20 December 2025, Saturday

Related news

December 19, 2025
December 19, 2025
December 18, 2025
December 16, 2025
December 16, 2025
December 14, 2025
December 13, 2025
December 12, 2025
December 7, 2025
December 6, 2025

സിപിഐ സംസ്ഥാന സമ്മേളനത്തിളക്കത്തിലേക്ക് ചുടുകാട്ടിലെ രണസ്മരണകൾ

ജി ബാബുരാജ്
ആലപ്പുഴ
August 26, 2025 9:56 pm

ദിവാൻ ഭരണത്തിനും ബ്രിട്ടീഷുകാരുടെ ചോറ്റു പട്ടാളത്തിനുമെതിരെ ആഴ്ചകളോളം നീണ്ട ഉജ്വല പോരാട്ടം. സർ സി പി യുടെ അമേരിക്കൻ മോഡൽ ഭരണത്തിനെതിരെ പോരാടി നിറതോക്കുകൾക്കു മുന്നിൽ പിടഞ്ഞു വീണ നൂറുകണക്കിനു സഖാക്കൾ. പുന്നപ്രയും വയലാറും മാരാരിക്കുളവും മേനാശ്ശേരിയും 1122 തുലാം മാസത്തിൽ (1946 ഒക്ടോബർ) സാക്ഷ്യം വഹിച്ച സമരത്തെ സൈനിക ബലത്തിൽ കുരുതിക്കളമാക്കുകയായിരുന്നു ദിവാന്റെ പട്ടാളം.
കമ്മ്യൂണിസ്റ്റ്, തൊഴിലാളിവർഗ പോരാട്ടത്തിൽ സമാനതകളില്ലാത്തതെന്ന് ചരിത്രം രേഖപ്പെടുത്തുന്ന ഈ മഹാ പ്രക്ഷോഭത്തിന്റെ ഭൂമികയാണ് ഇത്തവണ സിപിഐ സംസ്ഥാനസമ്മേളനത്തിന് ആതിഥ്യമരുളുന്നത്. പുന്നപ്ര‑വയലാറില്‍ വെടിയേറ്റ് മരിച്ച സഖാക്കളെയും പാതി ജീവനോടെ വീണു കിടന്നവരെയും പട്ടാളം പെട്രോളൊഴിച്ച് കത്തിച്ച വലിയ ചുടുകാട്ടിൽ നിന്ന് വിളിപ്പാടു ദൂരമേയുള്ളൂ പ്രതിനിധി സമ്മേളനം നടക്കുന്ന കാനം രാജേന്ദ്രൻ നഗറിലേയ്ക്ക് (എസ് കെ കൺവെൻഷൻ സെന്റർ) എന്നത് മറ്റൊരു യാദൃച്ഛികത. 

ഐതിഹാസികമായ തൊഴിലാളി പ്രക്ഷോഭത്തിന്റെ സ്മരണകൾ ഇന്നും വലിയ ചുടുകാട്ടിൽ ഇരമ്പുന്നു. ധീര രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണ് എന്ന നിലയിൽ വലിയ ചുടുകാട് ചരിത്രത്തിലെ തങ്ക ലിഖിതമാണ്. കോളനിവാഴ്ച അവസാനിപ്പിച്ച് ഇന്ത്യയ്ക്ക് സ്വാത്രന്ത്ര്യം നൽകുന്നതിനെക്കുറിച്ച് ബ്രിട്ടനിൽ ചർച്ചകൾ നടന്നുകൊണ്ടിരുന്നു. നാട്ടുരാജ്യങ്ങൾ പലതും ഇന്ത്യൻ യൂണിയനിൽ ലഭിക്കാൻ സന്നദ്ധവുമായി. എന്നാൽ തിരുവിതാംകൂറിനെ പ്രത്യേകമായി നിലനിർത്താനായിരുന്നു ദിവാൻ സി പി രാമസ്വാമി അയ്യരുടെ തീരുമാനം. സ്വാതന്ത്ര്യ വാഞ്ഛയ്ക്കൊപ്പം ജന്മി- ഫ്യൂഡൽ വ്യവസ്ഥിതിക്കെതിരായ വികാരവും നാട്ടിൽ ശക്തമായിരുന്നു. ഒപ്പം ദിവാന്റെ നിലപാടിനെതിരായ ജനവികാരവും. ചെങ്കൊടിക്കു കീഴിൽ തൊഴിലാളികൾ അണിനിരന്ന പുന്നപ്ര മുതൽ ചേർത്തലവരെയുള്ള പ്രദേശങ്ങളിലാണ് സമരോത്സുകത ഏറെ പ്രകടമായത്. കയർ ഫാക്ടറി തൊഴിലാളി യൂണിയനു കീഴിലുള്ള തൊഴിലാളികളായിരുന്നു അവരിലേറെയും. പാറപ്രം സമ്മേളനം കഴിഞ്ഞ് കമ്യൂണിസ്റ്റ് പാർട്ടി കരുത്താർജിച്ചു വരുന്ന കാലം കൂടിയായിരുന്നു അത്. 

മാരാരിക്കുളം മേഖലയിൽ പൂജവെളി, മുഹമ്മ, കണ്ണാർകാട് എന്നിവിടങ്ങളിലും മേനാശേരിയിലും പുന്നപ്ര, വയലാർ എന്നിവിടങ്ങളിലും പരിശീലനം സിദ്ധിച്ച വോളണ്ടിയർമാർ പട്ടാളത്തെ നേരിടാൻ ഉറച്ചു നിന്നു. പട്ടാളം ഇരച്ചെത്തുന്ന പാലം തകർത്താണ് ആദ്യ ദിവസങ്ങളിൽ സഖാക്കൾ പ്രതിരോധം തീർത്തത്. ആർത്തിരമ്പിയ ജനക്കൂട്ടത്തിനു നേരെ പട്ടാളം നടത്തിയ വെടിവെപ്പിൽ നിരവധി പേർ രക്തസാക്ഷികളായി. കൊല്ലവർഷം 1122 തുലാം 9 ന് (1946 ഒക്ടോബർ 26 ) ആയിരുന്നു ഈ സംഭവം. എത്ര ജീവാപായം നേരിട്ടാലും ലക്ഷ്യം നേടുന്നതു വരെ പോരാട്ടം തുടരണമെന്ന നിലപാടിലായിരുന്നു വിവിധ ക്യാമ്പുകളിലുണ്ടായിരുന്ന സഖാക്കൾ. മേനാശ്ശേരിയിൽ തുലാം 10 ന് നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടവരെ പട്ടാളം അവിടെ കുളത്തിൽ കുഴിച്ചുമൂടി. അക്കൂട്ടത്തിൽ ക്യാമ്പിൽ സന്ദേശവാഹകനായി പ്രവർത്തി ച്ചിരുന്ന കടക്കരപ്പള്ളി സ്വദേശി അനഘാശയൻ എന്ന 12 കാരനുമുണ്ടായിരുന്നു. 

പുന്നപ്രയിലും വയലാറിലും പട്ടാളത്തിനെതിരെ അതിശക്തമായ ചെറുത്തു നില്പാണുണ്ടായത്. വയലാറിൽ ഡി എസ് പി വൈദ്യനാഥ അയ്യരുടെ നേതൃത്വത്തിൽ കായൽ മാർഗ്ഗമെത്തിയ പട്ടാളം നാലു ദിക്കിൽ നിന്നും ക്യാമ്പിലേക്ക് നിറയൊഴിച്ചു. തുലാം 10 ന് ഉച്ചയ്ക്ക് തുടങ്ങിയ മനുഷ്യക്കുരുതി നേരമിരുട്ടുവോളം തുടർന്നു. പുന്നപ്രയിലും വയലാറിലും വെടിയേറ്റു മരിച്ചവരെയും അല്പപ്രാണനുമായി കിടന്നവരെയും പട്ടാളം വലിയ ചുടുകാട്ടിൽ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
പുന്നപ്ര വയലാർ ബ്രിട്ടീഷ് സേനയ്ക്കു മേൽ ആധിപത്യം നേടിയ ഒരു പ്രക്ഷോഭമായിരുന്നില്ല. എന്നാൽ രാജ്യത്തിന്റെ അധികാരക്കൈമാറ്റം വേഗത്തിലാക്കാൻ ബ്രിട്ടനെ ഈ സമരം പ്രേരിപ്പിച്ചു. രാജ്യത്തിന്റെ ഇതരഭാഗങ്ങളിൽ നടന്നു വന്ന സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളെയും പുന്നപ്ര വയലാർ സ്വാധീനിച്ചു. വൈകാതെ നാട് സ്വാതന്ത്ര്യലബ്ധിയിലേക്കും നീങ്ങി. അക്കാലം മുതൽ വലിയ ചുടുകാട് ധീര രക്തസാക്ഷികളുടെയും പോരാട്ടത്തിന്റെയും സ്മരണകൾ ഇരമ്പുന്ന പ്രതീകമാണ്. 1133 തുലാം 7 ന് (1957 ഒക്ടോബർ 23 ) പുന്നപ്ര വയലാർ സേനാനി കൂടിയായ കമ്മ്യൂണിസ്റ്റ് നേതാവ് ആർ സുഗതനാണ് ഇവിടുത്തെ രക്ത സാക്ഷി മണ്ഡപത്തിനു ശിലയിട്ടത്. 1148 തുലാം 6 ന് (1972 ഒക്ടോബർ 22) ടി വി തോമസ് ഉദ്ഘാടനം ചെയ്തു. പി കൃഷ്ണപിള്ള മുതൽ ഏറ്റവുമൊടുവിൽ വി എസ് അച്യുതാനന്ദൻ വരെയുള്ള നേതാക്കൾക്ക് അന്ത്യവിശ്രമമൊരുക്കിയതും ഇവിടെയാണ്. ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും ഒന്നിച്ചാണ് വലിയ ചുടുകാടിന്റെ സംരക്ഷണ ചുമതല നിർവഹിക്കുന്നത്. 

നാലു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം സംസ്ഥാന സമ്മേളനം വീണ്ടുമെത്തുമ്പോൾ സമ്മേളനവേദിയായ കളർകോട്ടെ കാനം രാജേന്ദ്രൻ നഗറിലും വലിയ ചുടുകാടിന്റെ രണ സ്മരണകൾ അലയടിക്കും. ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകരും അനുഭാവികളും വലിയ ചുടുകാട്ടിലെത്തി രക്തസാക്ഷി സ്മരണയ്ക്കു മുന്നിൽ പുഷ്പങ്ങൾ അർപ്പിക്കുന്നതും പതിവാണ്. ഇടതു പാർട്ടികളിൽ നിന്നുള്ള മുഖ്യമന്ത്രിമാരും മന്ത്രിമാരും സത്യപ്രതിജ്ഞയ്ക്കു മുമ്പ് ഇവിടെയെത്തി പുഷ്പചക്രം അർപ്പിക്കാറുണ്ട്. 1957 മുതൽ ഈ പതിവും മുടങ്ങിയിട്ടില്ല. 

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.