
ചരിത്രഗതിയെ മാറ്റിയെഴുതിയ ഒക്ടോബർ വിപ്ലവത്തിന്റെ ധീരോജ്വല സ്മരണകളും മഹത്തായ സന്ദേശവും ജനങ്ങളിലേക്ക് വീണ്ടുമെത്തിക്കാൻ മുന്നിട്ടിറങ്ങണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭ്യർത്ഥിച്ചു.
മഹത്തായ വിപ്ലവം നടന്നിട്ട് നവംബർ ഏഴിന് 108 വർഷങ്ങൾ പൂർത്തിയാകുകയാണ്. 1917 നവംബർ ഏഴിനാണ് ലെനിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ അന്നോളമുള്ള അധികാരഘടനയെ മാറ്റി മറിച്ചുകൊണ്ട് ഒരു പുതിയ ലോകക്രമത്തിന് ആരംഭം കുറിച്ചത്. ‘പകൽകിനാവ്’ എന്ന് പരിഹസിച്ചുകൊണ്ട് ലോകത്തെമ്പാടുമുള്ള പിൻതിരിപ്പന്മാർ തള്ളിപ്പറഞ്ഞ കമ്മ്യൂണിസമെന്ന ആ മഹാസ്വപ്നം അന്ന് ലെനിന്റെ നേതൃത്വത്തിൽ റഷ്യയിൽ യാഥാർത്ഥ്യമായി. പിന്നീടുള്ള ഏഴര പതിറ്റാണ്ടോളം സോവിയറ്റ് യൂണിയനിൽ നിലനിന്ന സാമൂഹ്യ വ്യവസ്ഥ എല്ലാ ഭൂഖണ്ഡങ്ങളിലെയും രാജ്യങ്ങൾക്ക് മാതൃകയായി. സാമ്രാജ്യത്വ അധിനിവേശ തന്ത്രങ്ങളെ തടയുകയും ദരിദ്രരാജ്യങ്ങൾക്ക് താങ്ങാകുകയും ചെയ്ത അനിഷേധ്യ ശക്തിയായി ആ രാജ്യം ലോകത്തിന് വഴികാട്ടിയായി.
പിന്നീട് മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കി ജനകീയ ഭരണകൂടങ്ങൾ ലോകത്തിന്റെ മൂന്നിലൊന്നു ഭാഗങ്ങളിലും അധികാരത്തിലേറി. ഒക്ടോബർ വിപ്ലവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് കോളനി രാജ്യങ്ങളിലാകെ സ്വാതന്ത്ര്യ പ്രസ്ഥാനം പുതിയ ചൈതന്യം ഉൾക്കൊണ്ടു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ദേശീയ വിമോചനത്തിന് അത് ഉത്തേജനം പകർന്നുവെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
ഹിറ്റ്ലറുടെ നാസിപ്പട ആഞ്ഞടിച്ചപ്പോൾ അവരെ ചെറുത്ത് തോൽപ്പിച്ചതും അമേരിക്കൻ സാമ്രാജ്യത്വം വിവിധ രാജ്യങ്ങൾക്ക് നേരെ അക്രമമഴിച്ചു വിടുകയും യുദ്ധഭീഷണി മുഴക്കുകയും ചെയ്തപ്പോഴൊക്കെ കാവലാളായി നിലയുറപ്പിച്ചതും സോവിയറ്റ് യൂണിയനായിരുന്നു. സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് രാഷ്ട്ര സമൂഹവും ഇല്ലാതായതിന്റെ പ്രത്യാഘാതങ്ങൾ ലോക രാജ്യങ്ങൾ ഇന്നും അനുഭവിക്കുയാണ്. തന്നിഷ്ടംപോലെ ലോകരാജ്യങ്ങൾക്കുമേൽ വ്യാപാര ചുങ്കം അടിച്ചേൽപ്പിക്കുന്ന ട്രംപിസത്തിനുവരെ ആ തകർച്ച കാരണമായി. അതുകൊണ്ടുതന്നെ ഒക്ടോബർ വിപ്ലവ സ്മരണകളും ചരിത്രവും എല്ലാ കാലത്തേക്കുമുള്ള വഴികാട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.