22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

July 21, 2024
May 10, 2024
February 14, 2024
November 7, 2023
September 13, 2023
June 24, 2023
May 19, 2023
May 11, 2023
March 14, 2023
February 10, 2023

ദേശസാല്‍ക്കരണ നിയമം റദ്ദാക്കുന്നു; ബാങ്ക് വില്പന

പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി
July 21, 2024 10:50 pm

സ്വതന്ത്ര ഇന്ത്യ ദര്‍ശിച്ച ഏറ്റവും വലിയ സാമ്പത്തിക സര്‍ജിക്കല്‍ സ്ട്രെെക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാങ്ക് ദേശസാല്‍ക്കരണനിയമം മോഡി സര്‍ക്കാര്‍ റദ്ദാക്കുന്നു. എല്ലാ പൊതുമേഖലാ ബാങ്കുകളുടെയും ഓഹരികള്‍ വിറ്റഴിച്ച് ബാങ്കിങ് മേഖലയെയാകെ സ്വകാര്യവല്‍ക്കരിക്കാനുള്ള ഭേദഗതി നിയമം നാളെ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകള്‍ക്ക് മൂക്കുകയറിടാന്‍ രൂപീകരിച്ച നാഷണല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ഫിനാന്‍സ് ആന്റ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സഹകരണ വകുപ്പിന്റെ ചുമതല വഹിക്കുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് ബാങ്ക് ദേശസാല്‍ക്കരണ നിയമത്തെ കുരുതികഴിച്ചുകൊണ്ട് ഭേദഗതി നിയമം കൊണ്ടുവരുന്നത്. 

ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുന്നതോടെ പലിശനിരക്കുകള്‍ ഉയരുമെന്നും വായ്പാവ്യവസ്ഥകള്‍ കര്‍ക്കശമാക്കപ്പെടുമെന്നും ദശലക്ഷക്കണക്കിന് കോടിയുടെ കള്ളപ്പണം സ്വകാര്യ ബാങ്കിങ് മേഖലയിലേക്ക് ഒഴുകുമെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ബാങ്കുകളും എണ്ണക്കമ്പനികളും ഉള്‍പ്പെടെ കോര്‍പറേറ്റ് ഭീമന്മാര്‍ ഏറ്റെടുത്ത വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങള്‍ ചേര്‍ന്ന് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്ന സമ്പൂര്‍ണ മുതലാളിത്തമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും അവര്‍ കടുത്ത ആശങ്ക പങ്കുവയ്ക്കുന്നു.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് 1969ൽ ബാങ്ക് ദേശസാല്‍ക്കരണം നടപ്പിലാക്കിയത്. 10,007 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് പൊതുമേഖലാ ബാങ്കുകളിലുള്ളതെന്ന് കണക്കാക്കപ്പെടുന്നു. സംസ്ഥാന സഹകരണ ബാങ്കുകളില്‍ 513 ലക്ഷം കോടിയും. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ ഈ ഭീമമായ തുകയാണ് സ്വകാര്യവല്‍ക്കരണത്തിലൂടെ കുത്തകകളുടെ കൈകളിലേക്ക് പ്രവഹിക്കുക.
ബാങ്കുകളുടെ ഓഹരിക്കച്ചവടത്തിന്റെ ആദ്യഘട്ടമായി സ്വകാര്യ മേഖലയ്ക്ക് ബാങ്കുകളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ തരപ്പെടുത്തുമാറ് അഞ്ച് ശതമാനം ഓഹരികളാണ് വിറ്റഴിക്കുക. ക്രമേണ മുഴുവന്‍ കേന്ദ്ര ഓഹരികളും ബാങ്കിങ് മുതലാളികള്‍ക്ക് കൈമാറും. 

പൊതുമേഖലാ ബാങ്കുകളിലെ നിക്ഷേപകരില്‍ 63.4 ശതമാനവും സാധാരണക്കാരായ സ്ത്രീകളാണ്. കഴിഞ്ഞ വര്‍ഷം മാത്രം മഹിളാനിക്ഷേപകരില്‍ 27 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. ആകര്‍ഷകമായ പലിശ ലഭിക്കുന്നതിനാല്‍ വനിതാനിക്ഷേപകര്‍ ഏറെയും ആകര്‍ഷിക്കപ്പെട്ടത് പൊതുമേഖലാ ബാങ്കുകളിലേക്കായിരുന്നു. സ്വകാര്യവല്‍ക്കരണത്തോടെ വായ്പാ പലിശനിരക്ക് കുത്തനെ ഉയരും. സ്വകാര്യവല്‍ക്കരണ ബില്‍ പാര്‍ലമെന്റില്‍ എത്തുന്നതിനു മുമ്പുതന്നെ ഏതാനും പൊതുമേഖലാ ബാങ്കുകളുടെ 10 മുതല്‍ 15 ശതമാനം വരെ ഓഹരികള്‍ വിറ്റഴിക്കുന്നതു സംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. സ്വകാര്യവല്‍ക്കരണ പദ്ധതിയുടെ മുന്നോടിയായി 20ഓളം പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് എണ്ണം നാലാക്കിയിരുന്നു. കേരളത്തിന്റെ തനതു പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ അന്ന് എസ്‌ബിഐയിലാണ് ലയിപ്പിച്ചത്. ബാങ്കുകളുടെ ലയനം മേഖലയുടെ സ്വകാര്യവല്‍ക്കരണം ലക്ഷ്യംവച്ചുള്ള ആസൂത്രിത പദ്ധതിയാണെന്ന് അന്നുതന്നെ ഇന്ത്യന്‍ ബാങ്ക് ജീവനക്കാരുടെയും ഓഫിസര്‍മാരുടെയും ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനകളായ എഐബിഇഎയും എഐബിഒഎയും മുന്നറിയിപ്പു നല്‍കിയിരുന്നു.

Eng­lish Sum­ma­ry: Repeal­ing the Nation­al­iza­tion Act
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.