റെക്കോഡ് നേട്ടം തിളക്കം ചാർത്തിയ ഉശിരൻപോരാട്ടത്തിൽ ഇന്നത്തെ മേളയുടെ താരമായി തൃശൂരിന്റെ വിജയ് കൃഷ്ണൻ. വാശിയേറിയ പോരാട്ടത്തിന് സാക്ഷ്യംവഹിച്ച ഹർഡിൽസ് പോരാട്ടത്തിൽ ഏക റെക്കോഡാണ് വിജയ് കൃഷ്ണനിലൂടെ പിറന്നത്. സീനിയർ ആൺകുട്ടികളുടെ 110 മീറ്ററിലാണ് തൃശൂരിന്റെ വിജയ കൃഷ്ണൻ പൊന്നണിഞ്ഞത്. തൃശൂർ കാൾഡൻ സിറിയൻ എച്ച്എസ്എസിലെ താരമായ ഈ മിടുക്കൻ 13.97 സെക്കൻഡിൽ പറന്നെത്തി പുതിയ മീറ്റ് റെക്കോഡോടെയാണ് പൊന്നണിഞ്ഞത്. കഴിഞ്ഞ വർഷം കുന്നംകുളത്ത് നടന്ന കായികമേളയിൽ വിജയ് കൃഷ്ണന്‍ വെള്ളി നേടിയിരുന്നു. അതാണ് ഇത്തവണ പൊന്നാക്കി മാറ്റിയത്. വെള്ളി നേടിയ പാലക്കാട് വടവന്നൂർ വിഎംഎച്ച്എസിലെ എസ് ഷാഹുലും നിലവിലെ റെക്കോഡ് മറികടക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 14 സെക്കൻഡിലാണ് ഷാഹുൽ ഫിനിഷ് ലൈൻ കടന്നത്. കഴിഞ്ഞ വർഷം ഷാഹുലിന് വെങ്കലമായിരുന്നു ലഭിച്ചത്. കോഴിക്കോട് ദേവഗിരി സാവിയോ എച്ച്എസ്എസിലെ പി അമർജിത്ത് 14.23 സെക്കൻഡിൽ വെങ്കലം സ്വന്തമാക്കി.
സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ സ്വർണവും വെള്ളിയും കഴിഞ്ഞ വർഷം കുന്നംകുളത്ത് നടന്ന ജൂനിയർ വിഭാഗത്തിന്റെ തനിയാവർത്തനമായിരുന്നു. തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിലെ ആദിത്യ അജിയാണ് 14.21 പറന്നെത്തി സ്വർണമണിഞ്ഞത്. കഴിഞ്ഞ വർഷം കുന്നംകുളത്ത് ജൂനിയർ പെൺകുട്ടികളിൽ മത്സരിച്ചും ആദിത്യ സ്വർണം നേടിയിരുന്നു. വെള്ളിയും മലപ്പുറത്തിന് തന്നെ. കടകശേരി ഐഡിയൽ ഇഎച്ച്എസ്എസിലെ എയ്ഞ്ചൽ ജെയിംസ് 14.85 സെക്കൻഡിൽ പറന്ന് എത്തിയാണ് വെള്ളി സ്വന്തമാക്കിയത്. വെങ്കലവും കടകശേരിക്കാണ്. അവരുടെ എൻ ആർ പാർവതി 15.31 സെക്കൻഡിൽ ഫിനിഷ് ലൈൻ കടന്ന് വെങ്കലമണിഞ്ഞു. ജൂനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ പാലക്കാടിന്റെ എസ് അഭയ് ശിവേദ് പൊന്നണിഞ്ഞു. 14.54 സെക്കൻഡിലാണ് വടവന്നൂർ വിഎംഎച്ച്എസിലെ ഈ കുട്ടിതാരം ഒന്നാമതെത്തിയത്.
വെള്ളി നേടിയ മലപ്പുറം തിരുനാവായാ നാവാമുകുന്ദ എച്ച്എസ്എസിലെ സി കെ ഫസലുൾ ഹഖിനെ ഫോട്ടോ ഫിനിഷിൽ പിന്തള്ളിയാണ് അഭയ് ശിവേദിന്റെ സ്വർണനേട്ടം. നാവാമുകുന്ദ എച്ച്എസ്എസിന്റെ താരമായ പ്രേം 15.29 സെക്കൻഡിൽ വെങ്കലവും കരസ്ഥമാക്കി.
ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ പാലക്കാട് വടവന്നൂർ വിഎംഎച്ച്എസിലെ എൻ എസ് വിഷ്ണുശ്രീ സ്വർണം നേടി. 14.93 സെക്കൻഡിൽ ഫിനിഷ് ലൈൻ കടന്നാണ് വിഷ്ണുശ്രീയുടെ നേട്ടം. ഹർഡിൽസിൽ വടവന്നൂരിന്റെ രണ്ടാം സ്വർണനേട്ടമാണ് ഇന്നലെ ട്രാക്കിൽ പിറന്നത്. ജൂനിയർ ആൺകുട്ടികളിലും ഈ സ്കൂൾ സ്വർണം നേടിയിരുന്നു. ആലപ്പുഴ ചാരമംഗലം ജിഡിവിഎച്ച്എസ്എസിലെ അനാമിക അജേഷ് 15.43 സെക്കൻഡിൽ വെള്ളിയും തൃശൂർ കാൾഡൻ സിറിയൻ എച്ച്എസ്എസിലെ വി എം അശ്വതി 15.48 സെക്കൻഡിൽ വെങ്കലവും കരസ്ഥമാക്കി. സബ്‌ജൂനിയർ ആൺകുട്ടികളുടെ 80 മീറ്ററിൽ തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിനാണ് സ്വർണം. അവരുടെ സായ്വേൽ ബാദുസ 12.26 സെക്കന്‍ഡിൽ ഫിനിഷ് ചെയ്ത് പൊന്നണിഞ്ഞപ്പോൾ തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂളിലെ എ വിഘ്നേഷ് 12.40 സെക്കൻഡിൽ വെള്ളിയും, വയനാട് കാട്ടിക്കുളം ജിഎച്ച്എസ്എസിലെ ആർ നിധീഷ് 12.42 സെക്കൻഡിൽ വെങ്കലവും സ്വന്തമാക്കി. ഇതേവിഭാഗം പെൺകുട്ടികളിൽ പാലക്കാട് മുണ്ടൂർ എച്ച്എസ്എസിലെ എം റെയ്ഹാന 13.07 സെക്കൻഡിൽ സ്വർണവും പറളി എച്ച്എസിലെ സി കെ സ്വാതി കൃഷ്ണൻ 13.31 സെക്കൻഡിൽ വെള്ളിയും മലപ്പുറം മൂർക്കനാട് എസ്എസ്എച്ച്എസ്എസിലെ എം റിദ ജാസ്മിൻ 13.38 സെക്കൻഡിൽ വെങ്കലവും നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.