
ചെങ്ങന്നൂരിലെ റെയിൽവേ സ്റ്റേഷന്റെ വികസനത്തിന്റെ ഭാഗമായി ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള കേന്ദ്ര പ്രഖ്യാപനങ്ങള്‍ ജലരേഖയായി. 2024ലെ പൊതു തെരഞ്ഞെടുപ്പിന് മുൻപാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്റ്റേഷൻ നവീകരണം. പദ്ധതിയിൽ ഉൾപ്പെട്ട മറ്റു സ്റ്റേഷനുകളുകൾക്കൊപ്പം ചെങ്ങന്നൂർ സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിലൂടെ ചെയ്തെങ്കിലും തുടർനടപടികൾക്ക് കാലതാമസം നേരിട്ടു. കേരളീയ വാസ്തുശില്പ മാതൃകയിൽ 10, 615 ചതുരുശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന പുതിയ സ്റ്റേഷനിൽ തീർത്ഥാടകർക്കു വിശ്രമിക്കാനും വിരിവെക്കാനുമായി മൂന്നുനില തീര്‍ത്ഥാടന കേന്ദ്രം കൂടിയുള്ളതാണ് പദ്ധതി. മെയിലാണ് പദ്ധതിയുടെ വിശദമായ രൂപരേഖയ്ക്ക് അംഗീകാരമായത്. എന്നാൽ, പദ്ധതിരേഖ പുറത്തുവന്നപ്പോൾ ആദ്യം പ്രഖ്യാപിച്ച 222 കോടിയിൽനിന്ന് തുക 98.46 കോടിയായി കുറഞ്ഞു. ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്നും വരുന്ന മണ്ഡലമകരവിളക്ക് സീസൺ അവസാനിച്ചതിനുശേഷം 2026 ജനുവരി അവസാനത്തോടെ റെയിൽവേ സ്റ്റേഷന്റെ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങുമെന്നുമാണ് റെയിൽവേയുടെ വിശദീകരണം.
മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്ന തീർത്ഥാടകർ ഏറ്റവും കൂടുതൽ എത്തുന്നത് ചെങ്ങന്നൂരിലാണ്. ഇവിടെനിന്ന് ബസ്, ടാക്സി മാർഗം പമ്പയ്ക്കു പോകും. കഴിഞ്ഞവർഷം മണ്ഡല, മകരവിളക്ക് സീസണിൽ ഏഴുലക്ഷത്തോളം തീർത്ഥാടകർ ചെങ്ങന്നൂരിലെത്തിയിരുന്നു. എന്നാൽ, ഇവർക്കാവശ്യമായ വിശ്രമിക്കാനും വിരിവെക്കാനുമുള്ള സൗകര്യങ്ങൾ പരിമിതമാണ്. പ്രതിദിനം 10, 000ത്തിൽ കൂടുതൽ തീർത്ഥാടകരെത്തുന്ന റെയിൽവേ സ്റ്റേഷനിൽ ഇപ്പോഴുള്ള പിൽഗ്രിം സെന്ററിൽ 300 പേർക്ക് മാത്രമാണ് വിരിവെക്കാൻ സൗകര്യമുള്ളത്. ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ 2,000 പേർക്കും നഗരസഭയുടെ താത്കാലിക വിശ്രമകേന്ദ്രത്തിലും വിവിധ സംഘടനകളുടെ വിശ്രമകേന്ദ്രങ്ങളിലുമായി 500 പേർക്കും സൗകര്യമുണ്ട്. ബാക്കിയുള്ള തീർത്ഥാടകർ പ്ലാറ്റ്ഫോമുകളിലും സ്റ്റേഷൻ കവാടത്തിലുമായിട്ടാണ് വിശ്രമിക്കുന്നത്. പരിഷ്കരിച്ച രൂപരേഖപ്രകാരം പുതിയ ടെർമിനൽ ബിൽഡിങ്, തീർഥാടകകേന്ദ്രം എന്നിവ മൂന്നു നിലകളോടു കൂടിയായിരിക്കും പണിയുക. കൂടാതെ, ആറുമീറ്റർ വീതിയുള്ള ഫുട്ട് ഓവർ ബ്രിഡ്ജ്, പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ച് 12 മീറ്റർ വീതിയിൽ എയർ കോൺകോഴ്സ് എന്നിവയുണ്ടാകുമെന്നായിരുന്നു റെയില്‍വേ മന്ത്രാലയം പറഞ്ഞിരുന്നത്. പ്രഖ്യാപനം വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും റെയില്‍വേ യാതൊരു നടപടിയും സ്വീകരിച്ചില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.