എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ വീണ്ടും എഡിറ്റ് ചെയ്ത ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും. ഇന്നലെ എത്തിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളെ തുടർന്ന് കഴിയാതെ വന്നു. ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട വിവാദഭാഗങ്ങളും ഗർഭിണിയെ മാനഭംഗപ്പെടുത്തുന്നതടക്കമുള്ള മൂന്ന് മിനിറ്റ് ദൃശ്യങ്ങൾ നീക്കിയിട്ടുണ്ട്. ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ബജ്റംഗിയുടെ പേര് ബൽരാജ് എന്ന് തിരുത്തിയെന്നാണ് സൂചനയെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പുതിയൊരു സംഘമാണ് റീ സെൻസറിങ് ചെയ്തത്.
അതിനിടെ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അന്ത്യമായില്ല. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ ഇന്നലെയും സംവിധായകനും നടനുമായ പൃഥ്വിരാജിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേരായ സയീദ് മസൂദ് ഇസ്ലാമിക ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് തീവ്രവാദി മസൂദ് അസറിന്റെയും ലഷ്കർ ഇ ത്വയ്ബ തീവ്രവാദി ഹാഫിസ് സയിദിന്റെയും പേരുകൾ ചേർത്തതാണെന്നാണ് പുതിയ ലേഖനത്തിലെ ആരോപണം. അതേസമയം, പൃഥ്വിരാജും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ മുരളി ഗോപിയും വിവാദങ്ങളിൽ ഇന്നലെയും മൗനം തുടർന്നു. മുരളി ഗോപി, എല്ലാവർക്കും ഈദ് ആശംസകൾ നേർന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിന് താഴെ ആരാധകരുടെയും വിമർശകരുടെയും കമന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള നടൻ മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചതൊഴിച്ചാൽ പൃഥ്വിരാജ് ഇതുവരെയും മൗനം വെടിഞ്ഞിട്ടില്ല. അതേസമയം, പൃഥ്വിരാജിനും മുരളി ഗോപിക്കും സിനിമാരംഗത്ത് പിന്തുണയേറുകയാണ്.
നടൻ ആസിഫലി, എഴുത്തുകാരൻ ബെന്യാമിൻ തുടങ്ങിയവർ പിന്തുണ പ്രഖ്യാപിച്ചു. നേരിട്ട് അഭിപ്രായം പറയാൻ ധൈര്യമില്ലാത്തവർ ഒളിച്ചിരുന്ന് കല്ലെറിയുന്നു എന്നായിരുന്നു നടൻ ആസിഫലിയുടെ പ്രതികരണം. വിമർശനങ്ങൾക്കിടയിലും തല ഉയർത്തി നിൽക്കാൻ കരുത്ത് കാണിച്ച മുരളി ഗോപിയെയും പൃഥ്വിരാജിനെയും ബെന്യാമിൻ അഭിനന്ദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.