
സാമൂഹ്യശാസ്ത്രജ്ഞനും പത്മഭൂഷൺ ജേതാവുമായ പ്രൊഫസർ ആൻഡ്രെ ബെറ്റെയ്ൽ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഗുവാഹട്ടിയിലായിരുന്നു അന്ത്യം. ഇന്ത്യൻ ജാതിവ്യവസ്ഥയെയും സാമൂഹിക അസമത്വങ്ങളെയും കുറിച്ച് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട പഠനങ്ങൾ നടത്തിയ അദ്ദേഹം, ആധുനിക ഇന്ത്യൻ സോഷ്യോളജിയുടെ മുൻനിരക്കാരിലൊരാളായിരുന്നു.
1934ൽ പശ്ചിമ ബംഗാളിൽ ജനിച്ച ഫ്രഞ്ച്-ഇന്ത്യന്‍ വംശജനായ ബെറ്റെയ്ൽ, കൊൽക്കത്ത സർവകലാശാലയിൽ നിന്നാണ് ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രൊഫസറായി ദീർഘകാലം സേവനമനുഷ്ഠിച്ചു. അശോക സർവകലാശാലയുടെ ആദ്യ ചാൻസലറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കാസ്റ്റ്, ക്ലാസ് ആൻഡ് പവർ, ഇനീക്വാലിറ്റി ആൻഡ് സോഷ്യൽ ചേഞ്ച്, ആന്റിനോമീസ് ഓഫ് സൊസൈറ്റി തുടങ്ങിയവ അദ്ദേഹത്തിന്റെ വിഖ്യാത കൃതികളാണ്. 2005ൽ രാജ്യം പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു. കേന്ദ്ര വിജ്ഞാന കമ്മീഷൻ അംഗം, നാഷണൽ പ്രൊഫസർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഓക്സ്ഫോർഡ്, കേംബ്രിഡ്ജ്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, ഷിക്കാഗോ സർവകലാശാല തുടങ്ങി ലോകപ്രശസ്തമായ ഒട്ടേറെ സർവകലാശാലകളിൽ അദ്ദേഹം സന്ദർശക പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ബ്രിട്ടീഷ് അക്കാദമിയുടെ ഫെലോ എന്ന നിലയിലും അദ്ദേഹം ആദരിക്കപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.