
ഡിസംബർ ആറ്. അന്നൊരു ഞായറാഴ്ചയായിരുന്നു. നാലര നൂറ്റാണ്ട് കാലം ഇന്ത്യൻ മതേതരത്വത്തിന്റെ ജ്വലിക്കുന്ന പ്രതീകമായിരുന്ന ബാബറി മസ്ജിദ് ഫാസിസ്റ്റ് ഭീകരർ തകർത്തുകളഞ്ഞ ദിനം. അന്ന് വൈകിട്ട് പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ വസതിയിലെത്തുന്നു, കണ്ണീര് വീണ താടിയും തൊപ്പിയും ധരിച്ച ഒരു മനുഷ്യൻ. യുപിയിലെ കല്യാൺ സിങ് സര്‍ക്കാരിനുമേൽ കുറ്റം ചാരി രക്ഷപ്പെടാൻ ശ്രമിച്ച റാവുവിന്റെ മുഖത്ത് നോക്കി ഇന്ത്യൻ ന്യൂനപക്ഷങ്ങൾക്ക് അങ്ങയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും രാജ്യത്തെയും ന്യൂനപക്ഷങ്ങളെയും വഞ്ചിച്ച അങ്ങ് രാജിവച്ച് ഇറങ്ങിപ്പോകണമെന്നും ആ മനുഷ്യൻ പറഞ്ഞു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ അന്നത്തെ ദേശീയ അധ്യക്ഷൻ ഇബ്രാഹിം സുലൈമാൻ സേട്ട് ആയിരുന്നു അത്.
ചരിത്രപ്രസിദ്ധമായ പള്ളി തകർത്ത്, പകരം ഒരു ക്ഷേത്രം പണിയാൻ ഹിന്ദുത്വവാദികൾ നേതൃത്വം നൽകിയ ആറ് വർഷത്തെ തീവ്രപ്രചരണത്തിന്റെ പരിസമാപ്തിയായിരുന്നു 1992 ഡിസംബർ ആറിന് നടന്നത്. പൊലീസ് വലയം ഭേദിച്ച്, ബാബറി മസ്ജിദ് കെട്ടിടത്തിന് മുകളിലേക്ക് ഇരച്ചുകയറിയ ഹിന്ദുത്വ വര്‍ഗീയവാദികള്‍ അത് തകർത്തു. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഹിന്ദു ‑മുസ്ലിം കലാപങ്ങളിൽ നിരവധി പേരുടെ രക്തം ചിന്തി. ഏറ്റവും മോശം കലാപങ്ങൾ മുംബൈയിലായിരുന്നു, ഏകദേശം 900 പേർ കൊല്ലപ്പെട്ടു. പലയിടത്തും പൊലീസ് ഹിന്ദുക്കളുടെ പക്ഷം ചേർന്നുവെന്ന് ആരോപിക്കപ്പെട്ടു.
തൊണ്ണൂറുകളുടെ രണ്ടാം പകുതിയിൽ നടന്ന മൂന്ന് പൊതുതെരഞ്ഞെടുപ്പുകളിലും ബിജെപി ക്രമാനുഗതമായി മുന്നേറി. 1999ൽ ഒരു സഖ്യ സർക്കാർ രൂപീകരിക്കാൻ അവർക്ക് കഴിഞ്ഞു. ബിജെപി അധികാരത്തിലെത്തിയത് അതുവരെ ഭരണകക്ഷിയായിരുന്ന കോൺഗ്രസ് പാർട്ടിയിലെ ശെെഥില്യവും നിലപാടില്ലായ്മയും മൂലമാണെന്നത് ചരിത്രസത്യം. ഇന്ത്യൻ ജനജീവിതത്തെ വർഗീയവല്‍ക്കരിക്കാനും അതുവഴി വിഭജന രാഷ്ട്രീയം ആവിഷ്കരിച്ചു നടപ്പാക്കാനുമുള്ള സംഘ്പരിവാർ ഹിന്ദുത്വ അജണ്ടയോട് ഉത്തർ പ്രദേശിലെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് വല്ലഭ് പന്ത് തുടങ്ങി പ്രധാനമന്ത്രിമാരായിരുന്ന രാജീവ് ഗാന്ധിയും പി വി നരസിംഹ റാവുവും ഉൾപ്പെടെയുള്ളവർ സ്വീകരിച്ച മൃദുസമീപനമായിരുന്നു ബാബറി മസ്ജിദിന്റെ തകർച്ചയ്ക്ക് ഇടവരുത്തിയതെന്നത് വലിയ യാഥാര്‍ത്ഥ്യമാണ്.
1949 ഡിസംബർ 22ന് രാത്രിയുടെ മറവിൽ പള്ളിക്കകത്ത് അതിക്രമിച്ച് കടന്ന് രാമ വിഗ്രഹങ്ങൾ സ്ഥാപിക്കുകയും അയോധ്യയിൽ ശ്രീരാമ വിഗ്രഹങ്ങൾ സ്വയംഭൂവായിരിക്കുന്നുവെന്ന് പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് സ്വാതന്ത്ര്യാനന്തരം വിഭജനത്തിന്റെ പശ്ചാത്തലത്തിലുള്ള ഹിന്ദു – മുസ്ലിം സംഘർഷങ്ങളുടെ ഭാഗമായി രാമജന്മഭൂമിയുടെ ചർച്ചയെ സജീവമാക്കി മാറ്റുകയായിരുന്നു ഹിന്ദുത്വവാദികൾ. ഫൈസാബാദിലെ അവധ് പ്രദേശത്ത് അഖിലഭാരത രാമായണ മഹാസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഖണ്ഡപഥ് പരിപാടിക്കിടെ അതിന് നേതൃത്വം നൽകിയ അഭയ് രാംദാസിന്റെയും രാംചരണ്‍ ദാസിന്റെയും നേതൃത്വത്തില്‍ ഒരു സംഘമാളുകൾ പള്ളിയുടെ പൂട്ട് പൊളിക്കുകയും കോണി ഉപയോഗിച്ച് മതില്‍ ചാടി അകത്തു കടന്ന് മസ്ജിദിൽ വിഗ്രഹം പ്രതിഷ്ഠിക്കുകയുമായിരുന്നുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഈ വിഷയം മുൻനിർത്തി ‘രാമജന്മഭൂമി’ എന്ന ആശയം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ദുരുപയോഗം ചെയ്തുകൊണ്ടുള്ള അക്രമോത്സുകമായ പ്രചാരവേലയ്ക്കാണ് രാജ്യത്താകമാനം തുടർന്നങ്ങോട്ട് ആർഎസ്എസ് നേതൃത്വം കൊടുത്തത്.
അയോധ്യ വിഷയത്തെ മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള സുവർണാവസരമായി കണ്ട് ജനങ്ങൾക്കിടയിൽ തളംകെട്ടി നിന്നിരുന്ന മാനസികവിക്ഷോഭത്തെ വർഗീയമായ അക്രമ സംഭവങ്ങളിലേക്ക് അനായാസം വഴിതിരിച്ചു വിട്ടതിന്റെ ഒരു ഉദാഹരണം അവരുടെ പ്രസിദ്ധീകരണത്തിലൂടെ പുറത്തു വന്നത് നോക്കാം, “1949ല്‍ ക്ഷേത്രഭാഗത്ത് ശ്രീരാമന്റെയും സീതാദേവിയുടെയും പ്രതിമകള്‍ സ്വയം ഉയര്‍ന്നുവന്നതായ അത്ഭുതം കണ്ട്, ലക്ഷക്കണക്കിന് ഹിന്ദു ആരാധകര്‍ അവിടേക്ക് ഒഴുകിവന്നു” (കേസരി വാരിക, 1986 ജൂലൈ 20, പേജ് 13).
മസ്ജിദിൽ വിഗ്രഹം പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട വിവരം തന്നെ അറിയിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി വല്ലഭ് പന്തിനോട് ആ വിഗ്രഹങ്ങൾ സരയൂ നദിയിലേക്ക് എറിയാൻ അന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു നിർദേശിച്ചുവെങ്കിലും അദ്ദേഹത്തെ ധിക്കരിച്ച് മസ്ജിദിൽ പൂജ നടത്തുവാനുള്ള സകല സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയാണ് പന്ത് ചെയ്തതെന്നോർക്കണം.
1983ൽ മുസാഫർനഗറിൽ വിഎച്ച്പി സംഘടിപ്പിച്ച ഹിന്ദുസമ്മേളനത്തിൽ പങ്കെടുത്ത ഉത്തർ പ്രദേശിലെ കോൺഗ്രസ് മന്ത്രി ദാവു ദയാൽ ഖന്ന മഥുര, കാശി, അയോധ്യ മസ്ജിദുകൾ നിർമ്മിച്ചിരിക്കുന്നത് തകർക്കപ്പെട്ട ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾക്ക് മുകളിലാണെന്നും അവ തകർത്ത് തൽസ്ഥാനത്ത് ക്ഷേത്രങ്ങൾ പണിയണമെന്നും പരസ്യമായി ആവശ്യപ്പെടുകയും ഇക്കാര്യം ഉന്നയിച്ച് അതേ വർഷം മേയിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് കത്തെഴുതുകയും ചെയ്തതും ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്.
1991ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ, നെഹ്രു — ഗാന്ധി കുടുംബത്തിൽ നിന്ന് ഒരു നേതാവിനെ കോണ്‍ഗ്രസിന് നഷ്ടമായി. ദീർഘകാലം കേന്ദ്ര മന്ത്രിയായിരുന്ന, പി വി നരസിംഹ റാവു പ്രധാനമന്ത്രിയായി. ബാബറി പള്ളി സംരക്ഷിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടി, എതിരാളികൾ അദ്ദേഹത്തെ തകർക്കാൻ ശ്രമിച്ചു. അദ്ദേഹം ഹിന്ദു ദേശീയവാദിയാണെന്ന് ആരോപിച്ചു. 1996ലെ തെരഞ്ഞെടുപ്പിൽ പാർട്ടി ദുര്‍ബലമാവുകയും ചെയ്തു.
അതേസമയം 1999ൽ ബിജെപി സഖ്യം അധികാരത്തിലെത്തിപ്പോൾ, പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയോ അദ്ദേഹത്തിന്റെ രണ്ടാമനായ എല്‍ കെ അഡ്വാനിയോ ബാബറി മസ്ജിദ് തകര്‍ത്തത് ഹിന്ദു വോട്ടുകൾ തങ്ങള്‍ക്ക് അനുകൂലമാക്കിയതായി പരസ്യമായി വെളിപ്പെടുത്തിയില്ല. തങ്ങളുടെ ഹിന്ദു ദേശീയ അജണ്ട നടപ്പിലാക്കാനും അയോധ്യ വിഷയം പുനരുജ്ജീവിപ്പിക്കാനും വേണ്ടിയുള്ള അണിയറതന്ത്രമായിരുന്നു അത്. അടുത്ത തെരഞ്ഞെടുപ്പിൽ തങ്ങളുടെ സഖ്യം ഒരുമിച്ച് നിൽക്കണമെങ്കിൽ, വിവിധ വിഭാഗങ്ങളിൽ നിന്ന് പിന്തുണ ലഭിക്കണം. അതിന് ബിജെപി വലതുപക്ഷ ദേശീയ പാർട്ടിയല്ല, മറിച്ച് ഒരു സമവായ സന്ദേശം പുലർത്തുന്ന പാര്‍ട്ടിയാണ് എന്ന് പ്രചരിപ്പിക്കണമെന്ന് അവർ വിശ്വസിച്ചു. “ഹിന്ദുത്വം വളരെ വൈവിധ്യപൂർണമാണ്, മതത്തിന്റെ പേരിൽ നിങ്ങൾക്ക് ഹിന്ദുക്കളെ ആകർഷിക്കാൻ കഴിയില്ല.” എന്ന് അഡ്വാനി പ്രസ്താവിക്കുകയും ചെയ്തു.
2014ലെ തെരഞ്ഞെടുപ്പ് വിജയത്തോടെ — പാർലമെന്റിൽ ആദ്യമായി കേവല ഭൂരിപക്ഷം — ഹിന്ദു ദേശീയതയെ സജീവമായി പ്രോത്സാഹിപ്പിക്കുന്നതിൽ ബിജെപിക്ക് മടിയില്ലാതായി. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാൻ പ്രാപ്തനായ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയാക്കി. ഗോവധ നിരോധനം, ഹിന്ദി പ്രചാരണം, വിദ്യാഭ്യാസ, സാംസ്കാരിക സംഘടനകളിലെ ഉന്നത തസ്തികകളിൽ ഹിന്ദുത്വ അനുഭാവികളെ നിയമിക്കല്‍ തുടങ്ങിയവ അനുസ്യൂതം തുടരുന്നു. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ളതും രാഷ്ട്രീയമായി പ്രധാനപ്പെട്ടതുമായ സംസ്ഥാനമായ ഉത്തർപ്രദേശ് ഭരിക്കാൻ മോഡി തെരഞ്ഞെടുത്തത് മുസ്ലിങ്ങളോടുള്ള ശത്രുതയ്ക്ക് പേരുകേട്ട ആദിത്യനാഥിനെയാണ്.
നീതിപീഠങ്ങളുള്‍പ്പെടെ ഭരണഘടനാ സ്ഥാനങ്ങളെല്ലാം ഭരണകൂടത്തിന്റെ ചൊല്പടിയില്‍ നില്‍ക്കുന്ന കാഴ്ചയും അതിദയനീയമാണ്. 2019ലെ ബാബറി മസ്‌ജിദ് വിധി തന്നെ നീതിപീഠത്തെ സംശയമുനയില്‍ നിര്‍ത്തുന്നതിന്റെ മികച്ച ഉദാഹരണമാണ്. പള്ളി പൊളിച്ചത് അത്യന്തം ഹീനമായ ക്രിമിനൽ കുറ്റമായി കണ്ടെത്തിയ സുപ്രീം കോടതി, ക്രിമിനൽ കുറ്റം ചെയ്‌തവർക്കുതന്നെ പള്ളി നിലനിന്ന സ്ഥലം കൊടുത്തു. ഈ വിധി യുക്തിസഹമോ നീതിയുക്തമോ ആണെന്ന് എങ്ങനെ പറയും?
2022ല്‍ ഗ്യാന്‍വാപിയിൽ തർക്കം ഉന്നയിച്ച ഹർജി കോടതി സ്വീകരിച്ചു. പള്ളിയിൽ പരിശോധന നടത്താൻ ഉത്തരവിട്ടു. സംഭവം സുപ്രീം കോടതിയിൽ എത്തി. അന്ന് ചീഫ് ജസ്റ്റിസ് ആയിരുന്ന ഡി വൈ ചന്ദ്രചൂഡ് “ഒരു ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം കണ്ടെത്തുന്നതിന് 91ലെ നിയമം തടസമാകുന്നില്ലെ‘ന്ന് വാക്കാൽ നിരീക്ഷിച്ചു. നേരത്തേ, ചന്ദ്രചൂഡ് അംഗമായ അയോധ്യ കേസിന്റെ അഞ്ചംഗ ബെഞ്ച് ആരാധനാലയങ്ങൾ സംബന്ധിച്ച നിയമത്തിന്റെ ഭരണഘടനാ സാധുത ചൂണ്ടിക്കാട്ടിയിരുന്നു എന്നതും വിരോധാഭാസം.
ചന്ദ്രചൂഡിന്റെ പരാമർശം മറ്റ് കോടതികള്‍ അവസരമായി ഉപയോഗപ്പെടുത്തുകയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ ഹർജികൾ പ്രാദേശിക കോടതികൾ സ്വീകരിക്കുന്നതും ഉത്തരവ് പുറപ്പെടുവിക്കുന്നതും. ഉത്തർപ്രദേശിലെ സംഭാലിൽ പള്ളി കമ്മിറ്റിക്ക് നോട്ടീസ് പോലും അയയ്ക്കാതെ അവിടെ സർവേ നടത്താൻ സിവിൽ കോടതി അനുവാദം നല്‍കി. വിധി വന്ന് മണിക്കൂറുകള്‍ക്കകം പരിശോധകർ പ്രാദേശിക ഭരണകൂടത്തിനൊപ്പം വൻ പൊലീസ് സന്നാഹത്തോടെ സർവേ നടത്തി. മോഡി മൂന്നാമതും പ്രധാനമന്ത്രിയായതിനുശേഷം നിയമമന്ത്രി അർജുൻ റാം മേഘ്‌വാളിന്റെ സാന്നിധ്യത്തിൽ വിഎച്ച്പി വിളിച്ചുകൂട്ടിയ യോഗത്തിൽ മുപ്പതോളം വിരമിച്ച ജഡ്ജിമാർ പങ്കെടുത്തുവെന്നതും ആശ്ചര്യകരമാണ്. പിന്നീടാണ് പഴയ പള്ളികൾ എല്ലാം ലക്ഷ്യംവച്ച് ഹർജികളുടെ പ്രവാഹമുണ്ടായത്. ഈ യോഗം എന്തിനായിരുന്നെന്ന് വിഎച്ച്‌പി ഇതുവരെ പറഞ്ഞിട്ടില്ല എന്നത് ദുരൂഹമായി തുടരുന്നു. ഡി വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായിരിക്കെ ഗണേശ ചതുർത്ഥി ദിനത്തിൽ നരേന്ദ്ര മോഡിയെ വസതിയിലേക്ക് അതിഥിയായി ക്ഷണിച്ചതും നിയമവൃത്തങ്ങളിൽ അമ്പരപ്പുണ്ടാക്കിയ സംഭവമാണ്.
രാജ്യം ഇന്ന് ആശങ്കപ്പെടുന്നത് ബാബറി മസ്‌ജിദിന്റെ പേരിൽ മാത്രമല്ല. രാജ്യവ്യാപകമായി ബാബ്റി മസ്‌ജിദുകള്‍ കണ്ടെത്താനുള്ള ആസൂത്രിത ഗൂഢാലോചനയെക്കുറിച്ചോർത്താണ്. അവസരവാദികളായ കൂട്ടുകക്ഷികളുടെ പിന്‍ബലത്തില്‍ മന്ത്രിസഭയെ നയിക്കുന്ന ബിജെപി, ഗ്യാന്‍വാപി മുതൽ അജ്‌മീർ വരെ പുതിയ പുതിയ സുവര്‍ണാവസരം തേടിയിറങ്ങിയിരിക്കുകയാണ്. ‘കാശി മഥുര ബാക്കി ഹെ’ എന്ന പ്രകോപന മുദ്രാവാക്യം സംഘ്പരിവാർ ഇപ്പോഴും മുഴക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.