19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

April 26, 2023
April 20, 2023
March 28, 2023
March 2, 2023
June 23, 2022
May 21, 2022
April 30, 2022
April 13, 2022
April 5, 2022
March 8, 2022

ഒരു കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിച്ച പ്രതിയെ വിട്ടയ്ക്കാൻ സുപ്രീം കോടതി ഉത്തരവ്

web desk
ന്യൂഡല്‍ഹി
March 28, 2023 4:22 pm

ഒരു കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിച്ച പ്രതിയെ വിട്ടയ്ക്കാൻ സുപ്രീം കോടതി ഉത്തരവ്. 28 വർഷത്തെ തടവിന് ശേഷം നാരായൺ ചേതൻ റാം ചൗധരിക്കാണ് ജയിൽ മോചനത്തിനുള്ള വഴിയൊരുങ്ങിയത്. കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതിക്ക് പ്രായപൂർത്തി ആയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു വിധി. 2015ലെ ജുവനൈൽ ജസ്റ്റിസ് നിയമം അനുസരിച്ചാണ് തീരുമാനമെന്ന് ജസ്റ്റിസ് കെ എം ജോസഫ, ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരുടെ ബെഞ്ച് പറഞ്ഞു.

പ്രായപൂർത്തി ആയ ശേഷമായിരുന്നു കേസിലെ വിചാരണ നടന്നതും വധശിക്ഷ വിധിച്ചതും എന്നാണ് കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ ഹാജരാക്കിയ വിവിധ രേഖകൾ അനുസരിച്ച് പ്രതിക്ക് പല പ്രായമാണ് കാണിക്കുന്നതെന്ന് മഹാരാഷ്ട്രാ സർക്കാർ കോടതിയിൽ വാദിച്ചു. കുറ്റപത്രം അനുസരിച്ച് 20–22 ഉം, വോട്ടർ പട്ടിക അനുസരിച്ച് കുറ്റകൃത്യം നടക്കുമ്പോൾ 19ഉം വയസുണ്ടെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ ഈ വാദം കോടതി പരിഗണിച്ചില്ല.

കുറ്റകൃത്യം നടക്കുന്ന സമയത്ത് ഇയാളുടെ പ്രായം 12 ആണെന്ന് തെളിയിക്കുന്ന രാജസ്ഥാനിലെ സർക്കാർ സ്കൂളിലെ സർട്ടിഫിക്കറ്റാണ് നാരായൺ ചേതൻ റാം ചൗധരിക്ക് രക്ഷയായത്. 1994ലായിരുന്നു നാരായൺ ചേതൻ റാം ചൌധരിയും കൂട്ടാളികളും ചേർന്ന് മോഷണ ശ്രമത്തിനിടെ അഞ്ച് സ്ത്രീകളെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരിലൊരാൾ ഗർഭിണിയും ആയിരുന്നു.

പൂനെയിലായിരുന്നു സംഭവം നടന്നത്. രാജസ്ഥാനിൽ നിന്ന് 1994ൽ സെപ്തംബർ അഞ്ചിനാണ് ഇയാളെ പിടികൂടുന്നത്. 1998ല്‍ കോടതി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചു. വധശിക്ഷ നൽകാനുള്ള തീരുമാനം ശരിയാണെന്ന് 2000 സെപ്തംബറിൽ സുപ്രീം കോടതിയും ശരിവച്ചിരുന്നു. കൂട്ടാളികളിലൊരാളായ ജീതേന്ദ്ര നൈൻസിംഗിന്റെ ശിക്ഷ 2016ൽ നടപ്പിലാക്കിയിരുന്നു.

നിലവിൽ നാഗ്പൂർ സെൻട്രൽ ജയിലിലാണ് നാരായൺ ചേതൻ റാം ചൗധരിയെ പാര്‍പ്പിച്ചിട്ടുള്ളത്. കുട്ടിയെന്ന നിലയിൽ പരമാവധി നൽകാനുള്ള തടവ് മൂന്ന് വർഷമാണ്. നാരായൺ ചേതൻ റാം ചൗധരി ഇതിനോടകം ഈ ശിക്ഷ അനുഭവിച്ചതായി കോടതി വിശദമാക്കി. അതിനാൽ നാരായൺ ചേതൻ റാം ചൗധരിയെ ഉടൻ വിട്ടയക്കണമെന്ന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.

 

Eng­lish Sam­mury: The Supreme Court has ordered the release of the accused who was sen­tenced to death in the case of killing sev­en mem­bers of a family

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.