
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയിൽ നടന്ന ബാങ്ക് തട്ടിപ്പുകളിലൂടെ നഷ്ടമായത് 4.98 ലക്ഷം കോടി രൂപയാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോർട്ട്. ഇതിൽ 90 ശതമാനവും വൻകിട കോർപ്പറേറ്റുകൾ നടത്തിയ വായ്പാ തട്ടിപ്പുകളാണെന്നതാണ് ഏറ്റവും ഗൗരവകരമായ വശം. ഡിസംബർ 29‑ന് പുറത്തിറക്കിയ 2024–25 സാമ്പത്തിക വർഷത്തിലെ ബാങ്കിങ് പ്രവണതയും പുരോഗതിയും സംബന്ധിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. പ്രധാനമായും ‘അഡ്വാൻസ്’ വിഭാഗത്തിലാണ് വൻതോതിൽ ക്രമക്കേട് നടക്കുന്നതെന്ന് ആര്‍ബിഐ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ക്യാഷ് ക്രെഡിറ്റ്, ടേം ലോണുകൾ, ബില്ലുകൾ എന്നിവ വഴിയാണ് വൻകിട കമ്പനികൾ ബാങ്കുകളെ കബളിപ്പിക്കുന്നത്. തിരിച്ചടവ് ഉറപ്പാക്കാതെയും വ്യാജ രേഖകൾ ചമച്ചും ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയും വായ്പകൾ സംഘടിപ്പിക്കുന്നു.
2016 മുതൽ 2025 വരെയുള്ള കാലയളവിൽ അഡ്വാൻസ് വായ്പയായി മാത്രം 4.55 ലക്ഷം കോടി രൂപ വിതരണം ചെയ്തു. മൊത്തം നഷ്ടപ്പെട്ട 4.98 ലക്ഷം കോടിയുടെ 91.4 % വരും ഇത്. പഞ്ചാബ് നാഷണൽ ബാങ്ക്, യെസ് ബാങ്ക്, ഐസിഐസിഐ തുടങ്ങിയ പ്രമുഖ ബാങ്കുകളും ലക്ഷ്മി വിലാസ് ബാങ്ക്, ഐഎൽ ആൻഡ് എഫ്എസ്, എച്ച്ഡിഐഎൽ, ഡിഎച്ച്എഫ്എൽ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുമാണ് പ്രധാനമായും തട്ടിപ്പിനിരയായത്. ഉന്നത ഉദ്യോഗസ്ഥരും കോർപ്പറേറ്റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പലപ്പോഴും ഇത്തരം കുറ്റകൃത്യങ്ങൾ പുറംലോകം അറിയാതിരിക്കാൻ കാരണമാകുന്നുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
വലിയ വാർത്താ പ്രാധാന്യം നേടുന്ന ഡിജിറ്റൽ അറസ്റ്റ്, ഫിഷിങ്, മാൽവെയർ, വ്യാജ ക്രെഡിറ്റ് കാർഡ് തട്ടിപ്പുകളിലൂടെ കഴിഞ്ഞ 10 വർഷത്തിനിടെ നഷ്ടപ്പെട്ടത് 2,192 കോടി രൂപയാണ്. എന്നാൽ കോർപ്പറേറ്റ് തട്ടിപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ആകെ തുകയുടെ കേവലം 0.6 % മാത്രമാണെന്നത് തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുന്നു.
2025–26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദങ്ങളിൽ മാത്രം അഡ്വാൻസ് ഇനത്തിൽ 21,515 കോടിയുടെ തട്ടിപ്പുകൾ നടന്നിട്ടുണ്ട്. ഇത് ആകെ വായ്പകളുടെ 30 ശതമാനത്തോളം വരും. എങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് സാമ്പത്തിക തട്ടിപ്പ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. വായ്പാ വിതരണത്തിൽ ബാങ്കുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ആർബിഐ കർശന നിര്‍ദേശം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.