29 September 2024, Sunday
KSFE Galaxy Chits Banner 2

വനിതാ വികസന കോര്‍പറേഷന് വായ്പാ വിതരണത്തില്‍ റെക്കോഡ്

Janayugom Webdesk
തിരുവനന്തപുരം
April 3, 2023 11:27 pm

വനിത/ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകര്‍ക്ക് വായ്പ നല്‍കുന്നതില്‍ സംസ്ഥാന വനിതാ വികസന കോര്‍പറേഷന് റെക്കോര്‍ഡ്. 2022–23 സാമ്പത്തിക വര്‍ഷത്തില്‍ 260.75 കോടി രൂപ കോര്‍പറേഷന്‍ വായ്പയായി വിതരണം ചെയ്തു. 35 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ കോര്‍പറേഷന്‍ വായ്പ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിവര്‍ഷ തുകയാണിത്. സംസ്ഥാനത്തൊട്ടാകെ 21,889 വനിതാ ഗുണഭോക്താക്കള്‍ക്കായാണ് ഈ തുക നല്‍കിയിട്ടുള്ളത്. കൂടാതെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വായ്പ തിരിച്ചടവിലും റെക്കോഡ് തുകയാണ് കോര്‍പറേഷന് ലഭിച്ചിട്ടുള്ളത്. 174.78 കോടിരൂപയാണ് തിരിച്ചടവ് ഇനത്തില്‍ ലഭിച്ചിട്ടുള്ളത്. 

വിവിധ ദേശീയ ധനകാര്യ വികസന കോര്‍പറേഷനുകളുടെ സഹായത്തോടുകൂടി സൂക്ഷ്മ, ചെറുകിട, സംരംഭക മേഖലയിലെ വനിതാ സംരംഭകര്‍ക്ക് 30 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കില്‍ കോര്‍പറേഷന്‍ വായ്പയായി നല്‍കുന്നുണ്ട്. സ്ത്രീകള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും ഇതിന്റെ ഗുണഭോക്താക്കളാകാം. കൂടാതെ ഇന്ത്യയിലും വിദേശത്തുമായി വിവിധ കോഴ്‌സുകള്‍ ചെയ്യുന്നതിലേക്കായി മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ പലിശ നിരക്കില്‍ വിദ്യാഭ്യാസ വായ്പയും കോര്‍പറേഷന്‍ ലഭ്യമാക്കുന്നുണ്ട്. 

കേവലം വായ്പ നല്‍കുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ സംരംഭകര്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ശരിയായ ദിശയില്‍ അവരുടെ വ്യവസായം ലാഭകരമാക്കി മാറ്റുന്നതിന് സഹായകരമാകുന്ന ‘പ്രോജക്ട് കണ്‍സള്‍ട്ടന്‍സി വിങ്‘എന്ന നൂതന പദ്ധതി 2023–24 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കുന്നതിനും കോര്‍പറേഷന്‍ ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ സ്ത്രീകളുടെ സമഗ്ര ശാക്തീകരണം, സാമ്പത്തിക സ്വാശ്രയത്വം എന്നിവ ലക്ഷ്യമിട്ടുകൊണ്ടാണ് വനിതാ വികസന കോര്‍പറേഷന്‍ രൂപീകരിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ നിരക്കില്‍ സംരംഭക, വിദ്യാഭ്യാസ വായ്പകള്‍ കോര്‍പറേഷന്‍ ലഭ്യമാക്കുന്നുണ്ട്. 140 കോടി രൂപയില്‍ നിന്നും സര്‍ക്കാര്‍ ഗ്യാരന്റി 845.56 കോടി രൂപയായി ഉയര്‍ത്തിയതും വായ്പാ വിതരണത്തില്‍ ഈ റെക്കോഡ് നേട്ടം കൈവരിക്കാന്‍ സഹായകമായി. 

Eng­lish Summary;Record in dis­burse­ment of loans to Women Devel­op­ment Corporation

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.