ചെപ്പോക്കില്‍ ഇന്ന് തീപാറും പോരാട്ടം അരങ്ങേറും. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലുള്ള മത്സരം രാത്രി 7.30ന് നടക്കും. കണക്കുകളില്‍ ചെന്നൈയാണ് മുന്‍പന്തിയില്‍, പ്രത്യേകിച്ചും ഹോം ഗ്രൗണ്ടായ ചെപ്പോക്കില്‍. ഐപിഎല്ലിന്റെ ഉദ്ഘാടന സീസണായ 2008 ല്‍ വിജയിച്ചതിന് ശേഷം ആര്‍സിബിക്ക് ഒരിക്കല്‍ പോലും ചെപ്പോക്കില്‍ വച്ച് ചെന്നൈയെ പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ല. രജത് പാട്ടിദാര്‍ നയിക്കുന്ന ആര്‍സിബി ഈ ചരിത്രവും പേറിയാണ് ഇന്ന് സിഎസ്‌കെയേ നേരിടാന്‍ പോകുന്നത്. അതിനാല്‍ തന്നെ ശക്തമായ ടീമിനെ തയ്യാറാക്കിയാകും ആര്‍സിബി ഇറങ്ങുക. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ വിജയിച്ചാണ് ആര്‍സിബിയുടെ വരവ്. പരിക്കിനെത്തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ മത്സരം നഷ്ടമായ സീനിയർ പേസർ ഭുവനേശ്വർ കുമാർ സിഎസ്‌കെയ്ക്ക് എതിരെ കളിച്ചേക്കും. ഭുവിയുടെ തിരിച്ചുവരവ് ആർസിബിയുടെ ബൗളിങ് കരുത്ത് കൂട്ടും.
ഭുവനേശ്വർ കുമാർ പ്ലേയിങ് ഇലവനിലേക്ക് വരുമ്പോൾ റാസിഖ് സലാമിനാകും സ്ഥാനം നഷ്ടമാവുക. മത്സരം നടക്കാനിരിക്കുന്ന ചെപ്പോക്ക് സ്റ്റേഡിയത്തിൽ സ്പിൻ അനുകൂല വിക്കറ്റുകളാണുള്ളത്. അതിനാൽ ഒരു അധിക സ്പിന്നറെ ഉൾപ്പെടുത്തി ആർസിബി ഈ മത്സരം കളിക്കാൻ സാധ്യത കൂടുതലാണ്. അങ്ങനെയെങ്കിൽ യഷ് ദയാലിന് പകരം മോഹിത് റാതി കളിച്ചേക്കും. അതേസമയം ആർസിബിയുടെ ബാറ്റിങ് ലൈനപ്പിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല. ഫിലിപ്പ് സാൾട്ടും വിരാട് കോലിയും ചേർന്നാകും ബാറ്റിങ് ഓപ്പൺ ചെയ്യുക. ആദ്യ കളിയിൽ വെടിക്കെട്ട് അർധസെഞ്ചുറി നേടിയ ഈ ഓപ്പണർമാരിൽ നിന്ന് ഒരിക്കൽക്കൂടി ആർസിബി മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, നൂര്‍ അഹമ്മദ് എന്നിവരുള്‍പ്പെടെയുള്ള സിഎസ്‌കെയുടെ സ്പിന്നര്‍മാര്‍ ആര്‍സിബിക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. മുംബൈ ഇന്ത്യന്‍സിനെ തോല്പിച്ചാണ് ചെന്നൈയെത്തുന്നത്.അതിനാല്‍ തന്നെ മത്സരം കൂടുതല്‍ ആവേശമാകുമെന്നുറപ്പാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.