
ചെങ്കോട്ട ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രതി ഉമര്‍ നബിയുടെ പരിചയക്കാരനായ മറ്റൊരു ഡോക്ടർ കൂടി പിടിയിൽ. കാൺപൂരിലെ ജിഎസ‍്‍വിഎം മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംഡി വിദ്യാർത്ഥി ഡോ. ആരിഫ് മിറിനാണ് ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്.
സ്ഫോടനവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ഡോ. ഷഹീൻ സയീദിന് ബന്ധമുള്ളവരുടെ പട്ടികയില്‍ ആരിഫിന്റെ പേര് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ജമ്മുകശ്മീരിലെ അനന്ദ് നാഗ് സ്വദേശിയാണ് ഡോ. ആരിഫ് മിറിന്‍. അന്വേഷണത്തിനൊടുവില്‍ ആരിഫും ഉമറും ശ്രീ നഗര്‍ മെഡിക്കല്‍ കോളജില്‍ സഹപാഠികളായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തുടര്‍ന്ന് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം കൂടുതല്‍ ചോദ്യം ചെയ്യലിനായി ആരിഫ് മിറിനെ ഡല്‍ഹിയിലേക്ക് കൊണ്ട് പോയി.
ആരിഫ് മൂന്ന് മാസം മുമ്പാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടാതെ ആരിഫിന്റെ ഒപ്പം താമസിച്ചയാളെയും അന്വേഷണ സംഘം ചേദ്യം ചെയ്തു. ആരിഫും ഷഹീറും വളരെ കാലമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. കൂടുതല്‍ പേര്‍ ഇവരുടെ ശൃംഖലയുടെ ഭാഗമായിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം ഫരീദാബാദ് ധൗജിലെ അൽ ഫലാ സർവകലാശാലയിലെ രേഖകൾ ഫോറൻസിക് ഓഡിറ്റിന് വിധേയമാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി. സർവകലാശാലയുടെ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) നിർദേശം നൽകി.
ഡോക്ടര്‍ മൊഡ്യൂളിലെ അംഗങ്ങളായ ഷാഹിന്‍, ഉമ്മര്‍ നബി, മുസമ്മില്‍ ഗനായ്, ആദില്‍ അഹമ്മദ് റാത്തര്‍, ഡോ. അഹമ്മദ് മൊഹിയുദീന്‍ സയ്യദ് തുടങ്ങിയവര്‍ അല്‍ ഫലാ സര്‍വകലാശാലയില്‍ ജോലിചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം സർവകലാശാലയുടെ ധനകാര്യ ഇടപാടുകൾ, വിദേശ ഫണ്ടുകൾ, മറ്റ് സാമ്പത്തിക സ്രോതസുകൾ എന്നിവയെക്കുറിച്ച് ഇഡി അന്വേഷണം നടത്തും.
അന്വേഷണത്തിന്റെ ഭാഗമായി സ്ഫോടനത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ ഉമർ നബി നടത്തിയ യാത്ര 50‑ൽ അധികം സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് പൊലീസ് പുനഃസൃഷ്ടിച്ചിരുന്നു, പ്രതികൾ ഗൂഢാലോചനകൾക്ക് സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള ത്രീമ എന്ന എൻക്രിപ്റ്റഡ് മെസ്സേജിങ് ആപ്പ് ഉപയോഗിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. ഭീകരസംഘത്തിന് അമോണിയം നൈട്രേറ്റ് ലഭിച്ചതിന്റെ പ്രധാന സ്രോതസ് കണ്ടെത്തിയെന്നും സൂചനയുണ്ട്.
ഉമര്‍ നബിയുടെ വീട് തകര്‍ത്തു
ചെങ്കോട്ട സ്ഫോടനത്തിൽ മുഖ്യ സൂത്രധാരൻ എന്ന് കരുതപ്പെടുന്ന ഡോ. ഉമർ നബിയുടെ പുല്‍വാമയിലെ വീട് തകർത്ത് സുരക്ഷാ സേന. ആള്‍ത്താമസമുണ്ടായിരുന്ന വീട് ഇന്നലെ പുലർച്ചെയാണ് സുരക്ഷാ സേന ഐഇഡി ഉപയോഗിച്ച് തകർത്തത്. നേരത്തെ പഹല്‍ഗാം ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളും പൊലീസ് തകര്‍ത്തിരുന്നു. ജമ്മു കാശ്മീര്‍ പൊലീസ് ഉമറിന്റെ മൂന്ന് കുടുംബാംഗങ്ങളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.