
ചെങ്കോട്ട സ്ഫോടനവുമായി ബന്ധമുള്ള ഹരിയാനയിലെ അല്‍ ഫലാ സര്‍വകലാശാലയിലെ 15 ഡോക്ടര്‍മാരെക്കുറിച്ച് വിവരമില്ലെന്ന് അന്വേഷണ സംഘം. അറസ്റ്റിലായ ഡോക്ടര്‍ മുസാമില്‍ ഗാനായിയുമായി നിരന്തരം സമ്പര്‍ക്കത്തിലുണ്ടായിരുന്ന അല്‍ ഫലായിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
ഡോ. മുസാമ്മില്‍ നിരവധി ഡോക്ടര്‍മാരുമായി സംഭാഷണം നടത്തിയിരുന്നുവെന്നാണ് ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നത്. ഇവരെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലാണ്. ഇവരില്‍ ഭൂരിഭാഗം പേരെയും കാണാനില്ലെന്ന് അല്‍ ഫലായിലെത്തിയ അന്വേഷണ സംഘം വ്യക്തമാക്കി. ഇവര്‍ക്ക് ഭീകരാക്രമണവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.
സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് ഡല്‍ഹി പൊലീസ് പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നേരത്തെ യുഎപിഎയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് എന്‍ഐഎയ്ക്ക് കൈമാറിയത്. ഈ മാസം പത്തിന് ഡോ. ഉമര്‍ നബി കാര്‍ പാര്‍ക്ക് ചെയ്തതിന് പിന്നാലെ വാഹനങ്ങള്‍ പിന്തുടരുന്നുണ്ടായിരുന്നുവെന്നാണ് വിവരങ്ങള്‍. സ്ഫോടനത്തിന് മുമ്പ് മൂന്നു മണിക്കൂറോളമാണ് പാര്‍ക്കിങ് സ്ഥലത്ത് ഉമറിന്റെ കാര്‍ നിര്‍ത്തിയിട്ടിരുന്നത്.
അതേസമയം ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികൾ ആശയ വിനിമയത്തിനായി ഉപയോഗിച്ചത് അതീവ രഹസ്യമായി വിവരങ്ങള്‍ കൈമാറുന്നതിന് ഉപയോഗിക്കുന്ന ഡെഡ് ഡ്രോപ്പ് സംവിധാനത്തിലൂടെയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇമെയില്‍ അക്കൗണ്ടിലൂടെയാണ് ഡെഡ് ഡ്രോപ് സംവിധാനം ഉപയോഗിച്ചതെന്നും കണ്ടെത്തി.
തീവ്രവാദ ഗ്രൂപ്പുകളും, ചാര ശൃംഖലകളും ആശയവിനിമയത്തിനായി ഉപയോഗിക്കുന്നത് രീതിയാണ് ഡ്രെഡ് ഡ്രോപ്. ഒരു അക്കൗണ്ടിലെ മെസേജ് ഡ്രാഫ്റ്റില്‍ അല്ലെങ്കില്‍ കമന്റ് ബോക്സിലായിരിക്കും സന്ദേശം സൂക്ഷിക്കുക. ഇവ വായിച്ചതിന് ശേഷം ഡിലീറ്റ് ചെയ്യും. ഇത്തരം രീതി ഉപയോഗിക്കുന്നതിലൂടെ സന്ദേശങ്ങളുടെ സിഗ്നലുകൾ കണ്ടെത്താൻ സാധിക്കില്ല. ത്രീമ, ടെലിഗ്രാം പോലുള്ള മറ്റ് സുരക്ഷിത ആപ്പുകൾ ഉള്‍പ്പെടെ എൻക്രിപ്റ്റ് ചെയ്തതും താരതമ്യേന സിഗ്നലുകള്‍ കണ്ടെത്താനാകാത്തതുമായ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ശൃംഖലകളും സംഘം ഉപയോഗിച്ചതായും അന്വേഷണസംഘം കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.