22 January 2026, Thursday

ഡിജിറ്റൽ ഇടപാടിൽ കുറവ്; 2000 നോട്ട് മാറാൻ തിരക്ക്

സ്വന്തം ലേഖകൻ
കൊച്ചി
May 24, 2023 9:08 pm

റിസർവ് ബാങ്ക് 2000 ത്തിന്റെ നോട്ട് പിൻവലിച്ചതിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്താകെ ഡിജിറ്റൽ ഇടപാടുകളിൽ വൻ ഇടിവ്. കൈവശമുള്ള 2000 രൂപ നോട്ട് ചിലവഴിക്കുന്നതിന് വേണ്ടി ജനം ഡിജിറ്റൽ ഇടപാടുകളോട് തൽക്കാലം മാറി നിൽക്കുന്നുവെന്ന അനുമാനമാണ് വിപണി വിദഗ്ദ്ധർക്ക് ഉള്ളത്.

ഗൂഗിൾ പേ, ഫോൺ പേ പോലുള്ള ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമുകളും ബാങ്കുകളുടെ ആപ്പുകളും സജീവമായ കാലത്ത് കറൻസിയുപയോഗം സാധാരണക്കാർക്കിടയിൽ പോലും വലിയ തോതിൽ കുറഞ്ഞിരുന്നു. പൊതുവിപണിയിൽ എല്ലാ മേഖലകളിലും ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമുകൾ വന്നതോടെ നോട്ടുകളുടെ ഉപയോഗം നന്നേ കുറഞ്ഞിരുന്നു.
എന്നാൽ 2000 രൂപ നോട്ട് പിൻവലിച്ചതോടെ കൈവശം സൂക്ഷിച്ച നോട്ടുകൾ ചിലവഴിക്കുന്നതിന് വേണ്ടി ജനം വിപണിയിലേക്കിറങ്ങിക്കഴിഞ്ഞു. 

ബാങ്കുകളിലും ട്രഷറികളിലുമടക്കം 2,000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും അവസരമുണ്ട്. എല്ലാ ബാങ്കുകളിലും റിസർവ് ബാങ്കിന്റെ 19 റീജനൽ ഓഫിസുകളിലൂടെയും നോട്ടുകൾ മാറാനാകും. പൊതുജനങ്ങൾക്ക് ഒരുസമയം 20, 000 രൂപവരെ, ബാങ്ക് കൗണ്ടർ വഴി മാറിയെടുക്കാം. അക്കൗണ്ടുകൾ വഴി മാറ്റിയെടുക്കാവുന്ന തുകയ്ക്ക് പരിധി ഏർപ്പെടുത്തിയിട്ടില്ല. 

20, 000 രൂപവരെ മാറിയെടുക്കാൻ പ്രത്യേകം ഫോമോ തിരിച്ചറിയൽ രേഖയോ നിലവിൽ നൽകേണ്ടതില്ലെങ്കിലും ബാങ്കിലെ ക്യൂ ഒഴിവാക്കുന്നതിനായി പണം വിപണിയിലിറക്കി ചിലവഴിക്കാനാണ് കൂടുതൽ പേരും ശ്രമിക്കുന്നത്.
കൂടുതൽ പേരും പെട്രോൾ പമ്പുകളിലും ഹോട്ടലുകളിലും ജ്വല്ലറികളിലുമാണ് കറൻസിയുമായെത്തുന്നത്. കസ്റ്റമേഴ്സ് 2000 രൂപയുടെ നോട്ടുകളുമായി എത്തുന്ന സാഹചര്യത്തിൽ ചില്ലറ ക്ഷാമം രൂക്ഷമാണെന്ന് പെട്രോൾ വിതരണക്കാരുടെ സംഘടനയും ഓൺലൈൻ ഭക്ഷണവിതരണക്കാരും പറയുന്നു. സ്വർണ്ണക്കടകളിലും നോട്ടുമായി എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. കറൻസി ഇടപാടുകൾ വർധിച്ച സാഹചര്യത്തിൽ അസാധാരണ ഇടപാടുകൾ നിരീക്ഷിക്കാൻ ധനമന്ത്രാലയം നിർദ്ദേശം നൽകി. 

Eng­lish Summary;reduction in dig­i­tal trans­ac­tions; Rush to change 2000 note

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.