27 December 2024, Friday
KSFE Galaxy Chits Banner 2

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തില്‍; അഞ്ചാം തവണയും യുഎസ് മതസ്വാതന്ത്ര്യ കമ്മിഷന്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 3, 2024 10:31 pm

ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മിഷന്‍. അങ്ങേയറ്റം മോശമായ നിലയില്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണെന്ന് സമിതി വൈറ്റ് ഹൗസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ ഇന്ത്യക്കുമേല്‍ പ്രത്യേക നിരീക്ഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. തുടര്‍ച്ചയായ അഞ്ചാം വട്ടമാണ് മതസ്വാതന്ത്ര്യ കമ്മിഷന്‍ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കിയുളള റിപ്പോര്‍ട്ട് അമേരിക്കന്‍ കോണ്‍ഗ്രസിന് സമര്‍പ്പിച്ചത്.

സാമ്പ്രദായിക രീതിയിലാണ് സ്ഥിരമായി മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നത്. മതസ്വാതന്ത്ര്യവും മനുഷ്യാവകാശ ലംഘനവും സമാന്തര പാതയിലാണ് പുരോഗമിക്കുന്നത്. 2023 മുതല്‍ ബിജെപിയുടെ തീവ്രദേശീയ ബോധത്തിന്റെ ഭാഗമായി ന്യൂനപക്ഷ വിരുദ്ധതയും അതിക്രമങ്ങളും വര്‍ധിച്ചു. രാജ്യത്ത് വര്‍ഗീയ കലാപം സ്ഥിരം പ്രതിഭാസമായി. മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ദളിത്, ജൂത, ആദിവാസി വിഭാഗങ്ങള്‍ ഇതിന്റെ ഇരകളായി മാറി. ഗോസംരക്ഷണത്തിന്റെ മറവില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് മുസ്ലിം വേട്ട വര്‍ധിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണം വ്യാപകമായത്. ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ മുസ്ലിങ്ങള്‍ ഭീതിയോടൊയാണ് ജീവിക്കുന്നത്.
ആള്‍ക്കൂട്ട കൊലപാതക നിരക്കും ഗണ്യമായി വര്‍ധിച്ചു. മുസ്ലിം പള്ളികളും ക്രിസ്ത്യന്‍ ആരാധനാലയങ്ങളും വ്യാപകമായി അക്രമത്തിനിരയായി. മോഷണ ശ്രമങ്ങള്‍ ഉള്‍പ്പെടെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പല സംസ്ഥാനങ്ങളിലും മുസ്ലിങ്ങള്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരകളായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയെ ഏറ്റവും ശ്രദ്ധ പുലര്‍ത്തേണ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കണ്ട് നിരീക്ഷിക്കേണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ 13ലും മതപരിവര്‍ത്തന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഭരണഘടന അനുവദിക്കുന്ന ഏത് മതത്തിലും വിശ്വസിക്കാനുള്ള അവകാശമാണ് ബിജെപി സര്‍ക്കാര്‍ തകര്‍ത്തത്. ഒരു വര്‍ഷത്തിലധികമായി മണിപ്പൂരില്‍ നടക്കുന്ന കുക്കി- മേയ്തി വംശീയ കലാപവും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. 2023 മേയ് മാസം ആരംഭിച്ച വംശീയ കലാപത്തെത്തുടര്‍ന്ന് ഇതിനകം 237 പേര്‍ക്ക് ജീവന്‍ നഷ്ടമായയി. 59,000 പേര്‍ക്ക് സ്വന്തം ഭവനം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. 

മതസ്വാതന്ത്ര്യം ലംഘിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം നടത്തുന്ന വ്യക്തികളെയും സംഘടനകളെയും കരിമ്പട്ടികയില്‍ പെടുത്താന്‍ നിര്‍ദേശിക്കണമെന്നും ശുപാര്‍ശയുണ്ട്. ഉഭയകക്ഷി ചര്‍ച്ചകളിലും അന്താരാഷ്ട്ര ഫോറങ്ങളിലും കളങ്കിത വ്യക്തികളെയും സ്ഥാപനങ്ങളെയും വിലക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും യുഎസ് സമിതി ശുപാര്‍ശ ചെയ്യുന്നു. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഗുരുതരമെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചത്. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന വിദ്വേഷ പ്രസംഗം, മതപരിവര്‍ത്തന നിരോധന നിയമം, ന്യൂനപക്ഷങ്ങളുടെ ഭവനങ്ങളും ആരാധാനാലയങ്ങളും ഇടിച്ചുനിരത്തുന്ന നടപടി തുടങ്ങിയവ ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.