
മഹാരാഷ്ട്ര സര്‍ക്കാരിനും ഉപമുഖ്യമന്ത്രി ഏക‌്നാഥ് ഷിന്‍ഡെയ്ക്കും ബോംബെ ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ഏക‌്നാഥ് ഷിന്‍ഡയെ വഞ്ചകനെന്ന് പരിഹസിച്ച കേസില്‍ കോമഡിയന്‍ കുനാല്‍ കമ്രയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. തനിക്കെതിരെ മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. മദ്രാസ് ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യം ഇന്നലെ അവസാനിച്ചതിന് പിന്നാലെയാണ് ബോംബെ ഹൈക്കോടതി അനുകൂലനിലപാട് സ്വീകരിച്ചത്.
ശിവസേന വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച ഏക്‌നാഥ് ഷിന്‍ഡയെ, മുംബൈയില്‍ നടന്ന സ്റ്റാന്‍ഡപ് കോമഡി ഷോയില്‍ കുനാല്‍ കമ്ര പരിഹസിച്ചിരുന്നു. തുടര്‍ന്ന് ഷിന്‍ഡെ അനുകൂലികള്‍ പരിപാടി നടന്ന സ്ഥലത്ത് അക്രമം നടത്തുകയും കുനാലിനെ ഭീഷണിപ്പെടുത്തുകയും മുന്‍സിപ്പാലിറ്റി വേദിയുടെ ഒരുഭാഗം പൊളിക്കുകയും ചെയ്തിരുന്നു. അക്രമം പ്രതികാര നടപടിയാണെന്ന് ഷിന്‍ഡെ തന്നെ അവകാശപ്പെട്ടിരുന്നു. ശിവസേന എംഎല്‍എ മുരാജി പട്ടേലിന്റെ പരാതി പ്രകാരം അപകീര്‍ത്തിപ്പെടുത്തല്‍, ക്രമസമാധാനം നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. ആര്‍ട്ടിക്കിള്‍ 19(1) (എ) ഉറപ്പുനല്‍കുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളാണ് കുനാലിന്റെ ആക്ഷേപഹാസ്യ പരാമര്‍ശങ്ങളിലുള്ളതെന്നും അത് കുറ്റകൃത്യമല്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ആവിഷ്ക്കാര സ്വതന്ത്ര്യം ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും നിയമ സംവിധാനത്തെ ദുരുപയോഗം ചെയ്യാനുള്ള ശ്രമമാണിതെന്നും വാദിച്ചു. പ്രാഥമിക അന്വേഷണം നടത്താതെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്, പരാതിക്കാരനായ ഷിന്‍ഡെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടില്ല തുടങ്ങിയ വസ്തുതകളും നടപടിക്രമങ്ങളിലെ പിഴവുകളും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വധഭീഷണിയുണ്ടായിട്ടും മുംബൈയില്‍ ഹാജരാകണമെന്ന് പൊലീസ് നിര്‍ബന്ധിക്കുന്നതായും കോടതിയെ അറിയിച്ചു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 21‑ന്റെ ലംഘനമാണ് കുനാല്‍ നടത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. ഇരുഭാഗത്തിന്റെയും വാദം കേട്ട ജസ്റ്റിസുമാരായ സാരംഗ് കോട്‍വാള്‍, ശ്രീറാം മോദക് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പറയാനായി കേസ് മാറ്റുകയായിരുന്നു. അതോടൊപ്പം കമ്രയ്ക്ക് ഇടക്കാല സംരക്ഷണം അനുവദിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.