
എച്ച്-1 ബി വിസയുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ പരിഷ്‌കാരത്തിനൊരുങ്ങി യുഎസ് സര്‍ക്കാര്‍. വേതന ശ്രേണികൾ സൃഷ്ടിച്ചുകൊണ്ട് നിലവിലുള്ള ലോട്ടറി പ്രക്രിയയിൽ മാറ്റം വരുത്താനാണ് തീരുമാനം. കൂടുതല്‍ വേതനം ഉള്ളവര്‍ക്ക് നാല് തവണയും കുറഞ്ഞ വേതനം ഉള്ളവര്‍ക്ക് ഒരു തവണയും മാത്രമായിരിക്കും വിസ നല്‍കുക. ഇതിലൂടെ ഉയര്‍ന്ന വൈദ്യഗ്ധ്യമുള്ളവരെ മാത്രം പരിഗണിക്കാനാണ് യുഎസ് ശ്രമിക്കുന്നത്.
വിദേശ തൊഴിലാളികളിൽ നിന്നുള്ള വേതന മത്സരത്തിൽ നിന്ന് യുഎസ് പൗരന്മാരെ സംരക്ഷിക്കാൻ സഹായിക്കുക എന്നതാണ് പരിഷ്കരണത്തിന്റെ ലക്ഷ്യമെന്ന് ഫെഡറൽ രജിസ്റ്റർ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
വിസകള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് ഈടാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് യു.എസ് സര്‍ക്കാരിന്റെ തീരുമാനം. ഒക്ടോബർ 1 ന് ആരംഭിക്കുന്ന 2025-’26 സാമ്പത്തിക വർഷത്തിൽ, എച്ച്-1ബി തൊഴിലാളികൾക്ക് നൽകുന്ന മൊത്തം വേതനം 502 മില്യൺ ഡോളറായും അടുത്ത സാമ്പത്തിക വർഷത്തിൽ 1 ബില്യൺ ഡോളറിലധികമായും ഉയരുമെന്ന് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ കണക്കുകൾ ഉദ്ധരിച്ച് വിജ്ഞാപനത്തില്‍ പറയുന്നു. പുതിയ പരിഷ്കരണങ്ങള്‍ അന്തിമമാക്കുന്നതിനുള്ള പ്രക്രിയയ്ക്ക് നിരവധി മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. എന്നിരുന്നാലും, 2026 ലോട്ടറിയിലോ മാർച്ച് രജിസ്ട്രേഷൻ കാലയളവിന് മുമ്പോ മാറ്റങ്ങൾ നടപ്പിലാക്കാമെന്നും നിര്‍ദേശമുണ്ട്.
കഴിഞ്ഞയാഴ്ചയാണ് എച്ച് 1 വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളറായി ഉയര്‍ത്തിക്കൊണ്ടുള്ള എക്സിക്യൂട്ടിവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചത്. നേരത്തെ എച്ച് 1 ബി വിസയ്ക്ക് 1700–5000 ഡോളര്‍ മാത്രമായിരുന്നു ഈടാക്കിയിരുന്നത്. നിലവില്‍ അത് 88 ലക്ഷം ഇന്ത്യൻ രൂപയായാണ് ഉയര്‍ത്തിരിക്കുന്നത്. അതേസമയം ഫീസ് വര്‍ധന പുതിയ അപേക്ഷകരെ മാത്രമേ ബാധിക്കുകയുള്ളുവെന്ന് യു.എസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് അറിയിച്ചിരുന്നു. പുതിയ നിയമപ്രകാരമുള്ള ഫീസ് ഒറ്റ തവണത്തേക്ക് മാത്രം ഈടാക്കുന്നതാണെന്നും വര്‍ഷം തോറും ഈടാക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.