ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ തിരിഞ്ഞു കൊത്തി പഴയകാല പരാമർശങ്ങൾ. ബിജെപിയുടെ സംസ്ഥാന സമിതി അംഗവും വക്താവുമായിരുന്ന സന്ദീപ് വാര്യർ വിവാദമായ ഒട്ടേറെ വർഗീയ പരാമർശങ്ങൾ നടത്തിയിരുന്നു. കൂടാതെ കോൺഗ്രസിന്റെ ഉന്നത നേതാക്കൾക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചിരുന്നു . മഹാത്മാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യർ ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് നടത്തിയ നടത്തിയ അഭിപ്രായ പ്രകടനം ഏറെ പ്രതിഷേധത്തിന് വഴിവെച്ചു . ‘ഗാന്ധിയെ ചെറുതായിട്ടൊന്ന് വെടിവെച്ചു കൊന്നതാണോ ഹിന്ദുമഹാസഭ ചെയ്ത കുറ്റം’ എന്നായിരുന്നു സന്ദീപ് വാര്യരുടെ ചോദ്യം. ഗാന്ധിജിയുടെ പിൻമുറക്കാർ എന്ന് അവകാശപ്പെടുന്ന കോൺഗ്രസുകാർക്ക് സന്ദീപ് വാര്യരെ ചുമക്കേണ്ട അവസ്ഥയെ ട്രോളാക്കി മാറ്റുകയാണ് സോഷ്യൽ മീഡിയ.
സന്ദീപ് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വൈറലാണ്. ഇതിനെ പ്രതിരോധിക്കാനാകാതെ കോൺഗ്രസ് സൈബർ പോരാളികൾ സോഷ്യൽ മീഡിയയിൽനിന്ന് ഓടിയൊളിക്കുകയാണ്. മുസ്ലീങ്ങൾ പാകിസ്ഥാനിലേക്ക് പോകണമെന്നായിരുന്നു സന്ദീപിന്റെ മറ്റൊരു അഭിപ്രായം. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും മല്ലികാർജുന ഗാർഗയേയും പോലും സന്ദീപ് വെറുതെ വിട്ടില്ല. അറുപത് വർഷം നാടുഭരിച്ച് മുടിച്ച കുടുംബാംഗമാണ് രാഹുൽ ഗാന്ധിയെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പറഞ്ഞപ്പോൾ കോൺഗ്രസ് സൈബർ പോരാളികൾ കടുത്ത പരാമർശങ്ങളുമായി രംഗത്തെത്തിയിരുന്നു.
മറ്റൊരവസരത്തിൽ രാഹുൽ ഗാന്ധിയെ രാജ്യദ്രോഹിയാണെന്നായിരുന്നു സന്ദീപിന്റെ പരാമർശം . മല്ലികാർജുന ഖാർഗെ കോൺഗ്രസ് പ്രസിഡന്റായപ്പോൾ സന്ദീപ് വാര്യർ എഴുതിയ ഫേസ്ബുക്ക് കുറിപ്പും വിവാദമായി . സീതാറാം കേസരിയെ ബാത്ത് റൂമിൽ പൂട്ടിയിട്ടാണ് സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായതെന്നും ഈ പോസ്റ്റിൽ സന്ദീപ് വാര്യർ പറഞ്ഞിട്ടുണ്ട്. മഹത്മാ ഗാന്ധിയെയും കോൺഗ്രസിന്റെ പ്രധാന നേതാക്കളെയും അധിക്ഷേപിച്ച സന്ദീപ് വാര്യരെ കോൺഗ്രസിൽ എടുത്തതിൽ കടുത്ത എതിർപ്പാണ് പലനേതാക്കൾക്കും ഉള്ളത് . മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരൻ പരസ്യമായി നീരസം പ്രകടിപ്പിക്കുകയും ചെയ്‌തു . ഇതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ പ്രധാന നേതാക്കളോട് പോലും ആലോചിക്കാതെ സന്ദീപിന്റെ കോൺഗ്രസ് പ്രവേശനം വേഗത്തിലാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.