
റെക്കോഡ് വരുമാനം നേടുമ്പോഴും ദക്ഷിണ റെയിൽവേയിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങളുടെ നവീകരണം അതീവ മന്ദഗതിയിലാണെന്ന് വിവരാവകാശ രേഖ. അപകടങ്ങൾ ഒഴിവാക്കാനും മനുഷ്യ പിഴവുകൾ കുറയ്ക്കാനുമായി വിഭാവനം ചെയ്ത നിർണായക പദ്ധതികള്‍ ഒച്ചിഴയും വേഗത്തിലാണ് നീങ്ങുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവരാവകാശ പ്രവർത്തകൻ ദയാനന്ദൻ കൃഷ്ണന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്.
സിഗ്നലിങ് തകരാറുകൾ മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന അത്യാധുനിക സംവിധാനമാണ് ഇലക്ട്രോണിക് ഇന്റർലോക്കിങ്. ദക്ഷിണ റെയിൽവേയിലെ 492 സ്റ്റേഷനുകളിൽ പകുതിയോളം ഇടത്ത് (242 സ്റ്റേഷനുകൾ) ഇത് ഇനിയും നടപ്പാക്കിയിട്ടില്ല. മധുര ഉൾപ്പെടെയുള്ള പ്രധാന ഡിവിഷനുകളിൽ പലയിടത്തും ഗേറ്റ് പ്രവർത്തനങ്ങളും സിഗ്നൽ ഏകോപനവും ഇപ്പോഴും പഴയ രീതിയിലാണ്. ഇത് ഗേറ്റ് കീപ്പർമാരുടെയും ലോക്കോ പൈലറ്റുമാരുടെയും മാത്രം ജാഗ്രതയെ ആശ്രയിച്ചിരിക്കുന്നു എന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
ട്രാക്കുകളിൽ ട്രെയിനുകൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിങ് സംവിധാനത്തിന്റെ 16% ജോലികള്‍ മാത്രമാണ് പൂർത്തിയായത്. ദക്ഷിണ റെയിൽവേയിൽ 5,084 കിലോമീറ്റർ ദൂരത്തിൽ ഈ സംവിധാനം ആവശ്യമാണെന്നിരിക്കെ, പൂർത്തിയായത് 495.73 കിലോമീറ്റർ മാത്രമാണ്. ബാക്കി വരുന്ന ഭൂരിഭാഗം പാതകളിലും കാലഹരണപ്പെട്ട മാന്വൽ സിഗ്നൽ സംവിധാനമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.
ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള തദ്ദേശീയ സംവിധാനമായ ‘കവച്’ നടപ്പിലാക്കുന്നതിലും വലിയ വീഴ്ചയാണുള്ളത്. 5,084 കിലോമീറ്റർ പാതയിൽ കവച് സംവിധാനം അനുവദിച്ചിട്ടുണ്ടെങ്കിലും, നിലവിൽ 1,984 കിലോമീറ്ററിൽ മാത്രമാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ബാക്കിയുള്ള 3,100 കിലോമീറ്ററിൽ എന്ന് പണി തുടങ്ങുമെന്നതിൽ വ്യക്തതയില്ല.
ട്രെയിൻ അമിത വേഗതയിൽ സഞ്ചരിക്കുമ്പോഴോ ചുവപ്പ് സിഗ്നൽ മറികടക്കുമ്പോഴോ ഓട്ടോമാറ്റിക്കായി ബ്രേക്ക് പ്രയോഗിക്കുന്ന ‘ട്രെയിൻ പ്രൊട്ടക്ഷൻ വാണിങ് സിസ്റ്റം’ നിലവിൽ ചെന്നൈ — കാട്പാടി, ചെന്നൈ — ആരക്കോണം എന്നീ രണ്ട് സബർബൻ സെക്ഷനുകളിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നു.
യാത്രാ നിരക്കിലൂടെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സോണുകളിൽ ഒന്നാമതാണ് ദക്ഷിണ റെയിൽവേ. കേരളം ഉൾപ്പെടുന്ന പാലക്കാട്, തിരുവനന്തപുരം അടക്കം ആറ് ഡിവിഷനുകളിലായി 727 സ്റ്റേഷനുകളാണ് ഇതിന് കീഴിലുള്ളത്. ഈ വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ 32.15 കോടി യാത്രക്കാരാണ് ദക്ഷിണ റെയിൽവേയെ ആശ്രയിച്ചത്. ഈ അഞ്ച് മാസത്തിനുള്ളിൽ മാത്രം 3,273 കോടി രൂപയുടെ റെക്കോഡ് വരുമാനമാണ് റെയിൽവേ നേടിയത്. എന്നിട്ടും സുരക്ഷാ കാര്യങ്ങളിൽ പണം മുടക്കാൻ അധികൃതർ മടിക്കുകയാണ്.
വൻകിട നിര്‍മ്മാണ പദ്ധതികളിലും വന്ദേഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളിലുമാണ് കേന്ദ്രസർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, അടിസ്ഥാന സുരക്ഷാ സൗകര്യങ്ങൾക്കായി ഫണ്ട് വകയിരുത്തുന്നില്ലെന്നും ആരോപണമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.