി. ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ടൈറ്റന്‍ എന്നിവ നാല് ശതമാനം വീതം ഇടിഞ്ഞു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്സ്, മാരുതി എന്നിവയാണ് മൂന്ന് ശതമാനത്തോളം നഷ്ടം നേരിട്ട മറ്റ് കമ്പനികള്‍. ഹെല്‍ത്ത് കെയര്‍, ടെലികോം, ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്സ്, മെറ്റല്‍, റിയാലിറ്റി സൂചികകളും 2–3 ശതമാനം വീതം ഇടിഞ്ഞു.

 

Eng­lish Sum­ma­ry: RBI Unex­pect­ed Inter­ven­tion: Light­ning Strike

You may like this video also

TOP NEWS

January 5, 2025
January 5, 2025
January 5, 2025
January 5, 2025
January 4, 2025
January 4, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.