
തമിഴ്‌നാട്ടിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതിയുടെ സുപ്രധാന നിര്‍ദേശങ്ങൾ. വോട്ടർ പട്ടികയിൽ നിന്നും വലിയ തോതിൽ ആളുകളെ ഒഴിവാക്കുന്നത് ആശങ്കാജനകമാണെന്ന് നിരീക്ഷിച്ച കോടതി, പട്ടികയിലെ പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കണമെന്ന് വ്യക്തമാക്കി. തമിഴ്‌നാട്ടിലെ 1.16 കോടി വോട്ടർമാർക്ക് ‘യുക്തിസഹമായ പൊരുത്തക്കേടുകൾ’ ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയ നടപടി ചോദ്യം ചെയ്ത് ഡിഎംകെ നേതാവ് ആർ എസ് ഭാരതി സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. പൊരുത്തക്കേടുകൾ കണ്ടെത്തിയ വോട്ടർമാരുടെ പട്ടിക അതാത് ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും താലൂക്ക് കേന്ദ്രങ്ങളിലും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കണം. പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 10 ദിവസത്തിനുള്ളിൽ വോട്ടർമാർക്ക് നേരിട്ടോ പ്രതിനിധികൾ വഴിയോ ആവശ്യമായ രേഖകൾ സമർപ്പിക്കാനും തടസ്സവാദങ്ങൾ അറിയിക്കാനും അവസരം നൽകണം.
പട്ടികയിൽ ഉൾപ്പെട്ടവർക്ക് എന്തുകൊണ്ടാണ് നോട്ടീസ് നൽകിയത് എന്നതിന്റെ കാരണം ചുരുങ്ങിയ വാക്കുകളിൽ വിവരിക്കണം. വോട്ടർ പട്ടിക പരിഷ്കരണ കേന്ദ്രങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഡിജിപിമാരും പൊലീസ് കമ്മിഷണർമാരും ശ്രദ്ധിക്കണം. ജില്ലാ കളക്ടർമാർ ആവശ്യത്തിന് ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കണം. തമിഴ്‌നാട്ടിൽ ഏകദേശം 1.72 കോടി വോട്ടർമാരെയാണ് പൊരുത്തക്കേടുകളുടെ പേരിൽ പരിശോധനയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞ വർഷം ബീഹാറിൽ നടന്ന വോട്ടർ പട്ടിക പരിഷ്കരണത്തിനിടെ 47 ലക്ഷം പേരെ ഒഴിവാക്കിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ മാതൃക ബംഗാളിലും കേരളത്തിലും നടപ്പിലാക്കുന്നതിനെതിരെയും കോടതിയിൽ പരാതികൾ നിലവിലുണ്ട്. കേരളത്തിൽ ഏകദേശം 24 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ നീക്കമുണ്ടെന്ന പരാതിയിൽ, ഇത്തരത്തിൽ ഒഴിവാക്കപ്പെടുന്നവരുടെ പട്ടിക പരസ്യപ്പെടുത്താൻ കഴിഞ്ഞ ആഴ്ച കോടതി നിര്‍ദേശിച്ചിരുന്നു. എസ്ഐആര്‍ പൗരത്വ പരിശോധനയ്ക്കുള്ള കുറുക്കുവഴിയാണെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾക്കിടെയാണ് സുപ്രീം കോടതിയുടെ ഈ ഇടപെടൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.