വയനാട് ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകാനുള്ള തൃക്കാക്കര നഗരസഭയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് മുസ്ലിം ലീഗ് നേതാക്കൾ രംഗത്ത്. തങ്ങളോട് ആലോചിക്കാതെയാണ് തീരുമാനം എടുത്തതെന്ന് ഇരുവിഭാഗം നേതാക്കളും ആരോപിച്ചു. ഇതോടെ നഗരസഭ തീരുമാനിച്ച 50 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നത് അനിശ്ചിതത്തിലായി. പണം നൽകുന്ന കാര്യം അറിയിച്ചില്ലന്ന പരാതി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും കൗൺസിലറുമായ റാഷിദ് ഉള്ളംമ്പള്ളിയും ലീഗ് കൗൺസിലർ എ എ ഇബ്രാഹിം കുട്ടിയും കൗൺസിൽ യോഗത്തിൽ ഉന്നയിച്ചു. നഗരസഭാ അധ്യക്ഷ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാത്തതിനാൽ വിഷയം അടുത്ത കൗൺസിലിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചു.
കഴിഞ്ഞ 13-ാം തീയതി നഗരസഭ അധ്യക്ഷ രാധാമണിപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചത്. യോഗത്തിൽ വൈസ് ചെയർമാൻ പി എം യൂനസ്, സ്ഥിരം സമിതി അധ്യക്ഷൻ മാരായ നൗഷാദ് പല്ലച്ചി, സ്മിതാ സണ്ണി, പ്രതിപക്ഷനേതാവ് എം കെ ചന്ദ്രബാബു എന്നിവരാണ് പങ്കെടുത്തത്. ഐ വിഭാഗം സ്ഥിരം അധ്യക്ഷൻ മാർ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. നേതാക്കളെ അറിയിക്കാതെ തീരുമാനിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് ഇപ്പോൾ കൈമാറേണ്ട എന്ന് നഗരസഭ അധ്യക്ഷയോട് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.