15 November 2024, Friday
KSFE Galaxy Chits Banner 2

മുംബൈയും മണിപ്പൂരും ഓര്‍മ്മപ്പെടുത്തുന്നത്

Janayugom Webdesk
April 14, 2023 5:00 am

വര്‍ഷം ഇന്ത്യയിലെ ഈസ്റ്റര്‍ ശ്രദ്ധേയമായത് പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ ക്രൈസ്തവ ആരാധനാലയങ്ങളിലെ സന്ദര്‍ശനം കൊണ്ടായിരുന്നു. ഈസ്റ്ററിന് മുമ്പും ശേഷവുമായി ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയെ പ്രകീര്‍ത്തിച്ചു. ഇത് ബിജെപി-ക്രൈസ്തവ ന്യൂനപക്ഷ ബന്ധത്തില്‍ വലിയ മാറ്റത്തിന്റെ സൂചനയാണെന്ന് വിലയിരുത്തലുണ്ടായി. എന്നാല്‍ വലിയൊരു വിഭാഗം ബിജെപി നേതാക്കളുടെ കാപട്യവും പ്രകീര്‍ത്തിച്ച് രംഗത്തെത്തിയ പുരോഹിതരുടെ ദുരുദ്ദേശ്യവും വ്യാപകമായി തുറന്നുകാട്ടപ്പെടുകയും ചെയ്തു. പെട്ടെന്നുള്ള ക്രൈസ്തവ സ്നേഹവും അരമന സന്ദര്‍ശനവും താല്‍ക്കാലിക വോട്ടുലാഭം ലക്ഷ്യം വച്ചുള്ള പ്രഹസനം മാത്രമാണെന്ന് വ്യക്തമാണ്. അല്ലെന്ന് ബോധ്യപ്പെടുത്തേണ്ടത് ബിജെപി നേതാക്കളും അനുകൂല പ്രസ്താവന നടത്തിയ സമുദായനേതാക്കളുമാണ്. ഇന്ത്യയിലെ പൊതുസമൂഹവും യഥാര്‍ത്ഥ ക്രൈസ്തവ വിശ്വാസികളും ഉന്നയിക്കുന്ന പ്രധാന വിഷയത്തെ സംബന്ധിച്ച് ഇരുവിഭാഗവും കടുത്ത മൗനമാണ് പാലിക്കുന്നതെന്നതുതന്നെ കാരണം. ബിജെപി ഭരണത്തിനുകീഴില്‍ ക്രൈസ്തവ സമുദായാംഗങ്ങള്‍ നേരിടുന്ന അതിക്രമങ്ങളോ അവഗണനകളോ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുന്ന സംഭവങ്ങളോ സംബന്ധിച്ച് ഇരുവിഭാഗങ്ങളും ഉത്തരം നല്കിയിട്ടില്ല. ക്രൈസ്തവര്‍ മാറിയിരിക്കുന്നുവെന്ന് ബിജെപി നേതാക്കള്‍ ആവര്‍ത്തിക്കുന്നു. ചില സമുദായ നേതാക്കളാകട്ടെ പ്രധാനമന്ത്രി മോഡിയെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. അതിനപ്പുറം യഥാര്‍ത്ഥ പ്രശ്നത്തില്‍ നിലപാട് പറയുന്നതിന് ഇരുകൂട്ടരും തയ്യാറായിട്ടില്ല. ഞായറാഴ്ചയാണ് പ്രധാനമന്ത്രി ഡല്‍ഹിയിലെ തിരുഹൃദയ ദേവാലയം സന്ദര്‍ശിച്ചത്. പെട്ടെന്നുള്ള സന്ദര്‍ശനമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരുന്നുവെങ്കിലും പതിവുപോലെ മാധ്യമങ്ങള്‍ തത്സമയ സംപ്രേഷണത്തിന് കാലേക്കൂട്ടി സന്നിഹിതരായിരുന്നു. മോഡിയുടെ മാധ്യമ നിര്‍വഹണസംഘം നന്നായി ജോലി ചെയ്തുവെന്നര്‍ത്ഥം. അരമന സന്ദര്‍ശനം നടത്തുന്നതിന് മുന്നോടിയായാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ള സമുദായ നേതാക്കളുടെ ബിജെപി അനുകൂല പ്രസ്താവനയുണ്ടായത് എന്നത് ചേര്‍ത്തുവായിക്കേണ്ടതുമാണ്.


ഇതുകൂടി വായിക്കൂ:  ഗുജറാത്തിനെ വല്ലാതെ ഭയക്കുന്ന ബിജെപി


പക്ഷേ പ്രസ്തുത സന്ദര്‍ശനത്തിന്റെയും അനുകൂല പ്രസ്താവനയുടെയും അലയൊലികള്‍ അടങ്ങും മുമ്പാണ് മണിപ്പൂരില്‍ നിന്നും മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്നും ബുധനാഴ്ച രണ്ട് വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളാണ് ഇവ. മൂന്ന് ക്രൈസ്തവാരാധനാലയങ്ങള്‍ ബിജെപി സര്‍ക്കാര്‍ ഇടിച്ചു നിരത്തിയെന്നാണ് മണിപ്പൂരില്‍ നിന്നുള്ള വാര്‍ത്ത. ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ചർച്ച്, ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് മണിപ്പൂർ, കാത്തലിക് ഹോളി സ്പിരിറ്റ് ചർച്ച് എന്നിവയാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്. 1974 മുതൽ ആരാധന നടത്തിക്കൊണ്ടിരുന്നവയാണ് ഈ മൂന്ന് പള്ളികളും. അനധികൃതനിര്‍മ്മാണമെന്ന് കാട്ടിയാണ് വൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൊളിച്ചുകളഞ്ഞത്. നേരത്തെ നല്കിയ ഒഴിപ്പിക്കല്‍ നോട്ടീസിനെതിരെ നിലവിലുണ്ടായിരുന്ന കോടതിവിലക്ക് ഹൈക്കോടതിയില്‍ ചെന്ന് നീക്കിയാണ് സര്‍ക്കാര്‍ ഇടിച്ചുനിരത്തല്‍ നടപ്പിലാക്കിയത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന വിശദീകരണവും നല്കി. ജനസംഖ്യയില്‍ 40 ശതമാനത്തിലധികം പേര്‍ ക്രൈസ്തവ മതവിശ്വാസികളായ സംസ്ഥാനത്താണ്, ന്യൂനപക്ഷങ്ങള്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ബിജെപിയുടെ സര്‍ക്കാര്‍ ഈ കൃത്യം നടത്തിയിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: നാണം കെടുത്തരുത് രാജ്യത്തെ 


മുംബൈയില്‍ ആയിരക്കണക്കിന് ക്രിസ്തുമത വിശ്വാസികള്‍ പ്രതിഷേധവുമായെത്തിയതാണ് മറ്റൊരു സംഭവം. ബൈക്കുള റാണി ബാഗില്‍ കേന്ദ്രീകരിച്ച് പ്രകടനമായി ആസാദ് മൈതാനിയിലെ പൊതുയോഗസ്ഥലത്ത് എത്തുന്നതിനായിരുന്നു സംഘാടകരായ സമസ്ത ക്രിസ്റ്റി സമാജ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ ഈ പ്രകടനം നിരോധിച്ചു. എങ്കിലും പുരോഹിതരും കന്യാസ്ത്രീകളുമടക്കം പതിനായിരത്തിലധികം പേര്‍ പങ്കെടുത്തു. സംഘടനയിലെ 15 ശതമാനത്തോളം പേര്‍ മാത്രമാണ്എത്തിയതെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. രാജ്യവ്യാപകമായി ക്രൈസ്തവ വിശ്വാസികള്‍ക്കും ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് പ്രധാന ആവശ്യമായി ഉന്നയിച്ചതെങ്കിലും മഹാരാഷ്ട്രയിലെ സംഭവങ്ങളാണ് എടുത്തുകാട്ടിയത്. അതിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യവും മുന്നോട്ടുവച്ചു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ കമ്മിഷന്‍ രൂപീകരിക്കുക, സംവരണാനുകൂല്യങ്ങള്‍ യഥാസമയം ലഭ്യമാക്കുക, സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസാനുകൂല്യങ്ങള്‍ നല്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പും നല്കി. ക്രൈസ്തവ ആരാധനാലയങ്ങളില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ നടത്തിയ സന്ദര്‍ശനവും ഫോട്ടോഷൂട്ടുകളും കാപട്യമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ രണ്ട് സംഭവങ്ങളും. മോഡി സ്തുതിപാഠകരായി ഇപ്പോള്‍ മാറിയിരിക്കുന്ന സമുദായ നേതാക്കള്‍ അത് തിരിച്ചറിയണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.