25 February 2026, Wednesday

Related news

February 23, 2026
February 20, 2026
February 17, 2026
February 16, 2026
February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 10, 2026
February 6, 2026

അഭൂതപൂര്‍വ ജനപഥങ്ങളിലൂടെ മേഖലാ ജാഥകള്‍

Janayugom Webdesk
കണ്ണൂര്‍/തൃശൂര്‍
February 5, 2026 10:41 pm

എല്‍ഡിഎഫ് മേഖലാ വികസനമുന്നേറ്റ ജാഥകള്‍ അവിസ്മരണീയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി അഭൂതപൂര്‍വ ജനപഥങ്ങളിലൂടെ പര്യടനം തുടരുന്നു.
വടക്കന്‍ ജാഥ കണ്ണൂര്‍ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി വയനാട് ജില്ലയില്‍ പ്രവേശിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ജാഥയെ വരവേറ്റത് വന്‍ജനാവലി. കൊടികളും ബാനറുകളും ബഹുവര്‍ണ ബലൂണുകളുമേന്തിയ പ്രവര്‍ത്തകര്‍ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും വെടിക്കെട്ടുകളുടെയും അകമ്പടിയോടെ പ്രൗഢഗംഭീര സ്വീകരണമാണ് ഓരോ കേന്ദ്രങ്ങളിലും ഒരുക്കിയത്. പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പ്രഭാതസദസും മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയെയും തുടര്‍ന്നാണ് ജാഥ മമ്പറത്തെത്തിയത്. തുടര്‍ന്ന് പാനൂരിലെ സ്വീകരണത്തിനുശേഷം വയനാട് ജില്ലയിലേക്ക് പ്രവേശിച്ചു. മമ്പറത്ത് ടി പ്രകാശനും പാനൂരില്‍ കെ പി മോഹനന്‍ എംഎല്‍എയും അധ്യക്ഷരായി. ജാഥാ ക്യാപ്റ്റനും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയുമായ എം വി ഗോവിന്ദൻ, മാനേജറും സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗവുമായ പി സന്തോഷ് കുമാർ എംപി, മറ്റ് ജാഥാംഗങ്ങള്‍ എന്നിവര്‍ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു. 

അഞ്ചുമണിയോടെ വയനാട് തലപ്പുഴയിലെത്തിയ ജാഥയെ നേതാക്കളും പ്രവര്‍ത്തകരും സ്വീകരിച്ച് ആദ്യസ്വീകരണ കേന്ദ്രമായ മാനന്തവാടിയിലേക്ക് ആനയിച്ചു. ഗോദാവരി സമരഭൂമിയിൽ താമസിക്കുന്നവർ റോഡരികിൽ ജാഥാ ക്യാപ്റ്റനെ കാത്തു നൽക്കുന്നുണ്ടായിരുന്നു. ഇവരുമായി സംസാരിച്ച ശേഷമാണ് മാനന്തവാടിയിലെ സ്വീകരണത്തിനെത്തിയത്. ജാഥയ്ക്ക് സുല്‍ത്താന്‍ ബത്തേരിയിലും സ്വീകരണം നല്‍കി. മാനന്തവാടിയില്‍ വി കെ ശശിധരനും സുല്‍ത്താന്‍ ബത്തേരിയില്‍ കെ ജെ ദേവസ്യയും അധ്യക്ഷരായി. തീരദേശത്തെ തൊട്ടറിഞ്ഞായിരുന്നു തെക്കന്‍ മേഖലാ ജാഥയുടെ പര്യടനം. തൃശൂര്‍ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് ഇന്നലെ സഞ്ചരിച്ചത്. വര്‍ണക്കുടകളും വാദ്യമേളവുമായാണ് വിവിധ കേന്ദ്രങ്ങളില്‍ ജാഥാ സ്വീകരണം നടന്നത്. കേരളത്തില്‍ വികസന മുന്നേറ്റത്തിന്റെ തുടര്‍ച്ചകള്‍ക്കായി ഗുണഭോക്താക്കളും നാട്ടുകാരും വലിയ തോതില്‍ അണിചേര്‍ന്നു. പ്രവൃത്തി ദിവസവും ചുട്ടുപൊള്ളുന്ന വെയിലും അവഗണിച്ചാണ് വയോധികരുള്‍പ്പടെ ജഥയെ സ്വീകരിക്കാനെത്തിയത്. 

രാവിലെ 10ന് ഗുരുവായൂര്‍ ചാവക്കാട് ചത്വരത്തില്‍ നിന്ന് ആരംഭിച്ച ജാഥ 11 മണിക്ക് മണലൂര്‍ മണ്ഡലത്തില്‍ പ്രവേശിച്ചു. ഉച്ചയ്ക്ക് മൂന്നിന് നാട്ടികയിലെ ചേര്‍പ്പിലും നാലിന് കയ്പമംഗലം മതിലകം സെന്ററിലും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഒല്ലൂര്‍, തൃശൂര്‍ മണ്ഡലങ്ങളുടെ സംയുക്ത സ്വീകരണത്തോടെ സമാപിച്ചു. ചാവക്കാട് എന്‍ കെ അക്ബര്‍ എംഎല്‍എയും മണലൂരില്‍ വി ആർ മനോജും ചേര്‍പ്പില്‍ എ എസ് ദിനകരനും മതിലകത്ത് ഇ ടി ടൈസണ്‍ എംഎല്‍എയും ഒല്ലൂര്‍-തൃശൂര്‍ മണ്ഡലത്തിലെ സ്വീകരണത്തില്‍ മന്ത്രി കെ രാജനും അധ്യക്ഷരായി. വിവിധ സ്വീകരണ യോഗങ്ങളില്‍ ജാഥാ ക്യാപ്റ്റന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മാനേജര്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്, ജാഥാംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.