1 March 2026, Sunday

Related news

February 27, 2026
February 26, 2026
February 25, 2026
February 24, 2026
February 23, 2026
February 21, 2026
February 21, 2026
February 17, 2026
February 16, 2026
February 16, 2026

ജനമുന്നേറ്റം തുടര്‍ന്ന് മേഖലാ ജാഥകള്‍

Janayugom Webdesk
തിരുവനന്തപുരം
February 9, 2026 10:43 pm

സമാനതകളില്ലാത്ത ജനമുന്നേറ്റം സൃഷ്ടിച്ച് എല്‍ഡിഎഫ് മേഖലാ ജാഥകള്‍ പര്യടനം തുടരുന്നു. വാദ്യഘോഷങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ ആയിരങ്ങളാണ് ഓരോ കേന്ദ്രങ്ങളിലും ജാഥകളെ വരവേറ്റത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ കൊല്ലം, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ലീഡറായുള്ള വടക്കന്‍ മേഖലാ ജാഥ കോഴിക്കോട്, മലപ്പുറം, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന മധ്യമേഖലാ ജാഥ കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്നലെ പര്യടനം നടത്തിയത്. തെക്കന്‍ മേഖലജാഥ കൊല്ലം ജില്ലയില്‍ പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര, കുന്നത്തൂര്‍ മണ്ഡലങ്ങളില്‍ പര്യടനം നടത്തി. ജില്ലാ അതിര്‍ത്തിയായ പത്തനാപുരത്ത് ചുവപ്പ് സേന ഉജ്വല വരവേല്പ് നല്‍കി. പത്തനാപുരം സെന്‍ട്രല്‍ ജങ്ഷനില്‍ നിന്നും സല്യൂട്ട് നല്‍കി സ്വീകരിച്ച് സമ്മേളന നഗരിയായ ജനതാ ഗ്രൗണ്ടിലേക്ക് ആനയിച്ചു. ജി ആര്‍ രാജീവന്‍ അധ്യക്ഷനായി. കൊട്ടാരക്കരയില്‍ സ്വീകരണത്തില്‍ എസ് രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ചുവന്നമണ്ണായ കുന്നത്തൂര്‍ മണ്ഡലത്തില്‍ ജാഥയെത്തി. പി കെ ഗോപന്‍ അധ്യക്ഷത വഹിച്ചു. ഇന്ന് കരുനാഗപ്പള്ളി, ചവറ, കുണ്ടറ, കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിലാണ് സ്വീകരണം.

മധ്യമേഖലാ ജാഥ കോട്ടയം ജില്ലയിലെ പാലാ, കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ പൊൻകുന്നം, പൂഞ്ഞാർ മണ്ഡലത്തിലെ മുണ്ടക്കയം എന്നിവിടങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി ഇടുക്കി ജില്ലയിലേക്ക് പ്രവേശിച്ചു. പാലാ അരുണപുരം സൺ സ്റ്റാർ ഓഡിറ്റോറിയത്തിൽ നടന്ന മുഖാമുഖം പരിപാടിയിൽ പൗരപ്രമുഖരുമായി ജാഥാ ക്യാപ്റ്റനും അംഗങ്ങളും കൂടിക്കാഴ്ച നടത്തി. പാലായിൽ ലാലിച്ചൻ ജോർജും പൊൻകുന്നം രാജേന്ദ്രമൈതാനത്ത് സി ജി ജ്യോതിരാജും, മുണ്ടക്കയത്ത് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും അധ്യക്ഷരായി. തുടര്‍ന്ന് ജില്ലാ അതിര്‍ത്തിയായ 35-ാം മൈലിൽ നിന്ന് ജാഥയെ ഇടുക്കിയിലേക്ക് ആനയിച്ചു. വണ്ടിപ്പെരിയാർ, നെടുങ്കണ്ടം എന്നിവിടങ്ങളിൽ ഗംഭീര സ്വീകരണം. ഇന്ന് രാവിലെ 8.30ന് അടിമാലിയിൽ സൗഹൃദ സദസ് ചേരും. 10ന് അടിമാലി, പകൽ രണ്ടിന് ചെറുതോണി, വൈകിട്ട് നാലിന് തൊടുപുഴ എന്നിവിടങ്ങളിൽ ജാഥ എത്തും. വടക്കൻ മേഖലാ ജാഥയ്ക്ക് ബേപ്പൂർ മണ്ഡലത്തിലെ ഫറോക്കിലായിരുന്നു ആദ്യസ്വീകരണം. പുതിയ പാലം ജങ്ഷനിൽ നിന്നും വാദ്യഘോഷങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ ജാഥയെ ആനയിച്ചു. വിവിധ മേഖലകളിൽ മികവുതെളിയിച്ച മുപ്പതോളം പേരെ സ്വീകരണവേദിയിൽ ആദരിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ച ജാഥയെ ജില്ലാതിർത്തിയായ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം നൂറുകണക്കിനു പ്രവർത്തകർ ഹാരാർപ്പണം നൽകി വരവേറ്റു. വള്ളിക്കുന്ന് മണ്ഡലത്തിലെ തലപ്പാറയിൽ നടന്ന സ്വീകരണയോഗത്തിൽ ഇരുമ്പൻ സെയ്തലവി അധ്യക്ഷത വഹിച്ചു. ജില്ലാ ആസ്ഥാനമായ മലപ്പുറത്തായിരുന്നു ജാഥയുടെ സമാപനം. മുസ്തഫ കൂത്രാടന്‍ അധ്യക്ഷത വഹിച്ചു. ഇന്ന് കൊണ്ടോട്ടി, അരീക്കോട്, നിലമ്പൂർ. ചന്തക്കുന്ന് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് അഞ്ചിന് വണ്ടൂരിൽ സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.