പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് ഇടപെട്ടിട്ടും റഷ്യൻ ആർമിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരുടെ മോചനം അനിശ്ചിതത്വത്തിൽ തുടരുന്നു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, കേരളം, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറോളം യുവാക്കളാണ് കബളിപ്പിക്കലിന് ഇരയായി റഷ്യ‑ഉക്രെയ്ന്‍ യുദ്ധമുഖത്തുള്ളത്. മലയാളി അടക്കം ഒമ്പത് ഇന്ത്യക്കാർ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടും ബാക്കിയുള്ളവരെ തിരികെയെത്തിക്കാനുള്ള യാതൊരു നടപടിയും കേന്ദ്രം സ്വീകരിച്ചിട്ടില്ല. റഷ്യന്‍ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി മോഡിയും പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി ഈ വിഷയം ചര്‍ച്ചചെയ്തിരുന്നു. തുടര്‍ന്ന് ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മോചനം ഇതുവരെ യാഥാര്‍ത്ഥ്യമായില്ല. ഉഭയ കക്ഷി ചർച്ച നടന്ന് മാസങ്ങളായിട്ടും ഇപ്പോഴും ഇന്ത്യക്കാരായ 66 പേർ യുദ്ധമുഖത്ത് ജോലിയിൽ തുടരുകയാണ്.
ചെറുകിട ജോലികൾക്കെന്ന് പറഞ്ഞ് റിക്രൂട്ട് ചെയ്യപ്പെടുന്നവരെ പിന്നീട് പരിശീലനം നൽകി പട്ടാളക്കാരായി മാറ്റുകയാണ് ചെയ്യുന്നത്.2022 മുതലുള്ള കണക്കുകൾ പ്രകാരം 91 പേരാണ് റഷ്യൻ പട്ടാളത്തിൽ ചേർന്ന ഇന്ത്യക്കാർ. ഇതിൽ 9 പേർ യുദ്ധത്തിൽ മരിച്ചു. 14 പേരെ മോചിപ്പിക്കാനായി. ശേഷിക്കുന്നവരെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. റഷ്യൻ പട്ടാളത്തിലേക്കുള്ള അനധികൃത റിക്രൂട്ട്മെന്റുകൾ സംബന്ധിച്ച് സിബിഐയും ഇന്ത്യൻ എംബസിയും അന്വേഷണം നടത്തുന്നുണ്ട്. സിബിഐ അന്വേഷണത്തിൽ അനധികൃത ഏജന്റുമാരെ തിരിച്ചറിഞ്ഞതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ലോക്‌സഭയിൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 3042 അനധികൃത ഏജന്‍സികളെയും 19 വ്യക്തികളെയും ഇതിനോടകം കണ്ടെത്തി.
ഉപജീവനത്തിനായി റഷ്യയിലെത്തിയവർ പൗരത്വം സ്വീകരിച്ചതും പട്ടാളവുമായി കരാറിലേർപ്പെട്ടതുമാണ് ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രധാന തിരിച്ചടിയെന്നായിരുന്നു വിദേശ കാര്യമന്ത്രാലയത്തിന്റെ മറുപടി. ഇക്കാര്യങ്ങൾ പട്ടാള റിക്രൂട്ട്മെന്റുകളുമായി ബന്ധപ്പെട്ട് നടക്കുന്ന കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളെയും ബാധിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.