7 December 2025, Sunday

Related news

December 6, 2025
November 29, 2025
November 26, 2025
November 24, 2025
November 22, 2025
November 22, 2025
November 21, 2025
November 17, 2025
November 17, 2025
November 16, 2025

യുഎസ് സമ്മർദത്തെ തുടർന്ന് റഷ്യൻ എണ്ണ ഇറക്കുമതി വെട്ടികുറച്ച് റിലയൻസ്

Janayugom Webdesk
മുംബൈ
November 5, 2025 9:24 am

യുഎസ് സമ്മർദത്തെ തുടർന്ന് റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് വെട്ടിക്കുറച്ച് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ്. റോസ്നെഫ്റ്റ്, ലുകോയിൽ തുടങ്ങിയ റഷ്യൻ എണ്ണ കമ്പനികൾക്കുമേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. ഈ കമ്പനികളിൽനിന്ന് എണ്ണ ഇറക്കുമതി പൂർണമായും അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് റിലയൻസ്. റഷ്യൻ എണ്ണ വാങ്ങുന്നത് യുഎസിലേക്കും യൂറോപിലേക്കുമുള്ള റിലയൻസിന്റെ കയറ്റുമതിയെ ബാധിക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

ഒക്ടോബറിൽ ദിനംപ്രതി 5,34,000 ബാരൽ എണ്ണയാണ് റിലയൻസ് റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്തിരുന്നത്. സെപ്റ്റംബറിൽ വാങ്ങിയതിനേക്കാൾ 23 ശതമാനം കുറവാണിത്. മാത്രമല്ല, ഏപ്രിൽ‑സെപ്റ്റംബർ കാലയളവിലെ ശരാശരിയെക്കാൾ 23 ശതമാനം താഴെയാണെന്നും നാവിക വ്യാപാരം നിരീക്ഷിക്കുന്ന കെപ്ലർ കമ്പനി പറയുന്നു. റിലയൻസിന്റെ മൊത്തം റഷ്യൻ എണ്ണയുടെ പങ്ക് 56 ശതമാനത്തിൽനിന്ന് 43 ശതമാനത്തിലേക്കും ഇടിഞ്ഞു. ഉപരോധം നിലവിൽ വരുന്ന നവംബർ 21ഓടെ റോസ്നെഫ്റ്റ്, ലുകോയിൽ കമ്പനികളുടെ എണ്ണ വാങ്ങുന്നത് പൂർണമായും അവസാനിപ്പിക്കും.

റഷ്യക്ക് പകരം സൗദി അറേബ്യയിൽനിന്നും ഇറാഖിൽനിന്നുമാണ് റിലയൻസ് കഴിഞ്ഞ മാസം ഏറ്റവും അധികം എണ്ണ ഇറക്കുമതി ചെയ്തത്. സൗദി എണ്ണയുടെ അളവ് 87 ശതമാനവും ഇറാഖ് എണ്ണയുടെ അളവ് 31 ശതമാനവും ഉയർന്നു. സെപ്റ്റംബറിൽ റിലയൻസ് വാങ്ങിയ മൊത്തം എണ്ണയിൽ 26 ശതമാനമായിരുന്നു ഇരുരാജ്യങ്ങളുടെയും പങ്ക്. എന്നാൽ, ഒക്ടോബറിൽ 40 ശതമാനമായി ഉയർന്നു. അതുപോലെ, യു.എസിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇരട്ടിയാക്കി. അഞ്ച് ശതമാനം ഇറക്കുമതിയിൽനിന്ന് പത്ത് ശതമാനത്തിലേക്കാണ് വർധിച്ചത്.

ആഗസ്റ്റിൽ ട്രംപ് ഇന്ത്യക്കെതിരെ 50 ശതമാനം നികുതി പ്രഖ്യാപിച്ചതോടെയുണ്ടായ വ്യാപാര അനിശ്ചിതാവസ്ഥയും യൂറോപ്യൻ യൂനിയൻ ജൂലായിൽ പ്രഖ്യാപിച്ച ഉപരോധവുമാണ് ഒക്ടോബറിലെ ഇറക്കുമതിയിൽ ഇടിവുണ്ടാകാൻ കാരണമെന്ന് റിലയൻസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, റോസ്നെഫ്റ്റിന് പകുതിയോളം ഓഹരി പങ്കാളിത്തമുള്ള നയാര എനർജി കഴിഞ്ഞ മാസം അധികം റഷ്യൻ എണ്ണയാണ് ഇറക്കുമതി ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.