മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡയ്ക്കെതിരെ പരിഹാസ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്രയ്ക്ക് ഏപ്രിൽ 7 വരെ ഇടക്കാല മുൻകൂർ ജാമ്യം നൽകി മദ്രാസ് ഹൈക്കോടതി.
ഷിൻഡയെ പരിഹസിച്ചതുമായി ബന്ധപ്പെട്ട് പുലിവാല് പിടിച്ച കമ്ര, മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് കോടതിയുടെ ഉത്തരവ്. താൻ തമിഴ്നാട്ടിലെ വില്ലുപുരം സ്വദേശിയാണെന്നും മുംബൈ പൊലീസിൻറെ അറസ്റ്റിനെ ഭയക്കുന്നുവെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.
വില്ലുപുരം ജില്ലയിലെ വാനൂർ ജുഡീഷ്യൽ മജിസ്ട്രേറ്റിനെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ബോണ്ട് നൽകണമെന്ന വ്യവസ്ഥയിലാണ് ജസ്റ്റിസ് സുന്ദർ മോഹൻ, കമ്രയ്ക്ക് ഇളവ് അനുവദിച്ചിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയ്ക്ക്(ഖാർ പൊലീസ്) നോട്ടീസ് അയച്ച കോടതി കേസ് ഏപ്രിൽ 7ലേക്ക് മാറ്റി വച്ചു.
ഷിൻഡയെക്കുറിച്ചുള്ള പരിഹാസ പരാമർശങ്ങൾ വൻ വിവാദത്തിന് കാരണമാകുകയും, 36 കാരനായ സ്റ്റാൻഡ് അപ്പ് കൊമേഡിയനെ കുഴപ്പത്തിലാക്കുകയുമായിരുന്നു. മുംബൈ, ഖാറിലെ ഹാബിറ്റാറ്റ് കോമഡി ക്ലബിൽ, ഷിൻഡയെ രാജ്യദ്രോഹി എന്നർത്ഥം വരുന്ന ഗദ്ദാർ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ഒരു പാരഡി ഗാനം കമ്ര അവതരിപ്പിക്കുകയുണ്ടായി. തുടർന്ന് ഞായറാഴ്ച രാത്രി ശിവസേന അനുയായികൾ ക്ലബും ഹോട്ടലും നശിപ്പിച്ചുകൊണ്ട് വൻ പ്രതിഷേധം ഉയർത്തി.
അതേസമയം കോടതിയിൽ ഹാജരായ കൊമേഡിയൻറെ അഭിഭാഷകൻ അദ്ദേഹം, തൻറെ ഷോയിൽ ആരെയും പ്രത്യേകമായി പരാമർശിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി. കമ്ര അറിയപ്പെടുന്നൊരു കൊമേഡിയനാണെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ആക്ഷേപഹാസ്യങ്ങൾ അഭിപ്രായ സ്വാതന്ത്യമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
കമ്രയ്ക്ക് ജീവന് ഭീഷണിയുള്ളതിനാൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്നും അഭിഭാഷകന കോടതിയിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.