12 December 2025, Friday

Related news

December 3, 2025
December 2, 2025
November 26, 2025
November 16, 2025
November 14, 2025
October 27, 2025
October 26, 2025
October 18, 2025
October 10, 2025
September 22, 2025

റെഡ് അലർട്ട്: ജില്ലയിൽ ജാഗ്രത; ഖനനപ്രവർത്തനങ്ങൾ നിർത്തിവെക്കാൻ നിർദ്ദേശം

Janayugom Webdesk
മലപ്പുറം
May 25, 2025 8:25 am

അതിതീവ്രമഴ മുന്നറിയിപ്പുള്ളതിനാൽ ജില്ലയിൽ ഇന്നും മറ്റന്നാളും റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഖനനപ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ വി ആർ വിനോദ് നിർദേശം നൽകി. മണ്ണെടുക്കാൻ അനുമതിയുള്ള സ്ഥലങ്ങളിലും ഈ ദിവസങ്ങളിൽ മണ്ണ് നീക്കാൻ പാടില്ല. 24 മണിക്കൂർ മഴയില്ലാത്ത സാഹചര്യം വന്നാൽ മാത്രമേ ക്വാറികളുടെ പ്രവർത്തനം പുനരാരംഭിക്കാൻ പാടുള്ളൂ. ഇക്കാര്യം ജില്ല ജിയോളജിസ്റ്റ് ഉറപ്പാക്കണം. പൊലീസ്, ഫയർ ആൻഡ് റസ്ക്യൂ, സായുധ സേന എന്നിവരുടെയെല്ലാം സമയോചിത സേവനം ഉറപ്പാക്കിയിട്ടുണ്ട്.
മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങൾ, കനാൽ പുറമ്പോക്കുകൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ തദ്ദേശസ്വയംഭരണ വകുപ്പിന് നിർദേശം നൽകി. 

നിലമ്പൂർ‑നാടുകാണി ചുരം വഴി അത്യാവശ്യയാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. അതിതീവ്രമഴയുടെ പശ്ചാത്തലത്തിൽ പുഴയിലിറങ്ങി കുളിക്കുന്നതിനും മലയോരമേഖലയിലൂടെയുള്ള രാത്രിയാത്രയ്ക്കും വിലക്കുണ്ട്. ആഢ്യൻപാറ, കേരളാംകുണ്ട്, വനം വകുപ്പിന് കീഴിലെ കൊടികുത്തിമല എന്നീ ഡെസ്റ്റിനേഷനുകളുൾപ്പെടെ മലയോരമേഖലയിലെ എല്ലാ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും പ്രവേശനം വിലക്കിയിട്ടുണ്ട്. ക്രെയിൻ, മണ്ണുമാന്തിയന്ത്രങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്താൻ ആർടിഒക്ക് നിർദേശം നൽകി. റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകാനും മുൻകരുതലുകൾ സ്വീകരിക്കാനും ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക നിർദേശം നൽകി. ജൂൺ ഒന്നുമുതൽ എൻഡിആർഎഫ് സംഘം ജില്ലയിൽ ക്യാംപ് ചെയ്യും. എല്ലാ താലൂക്കുകളിലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഐആർഎസ് യോഗം വിളിച്ചു ചേർക്കാൻ അതത് താലൂക്കുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർമാർക്ക് നിർദേശം നൽകി. മഴക്കാലത്ത് സാംക്രമിക രോഗങ്ങൾ പടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി. വഴിയോരങ്ങളിലും സ്കൂൾ പരിസരങ്ങളിലുമുള്ള അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റാൻ പൊതുമരാമത്ത്, വിദ്യാഭ്യാസ വകുപ്പുകളെ ചുമതലപ്പെടുത്തി. റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഇന്നലെ രാവിലെ 10. 30ന് ഓൺലൈനായി അടിയന്തിര യോഗം ചേർന്നു. ജില്ലാ കളക്ടർ വി ആർ വിനോദ്, സബ് കളക്ടർമാർ, താലൂക്കുതല ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.