5 April 2025, Saturday
KSFE Galaxy Chits Banner 2

കക്കട്ടിൽ റിപ്പബ്ലിക്

ഡോ. എ. മുഹമ്മദ്കബീർ
February 16, 2025 7:00 am

നോവലിന്റെ ഘടന സംഗീതത്തിന്റേതാണെന്ന് പറഞ്ഞത് ഇ എം ഫോസ്റ്ററാണ്. ഒരാൾ മറ്റൊരാളോട് നടത്തുന്ന അധികം ദീർഘമല്ലാത്ത സംഭാഷണമാണ് കഥയെന്ന് പറഞ്ഞത് വില്യം സരോയനും. കഥയും നോവലും വായനക്കാരന്റെ മനm­fൽ പൂമണം തീർക്കുന്നത് അതിൽ ജീവിതം വാസനിക്കുമ്പോഴാണ്. മനുഷ്യജീവിതത്തെ വർണനൂലിനാൽ നെയ്തെടുക്കുന്ന രാസവിദ്യയ്ക്കുടമകളാണ് കഥയെഴുത്തുകാർ. ജീവിതത്തിന്റെ നിമ്നോന്ന ഭൂമികയിൽ ആകുലതകളും പൊള്ളിപ്പിടച്ചിലുകളും നോവുകളും നിറഭേദങ്ങളും വിസ്മയങ്ങളും വർഷിക്കുന്ന കാലത്തിന്റെ കൂട്ടിരിപ്പുകാരാണീ കാഥികരെന്നു കാണാം. രൂപത്തിലും ഭാവുകത്വത്തിലും വന്ന പരിണാമത്തെ കടൽനീലമഷിപുരട്ടി കഥയെഴുത്തിന്റെ സൗന്ദര്യച്ചെപ്പിനുള്ളിൽ സൂക്ഷിക്കുന്ന കരവിരുത് കഥയെഴുത്തുകാർക്ക് മാത്രം സ്വന്തം. ജീവിതത്തിന്റെ ഇമ്പമാർന്ന നിമിഷങ്ങളെ മഴവിൽത്തുമ്പിനാൽ കോർത്തുവച്ച് മനം നിറയ്ക്കും കഥകളാൽ മലയാളികളെ വിസ്മയിപ്പിച്ചവരിൽ അനേകരുണ്ട്. അവരിൽ ഏകത്വഭംഗിയോടെ തലപ്പൊക്കം തീർത്തൊരു കഥാകാരനാണ് അക്ബർ കക്കട്ടിൽ. പുഴപോലെ ഒഴുകിയ ആ കഥാവാഹിനിയിലെ സഞ്ചാരികളെല്ലാം നേരനുഭവങ്ങളുടെ നിലയ്ക്കാത്ത കുളിരിൽ മുങ്ങിനിവർന്നവരാണ്. അനുഭവങ്ങളുടെ വാങ്മയം തീർത്ത അക്ബർ കക്കട്ടിലിന്റെ എല്ലാ കഥകളിലും നർമത്തിന്റെ പൂമ്പൊടിച്ചുവയുണ്ട്. 

വടക്കേമലബാറിന്റെ നാടോടിത്തെന്നലേറ്റ് തെളിമയാർന്ന പദവൈഭവവും ജീവിതതാളത്തിന്റെ അനുഭവച്ചൂരും സ്വാഭാവികഭംഗി തീർത്ത കഥകളാണ് കക്കട്ടിലിന്റേത്. ഗഹനാശയങ്ങളുടെ ധാരാളിത്തമോ, കഠിനചിന്തകളുടെ വഴിമുടക്കങ്ങളോ ഇല്ലാത്ത കഥകളാണ് അക്ബർ പറഞ്ഞതിലധികവും. കഥപറച്ചിലിൽ പുതുമയുടെ തുറസുകളും ഒളിമങ്ങാത്ത വചസുകളും നിർലോഭം ചൊരിഞ്ഞ് ആകർഷകമായി കഥപറയാനുള്ള വിരുത് അക്ബർ കക്കട്ടിലിനുണ്ട്. സാഹിത്യത്തിലെ പക്ഷങ്ങളും പ്രവണതകളും അലട്ടാത്ത ഹൃദയത്തിനുടമയായ അക്ബറിന് സ്വതന്ത്രവഴികളോടായിരുന്നൂ കമ്പം. ഫലിതപരിഹാസങ്ങൾ നിറഞ്ഞ അക്ബറിന്റെ വാക്കുകൾക്ക് കണിശതയാർന്ന മൂർച്ചയുണ്ടായിരുന്നു. ചിരിപുരട്ടിയ ചിന്തകളിൽ സമൂഹത്തിന്റെ വിഷമയവൃത്താന്തം ചേർത്താണ് കഥയുടെ പ്രമേയം അക്ബർ തീർത്തത്. അധ്യാപനം തൊഴിലായിരുന്ന അക്ബറിന്റെ കഥാപാത്രങ്ങളും അധ്യാപകരായിരുന്നു. കാരൂർ നീലകണ്ഠപ്പിള്ള അവതരിപ്പിച്ച അധ്യാപകരുടെ പുറമ്പോക്കുജീവിതത്തെയല്ല അക്ബർ തന്റെ കഥകളിൽ പ്രമേയമാക്കിയത്. കാലത്തിന്റെ സഞ്ചാരവേഗത്തിൽ തകിടം മറിഞ്ഞ അധ്യാപകരുടെ മാനസികവ്യാപാരങ്ങളും സ്വഭാവവൈവിധ്യങ്ങളും അലസചിന്തകളുമായിരുന്നു അക്ബറിന്റെ പ്രമേയം. വിദ്യാലയത്തിനുള്ളിലും സ്റ്റാഫ്റൂമിലും വെളിപ്പെട്ടുവീണ അധ്യാപകരുടെ പെരുമാറ്റത്തെയും അവർ ഉള്ളിൽ സൂക്ഷിച്ച വികാരങ്ങളെയും സൂക്ഷ്മമായി കണ്ടറിഞ്ഞ് വ്യാഖ്യാനിക്കുവാനാണ് കഥാകാരൻ ശ്രമിച്ചത്. മറ്റുള്ളവരെ പരിഹസിക്കുന്നതിലൂടെ സ്വയം പരിഹാസ്യനായി മാറുമെന്ന അറിവ് പിന്തുടരുമ്പോഴും വ്യക്തിവിമർശനത്തിന് കൈവരുന്ന സാമൂഹികമാനത്തെക്കുറിച്ച് അക്ബറിന് നല്ല ബോധ്യമുണ്ടായിരുന്നു. ചിരിയിലൂടെ വ്യഥയുടെ ആഴങ്ങളിലേക്ക് വായനക്കാരെ വഴിനടത്തുവാനാണ് ഈ കഥാകാരൻ ആഗ്രഹിച്ചത്. ചിരി നൽകുന്ന ചിന്താപരമായ വഴിമാറ്റത്തെക്കുറിച്ചും അദ്ദേഹം ബോധവാനായിരുന്നു. വ്യഥയുടെ കഠിനപാതകളിലെ പാഥേയമായിരുന്നു അക്ബർ കഥകളിലെ നർമ്മരസം. അസ്തിത്വദുഖമോ, ആഘോഷരാവുകളോ അല്ല അക്ബർ കഥകളിൽ പ്രമേയമാകുന്നത്. ജീവിതത്തെ ചലനാത്മകമാക്കുന്ന അർത്ഥപൂർണ നിമിഷങ്ങളുടെ ഛായാപടം തീർക്കുകയാണ് അക്ബർ ചെയ്തത്. സംഭാഷണഭാഷയുടെ കുലീനത്വമാർന്ന കൗതുകനോട്ടങ്ങളാണ് അക്ബറിന്റെ ഓരോ കഥയെയും വ്യത്യസ്തമാക്കുന്നത്. ‘കള്ളൻ’ എന്ന കഥയിലെ ആഖ്യാനരീതി അതീവഹൃദ്യമാണ്.
“സ്കൂളിൽ കള്ളൻ കയറി. 

ഹെഡ്മിസ്ട്രസിന്റെ മേശയിലുണ്ടായിരുന്ന കുറച്ചു രൂപ കള്ളനോടൊപ്പം ഇറങ്ങിപ്പോയി.
ഹെഡ്മിസ്ട്രസിന് പണത്തിന്റെ സ്ഥാനത്ത് ഒരു കത്ത്.
‘മാഡം, ക്ഷമിക്കണം. നിവൃത്തിയില്ലാഞ്ഞിട്ടാണ്. പഠിപ്പുണ്ടായിട്ടും ഒരു ജോലിയായില്ല. ഒരു കുടുംബത്തെ രണ്ടുമൂന്നു നാളത്തെ പട്ടിണിയിൽനിന്നെങ്കിലും കരകയറ്റാൻ ഈ തെറ്റ് ചെയ്യുന്നു”.
വിവരമറിഞ്ഞ് ഞങ്ങൾ സഹജീവികൾ ഒത്തുചേർന്നു.
‘ഇതിവിടെ പഠിച്ച കുട്ടിയല്ല.
ഹെഡ്മിസ്ട്രസ് പറഞ്ഞു.
‘എന്താ ഉറപ്പ്…’ ഫസ്റ്റ് അസിസ്റ്റന്റ് ചോദിച്ചു.
‘ഇവിടെ പഠിച്ച കുട്ടിക്ക് ഇത്ര ഭംഗിയായി മലയാളം എവ്താനാവില്ല’
കൂട്ടച്ചിരിക്കിടയിൽ അറബിക്കിന്റെ അന്ത്രുമാൻ എന്നെ ഒരു നോട്ടം. പിന്നെ ഒരു പ്രസ്താവന.
‘ശരിയാ ഇബനല്ലേ ഇബ്ടെ മലയാളം എഡ്ക്ക്ന്നെ? പിന്നെങ്ങനെ നേര്യാവാനാ…’
വിദ്യാലയങ്ങൾക്കും അധ്യാപകർക്കും ഇക്കാലത്ത് രൂപത്തിലും ഭാവത്തിലും വലിയ പരിണാമം സംഭവിച്ചിട്ടുണ്ട്. ഇരുകാലത്തും അധ്യാപകനായിരിക്കാൻ ഭാഗ്യം കിട്ടിയ ആളായിരുന്നൂ അക്ബർ കക്കട്ടിൽ. സ്നേഹത്തിന്റെ മാമ്പഴച്ചില്ലകൊണ്ട് അദ്ദേഹം വരച്ച കഥാചിത്രങ്ങളിൽ നിഷ്കളങ്ക ബാല്യങ്ങളുടെ നെടുവീർപ്പുകളുണ്ട്. ‘അധ്യാപകസ്മരണകൾ’ ഒരു അധ്യാപകനെഴുതിയ ആദ്യത്തെ സർവീസ് സ്റ്റോറിയെന്ന ഖ്യാതി നേടുകയും ചെയ്തു. ‘ഇനി നമുക്ക് റഷീദയെക്കുറിച്ച് സംസാരിക്കാം’ എന്ന കഥ ക്ലാസ് മുറിയിൽ നിന്ന് അക്ബർ കണ്ടെടുത്ത കഥാപാത്രത്തെ ആവിഷ്കരിച്ചതാണ്. അധ്യാപകകഥകൾ, സ്കൂൾ ഡയറി, അധ്യയനയാത്ര, പാഠം മുപ്പത് തുടങ്ങിയ കഥകളിലെല്ലാം എഴുത്തുകാരന്റെ ആത്മാംശത്തിന്റെ മഴപ്പൂക്കൾ ചിതറിക്കിടപ്പുണ്ട്. മൃത്യുയോഗം, സ്ത്രൈണം, ഹരിതാഭകൾക്കപ്പുറം, വടക്കുനിന്നൊരു കുടുംബവൃത്താന്തം എന്നീ നോവലുകളും അദ്ദേഹം രചിച്ചു.
‘നിഷ്കളങ്കത’ എന്ന വളരെ ചെറിയ കഥയിലും അക്ബർ ചിരി മായാതെ തന്നെ നിൽക്കുന്നുണ്ട്.
“സാർ, ആ ചൂരല് തരാൻ പറഞ്ഞു. സ്റ്റാഫ് റൂമിൽ വന്ന് നാലാം ക്ലാസിലെ കുട്ടി ആവശ്യപ്പെട്ടു. ആരാ പറഞ്ഞത്?” ദാമോദരൻ മാഷ് ചോദിച്ചു.
‘വട്ടൻ കുറുപ്പുമാഷ്’
ദാമോദരൻ മാഷ്ക് കലിയിളകി.
‘ആരാടാ’
‘വട്ടൻ കുറുപ്പുമാഷ്’
ദാമോദരൻ മാഷ് ചൂരലെടുത്ത് പയ്യനെ രണ്ടു വീക്കി. പിന്നെ, അത് കൈയിൽ കൊടുത്തു.
ചൂരലുമായി മടങ്ങുമ്പോൾ പയ്യൻ ഓർക്കുകയായിരുന്നു. എന്തിനാണ് ദാമോദരൻ മാഷ് എന്നെ തല്ലിയത്?
വട്ടൻ കുറുപ്പുമാഷിനോടുള്ള എന്തോ ദേഷ്യം തന്നോടു തീർത്തതാണോ?
ഏതായാലും വട്ടൻ മാഷോട് സംഗതി പറയണം.”

സമൂഹത്തിലെ എല്ലാവരോടും വാത്സല്യം നിറഞ്ഞ സ്നേഹം പുലർത്തിയ കഥാകാരനായിരുന്നു അക്ബർ കക്കട്ടിൽ. പരിചയിക്കുന്നവരുടെ ഹൃദയതാളം ഏറ്റെടുക്കാനുള്ള കരുത്തായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ. അതിഗൗരവം പുലർത്തുന്ന സംഭവങ്ങളെ നർമ്മത്തിൽ ചേർത്ത് ലയിപ്പിച്ച് നേർമ്മയുടെ ചില്ലുകൂട്ടിലാക്കുവാൻ അക്ബറിനോളം കഴിവുള്ളവർ വിരളമാണ്. സ്കൂളിലേക്കുള്ള യാത്രകളിൽ കണ്ടുമുട്ടുന്ന മനുഷ്യരും അവരുടെ വ്യവഹാരമാതൃകകളും കഥയെഴുത്തിനുള്ള അസംസ്കൃതവസ്തുക്കളായി അദ്ദേഹം പെറുക്കിയെടുത്തു. അവ നാട്ടുഭാഷയുടെ വാമൊഴിച്ചന്തം തീർത്ത് കഥകളായി പരിണമിക്കുകയായിരുന്നു. സൗഹൃദങ്ങളുടെ വന്മരക്കാട്ടിലാണ് അക്ബർ ജീവിച്ചത്. ഒന്നു കണ്ടവർ വീണ്ടും കാണാനാഗ്രഹിക്കുംവിധം കൊതിപ്പിക്കുന്ന സാന്നിധ്യമായിരുന്നു ഈ കഥാകാരന്റേത്. ആകസ്മികമായിട്ടായിരുന്നു അദ്ദേഹത്തിന്റെ മടക്കം. കക്കട്ടിൽ റിപ്പബ്ലിക് എന്നൊരു നോവലെഴുത്തിന്റെ പണിപ്പുരയിലായിരുന്ന നാളിലാണ് മരണം അക്ബറിനെ തേടിയെത്തിയത്. തന്റെ മാസ്റ്റർപീസ് നോവലായിരിക്കും കക്കട്ടിൽ റിപ്പബ്ലിക്കെന്ന അഭിമാന ചിന്ത അക്ബർ കൊതിയോടെ കൊണ്ടു നടന്നു. 2016 ഫെബ്രുവരി 17 ന് അറുപത്തിരണ്ടാം വയസിൽ ഈ ലോകം വിട്ടുപോകുമ്പോൾ പറഞ്ഞുതീർക്കാൻ ഒട്ടേറെ കഥകൾ അദ്ദേഹം ബാക്കി വച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.