ഹത്രാസിൽ കൂട്ടബലാംത്സത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് ജോലി ലഭിക്കുന്നതും ഹത്രാസിൽ നിന്ന് അവരെ മാറ്റിപ്പാർപ്പിക്കുന്നതിനുമുള്ള അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഉത്തർപ്രദേശ് സർക്കാർ നൽകിയ ഹരജിയിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. സർക്കാരിന്റെ അപ്പീലില്‍ അതിശയം തോന്നുന്നുവെന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പർദ്ദിവാല എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞത്.
അപ്പീലിൽ ഇടപെടാൻ സാധിക്കില്ലെന്ന് അറിയിച്ച കോടതി ഇങ്ങനെയുള്ള കാര്യങ്ങളുമായി വരരുതെന്ന് ശാസിക്കുകയും ചെയ്തു. ‘ഇതൊക്കെയും കുടുംബത്തിന് നൽകുന്ന സൗകര്യങ്ങളാണ്. ഇതിൽ കോടതി ഇടപെടില്ല. ഇങ്ങനെയുള്ള കാര്യങ്ങളുമായി സംസ്ഥാനം വരാൻ പാടില്ല’, ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 136 പ്രകാരം ഈ കേസിലെ വസ്തുതകളും സാഹചര്യങ്ങളും അനുസരിച്ച് ഈ ഹരജിയിൽ ഇടപെടില്ലെന്നും കോടതി അറിയിച്ചു.
കുടുംബത്തെ മാറ്റിപ്പാർപ്പിക്കാൻ സർക്കാർ തയ്യാറാണെന്നും എന്നാൽ അവർക്ക് നോയിഡയോ ഡൽഹിയോ ഗസിയാബാദോ വേണമെന്നാണ് ആവശ്യമെന്നും സർക്കാറിന് വേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കറ്റ് ജനറൽ യു പി ഗരിമ പ്രഷാദ് പറഞ്ഞു.
വിവാഹിതനായ മൂത്ത സഹോദരനെ ഇരയുടെ ആശ്രിതനായി കണക്കാക്കാൻ സാധിക്കുമോ എന്നും അഭിഭാഷകന്‍ ചോദിച്ചു. ഹത്രാസിലെ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതിനും കൊലപ്പെടുത്തിയതിനുമെതിരെ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.
2022 ജൂലൈ 26നായിരുന്നു കേസിൽ വിധി പുറപ്പെടുവിച്ചത്. വിധിയിൽ ഇരയുടെ കുടുംബാംഗങ്ങളിൽ ഒരാൾക്ക് അവരുടെ യോഗ്യതയ്ക്ക് ആനുപാതികമായി സർക്കാർ ജോലി നൽകണമെന്ന് കോടതി നിർദ്ദേശം നൽകിയിരുന്നു. 1986ലെ എസ്‌സി, എസ്‌ടി നിയമപ്രകാരവും കുടുംബത്തിന്റെ പിന്നോക്ക സാമ്പത്തികാവസ്ഥയും പരിഗണിച്ചാണ് കോടതി അങ്ങനെയൊരു ഉത്തരവിറക്കിയതെന്ന് ലൈവ് ലോ റിപ്പോർട്ട് ചെയ്തു. ഇരയുടെ കുടുംബത്തിന് സ്ഥലം മാറുന്നതിനും നിയമം അനുശാസിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ തൊഴിൽ നൽകുക എന്നത് ആർട്ടിക്കിൾ 14ന്റെയും 16ന്റെയും ലംഘനമാണെന്നാണ് സർക്കാരിന്റെ വാദം. ഇരയുടെ കുടുംബത്തിന് നേരെ എപ്പോഴും മറ്റ് ഗ്രാമവാസികളിൽ നിന്ന് ഉപദ്രവം ഉണ്ടാകുന്നുവെന്നും സിആർപിഎഫിന്റെ സുരക്ഷയുണ്ടായപ്പോഴും ഇത് ആവർത്തിച്ചതായും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. അത് കൂടി പരിഗണിച്ചാണ് കുടുംബത്തെ സ്ഥലം മാറ്റി പാർപ്പിക്കണമെന്ന് ഉത്തരവിട്ടത്.
English Sammury: UP against the High Court’s order to help the Hathras family. Petition of the Government; Reprimanded by the Supreme Court
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.