ആക്രമണം രൂക്ഷമായ മരിയുപോളിലെ അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റില്‍ കൂടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ ഒഴിപ്പിക്കാന്‍ വീണ്ടും ശ്രമങ്ങളാരംഭിച്ചതായി ഉക്രെയ്‍ന്‍. പൗരന്‍മാരെ ഒഴിപ്പിക്കാനുള്ള മൂന്നാംഘട്ട രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചതായി ഐക്യരാഷ്ട്ര സഭയും അറിയിച്ചു. ഐക്യരാഷ്ട്ര സഭയോടൊപ്പം ചേര്‍ന്ന് സുരക്ഷിത ഇടനാഴിയിലൂടെയുള്ള ഒഴിപ്പിക്കല്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസും ഉക്രെയ്‍ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‍കിയും സ്ഥിരീകരിച്ചു.
രണ്ടാം ലോക മഹായുദ്ധത്തിൽ നാസി ജർമ്മനിക്കെതിരായ സോവിയറ്റ് യൂണിയന്റെ വിജയത്തെ അനുസ്മരിക്കുന്ന മേയ് ഒമ്പതിന് മുമ്പ് റഷ്യ ആക്രമണം ശക്തമാക്കിയേക്കുമെന്നാണ് ഉക്രെയ്‍ന്‍ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. മേയ് ഒമ്പതിന് മുമ്പ് മരിയുപോളിന്റെയും അസോവ്സ്റ്റല്‍ പ്ലാന്റിന്റെയും നിയന്ത്രണം ഏറ്റെടുക്കാനാണ് റഷ്യ പദ്ധതിയിടുന്നതെന്ന് ബ്രിട്ടന്റെ രഹസ്യാന്വേഷണ വിഭാഗവും അറിയിച്ചിരുന്നു. 2000 ത്തോളം സെെനികരെ മരിയുപോളില്‍ നിലനിര്‍ത്തി, സെെനിക വിന്യാസം വടക്കന്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാനാണ് റഷ്യയുടെ ശ്രമമെന്ന് പെന്റഗണും പറയുന്നു.
എന്നാല്‍ ഈ വാര്‍ത്തകളെല്ലാം റഷ്യ നിഷേധിച്ചു. മാര്‍ച്ച് ഒമ്പതിന് യുദ്ധപ്രഖ്യാപനമോ വിജയപ്രഖ്യാപനമോ പദ്ധതിയിലില്ലെന്ന് റഷ്യ വ്യക്തമാക്കി. സമയം വരുമ്പോള്‍ വിജയം പ്രഖ്യാപിക്കുകയും ആഘോഷിക്കുകയും ചെയ്യുമെന്നാണ് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‍കോവ് അറിയിച്ചത്. ആണവായുധം പ്രയോഗിക്കുമെന്ന വാര്‍ത്തകളും റഷ്യ നിരസിച്ചു. റഷ്യയുടെ ആണവായുധങ്ങള്‍ ഉക്രെയ്‍നിലെ പ്രത്യേക സെെനിക നടപടിക്ക് ബാധകമല്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അലെക്സി സയ്റ്റ്സെവ് അറിയിച്ചു.
അതേസമയം, ഉക്രെയ്‍നുള്ള സാമ്പത്തിക സഹായം 1.7 ബില്യണ്‍ ഡോളറില്‍ നിന്ന് രണ്ട് ബില്യണ്‍ ഡോളറായി വര്‍ധിപ്പിച്ചെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചു. അതിനിടെ, റഷ്യൻ എണ്ണയ്‌ക്കുള്ള യൂറോപ്യൻ യൂണിയൻ നിരോധനം ഹംഗറിയുടെ സമ്പദ്‌വ്യവസ്ഥയിൽ അണുബോംബ് വർഷിക്കുന്നതിന് തുല്യമാണെന്നും അതിനാൽ അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി വിക്ടർ ഓർബൻ പറഞ്ഞു. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാന്‍ ഹംഗറി, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക്ക് എന്നിവയ്ക്ക് അവരുടെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഹംഗറിയുടെ പ്രതികരണം. അതിനിടെ, റഷ്യ‑ഉക്രെയ്ൻ സംഘർഷത്തിൽ വിജയം ആര്‍ക്കുമുണ്ടാകില്ലെന്നും നിരപരാധികളായ സാധാരണക്കാരെ ഒഴിപ്പിക്കലാണ് അടിയന്തര ആവശ്യമെന്നും ഇന്ത്യ യുഎൻ രക്ഷാസമിതിയെ അറിയിച്ചു.
English Summary: Rescue operations resumed at Mariupol
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.