
തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുകയും തൊഴിലുടമകളുടെ ചൂഷണത്തിനുള്ള അവസരങ്ങൾ തുറന്നുകൊടുക്കുകയും ചെയ്യുന്ന തൊഴിലാളി വിരുദ്ധ കരിനിയമങ്ങൾ — ലേബർ കോഡുകൾ — രാജ്യത്ത് നടപ്പാക്കി വിജ്ഞാപനം ചെയ്ത സാഹചര്യത്തിൽ തൊഴിലാളികളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള ബദൽ മാർഗങ്ങൾ തേടാൻ സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ലേബർ കോൺക്ലേവ്, കേന്ദ്ര സർക്കാരിന് ശക്തമായ താക്കീതും തൊഴിലാളികളുടെ മൗലികാവകാശങ്ങൾ കവർന്നെടുക്കാനുള്ള ബിജെപി സർക്കാരിന്റെ നടപടികൾക്കെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നല്‍കുമെന്ന പ്രഖ്യാപനവുമായി.
കേന്ദ്ര നിയമങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിനാണ് കേരളം തുടക്കം കുറിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഈ നടപടി ശ്ലാഘനീയമാണ്. രാജ്യത്തുള്ള മുഴുവൻ തൊഴിലാളികളും ബഹുജന പ്രസ്ഥാനങ്ങളും സംസ്ഥാനത്തോടൊപ്പം അണിനിരക്കും. മറ്റ് സംസ്ഥാന സർക്കാരുകള്‍ക്കും, തൊഴിലാളിവിരുദ്ധ നിയമങ്ങൾക്കെതിരായുള്ള ഇടപെടലുകൾക്ക് മുന്നിട്ടിറങ്ങാൻ ഇത് ഒരു പ്രചോദനമാകും. ലേബർ കോഡിനെ കുറിച്ച് പഠിക്കാനും, പ്രത്യാഘാതങ്ങൾ വിലയിരുത്താനും, പരിഹാര മാർഗങ്ങൾ നിർദേശിക്കാനും ജസ്റ്റിസ് ഗോപാല ഗൗഡ അധ്യക്ഷനായി കമ്മിറ്റി രൂപീകരിക്കാൻ കോൺക്ലേവ് തീരുമാനിച്ചു. ഒരുമാസത്തിനുള്ളിൽ കമ്മറ്റി റിപ്പോർട്ട് സമർപ്പിയ്ക്കും.
ലേബർ കോഡുകളുടെ തൊഴിലാളി വിരുദ്ധത ചൂണ്ടികാണിക്കുന്നതിനും ബദൽ നിർദേശങ്ങൾ സമർപ്പിക്കുന്നതിനും സംസ്ഥാന തൊഴിൽ മന്ത്രി കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളോടൊപ്പം കേന്ദ്ര സർക്കാരിനെ സമീപിയ്ക്കുന്നതിനും തീരുമാനമായിട്ടുണ്ട്. കരിനിയമങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് കോൺക്ലേവ് ഏകകണ്ഠമായി പ്രഖ്യാപിച്ചു. ഐടി, ഗിഗ് വർക്കേഴ്സ്, കുടിയേറ്റത്തൊഴിലാളികൾ, ആശുപത്രി ജീവനക്കാർ തുടങ്ങി വിവിധ വിഭാഗം തൊഴിലാളികൾക്ക് തൊഴിലും സാമൂഹ്യ സുരക്ഷയും സംരക്ഷിയ്ക്കാൻ കഴിയുംവിധം നിയമം കൊണ്ടുവരുന്നതിനും സർക്കാർ മുൻകൈ എടുക്കും. ലേബർ കോഡുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ട്രേഡ് യൂണിയനുകൾ നടത്തുന്ന പോരാട്ടങ്ങൾക്ക് കോൺക്ലേവ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കേരളം ഭരിച്ച ഇടതുപക്ഷ സർക്കാരുകൾ എന്നും തൊഴിലാളിപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുവാൻ ശ്രദ്ധിച്ചിരുന്നു. മാന്യമായ ജോലി ലഭ്യമാക്കുന്നതിലും ട്രേഡ് യൂണിയൻ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും വിവേചനം തടയുന്നതിലും തൊഴിലാളികളുടെ പരാതികൾ പരിഹരിക്കുന്നതിലും തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പാക്കുന്നതിലും കേരളം മാതൃകയായി ഉയർന്നുനിൽക്കുന്നു. 1957 മുതൽ നിയമസഭകൾ പാസാക്കിയ അനേകം തൊഴിലാളി ക്ഷേമ നിയമങ്ങൾ ഇതിന് സാക്ഷ്യംവഹിക്കുന്നു. സാമൂഹിക വിവേചനത്തിനെതിരായി, ദുർബല വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനായി, തൊഴിലാളികൾക്ക് ന്യായവും മാനുഷികമായ തൊഴിൽ സാഹചര്യങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനായി ധാരാളം നിയമങ്ങൾ കേരളം കൊണ്ടുവന്നു.
ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ തന്നെ മിനിമം വേതനം നടപ്പാക്കി. കേരള മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട്, കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്‌മെന്റ് ഹോളിഡേയ്സ് ആക്ട്, കേരള കർഷകത്തൊഴിലാളി നിയമം, ബോണ്ടഡ് ലേബർ സിസ്റ്റം (അബോളിഷൻ) ആക്ട്, കേരള ലേബർ വെൽഫെയർ ഫണ്ട് ആക്ട്, കേരള ഹെഡ്‌ലോഡ് വർക്കേഴ്സ് ആക്ട് തുടങ്ങിയവ ഉദാഹരണങ്ങളാണ്. 1970ൽ ഇന്ത്യയിൽ ആദ്യമായി ഗ്രാറ്റുവിറ്റി നിയമം കൊണ്ടുവന്നത് സി അച്യുതമോനോന്റെ നേതൃത്വത്തിലുള്ള സർക്കാരാണ്. ഇത് പശ്ചിമബംഗാൾ സർക്കാരും പിന്തുടർന്നു. 1972ലാണ് പാർലമെന്റ് ഗ്രാറ്റുവിറ്റി നിയമം പാസാക്കുന്നത്.
സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനും നിരവധി നിയമങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞത് വളരെ പ്രാധാന്യമുള്ളതാണ്. ചെത്തുതൊഴിലാളികൾക്കാണ് ആദ്യമായി ഒരു ക്ഷേമനിധി നിയമം 1970ൽ നടപ്പാക്കുന്നത്. തുടർന്ന് നിരവധി മേഖലകളിൽ ക്ഷേമനിധി ബോർഡുകൾക്ക് നിയമനിർമ്മാണത്തിലൂടെ സംരക്ഷണം നല്‍കി. അസംഘടിത മേഖലയിലുൾപ്പെടെയുള്ള തൊഴിലാളികളുടെ ക്ഷേമം ലാക്കാക്കി 24 ക്ഷേമനിധി ബോർഡുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഏറ്റവുമൊടുവിലായി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്കും ക്ഷേമനിധി ബോർഡ് രൂപീകരിച്ചു. ഈ മേഖലയിൽ രാജ്യത്തെ ആദ്യത്തെ നടപടിയാണിത്.
തൊഴിൽ, ഭരണഘടനയുടെ സമവർത്തി പട്ടിക (കൺകറന്റ് ലിസ്റ്റ്) യിൽ പെട്ടതായതിനാൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ നിയമം നിർമ്മിക്കാൻ അധികാരമുണ്ട്. ജനുവരിയിൽ സംസ്ഥാന നിയമസഭ പ്രത്യേകമായി വിളിച്ചുകൂട്ടി നിയമ നിർമ്മാണങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിയ്ക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം. സമ്പത്ത് ഉല്പാദിപ്പിക്കുന്ന തൊഴിലാളികളെ ദ്രോഹിക്കുന്ന ലേബർ കോഡുകൾ പിൻവലിക്കണമെന്ന് പ്രത്യേക നിയമസഭ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടണം.
നവംബർ 21നാണ് തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ നടപ്പിലാക്കികൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തത്. നാല് കോഡുകൾ പാർലമെന്റിൽ ചർച്ച ഇല്ലാതെ പാസാക്കിയതിനെതിരെ നിരന്തരമായി സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം നടന്നുവരുന്ന സന്ദർഭത്തിലാണ് ഒരു സൂചന പോലും നൽകാതെ കേന്ദ്രസർക്കാർ നിയമങ്ങൾ നടപ്പിലാക്കികൊണ്ടുള്ള വംശഹത്യയ്ക്ക് തുല്യമായ കടന്നാക്രമണത്തിന്റെ മൂർച്ച കൂട്ടിയത്. 2019 ആഗസ്റ്റിൽ വേജ് കോഡും, 2020 സെപ്തംബറിൽ മറ്റ് മൂന്ന് കോഡുകളും പാസാക്കി. വേതനം, വ്യവസായ ബന്ധം, സാമൂഹ്യ — തൊഴിൽ സുരക്ഷ, ആരോഗ്യ പരിപാലനം എന്നീ കോഡുകൾ പാസാക്കിയതോടെ നിലവിലുണ്ടായിരുന്ന 29 തൊഴിൽ നിയമങ്ങൾ ഇല്ലാതായി.
2019 മുതൽ ട്രേഡ് യൂണിയനുകൾ ദേശീയ പണിമുടക്ക് സമരങ്ങൾ ഉൾപ്പടെ നിരന്തരമായി ഉയർത്തിയ പ്രതിഷേധം, കർഷക സംഘടനകൾ തൊഴിലാളികൾക്കൊപ്പം ചേർന്ന് ഉയർത്തികൊണ്ടുവന്ന പ്രതിരോധം എന്നിവയ്ക്ക് മുന്നിൽ നിയമം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ മടിച്ചുനിൽക്കുകയായിരുന്നു. എന്നാൽ ബിഹാര്‍ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയ്ക്ക് ലഭിച്ച വിജയം തൊഴിലാളികളെ കടന്നാക്രമിക്കാൻ നല്ല അവസരമായി പ്രധാനമന്ത്രി കണക്കുകൂട്ടി.
നവംബർ 13ന് കേന്ദ്ര തൊഴിൽ മന്ത്രി പുതിയ തൊഴിൽ നയം ചർച്ചചെയ്യാൻ കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗം വിളിച്ചിരുന്നു. 20ന് കേന്ദ്ര ധനകാര്യ മന്ത്രി ബജറ്റുമായി ബന്ധപ്പെട്ടും ട്രേഡ് യൂണിയനുകളുടെ യോഗവും വിളിച്ചുകൂട്ടി. ഈ രണ്ടു യോഗങ്ങളിലും എഐടിയുസി ജനറൽ സെക്രട്ടറി അമർജിത് കൗർ ഉൾപ്പടെ പ്രമുഖ യൂണിയൻ നേതാക്കൾ ലേബർ കോഡുകൾ നടപ്പിലാക്കുന്നതിനെതിരെ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ തൊഴിൽ നയം, ശ്രംശക്തി നീതി 2025 പിൻവലിയ്ക്കണമെന്ന ആവശ്യവും ശക്തമായി ഉന്നയിക്കപ്പെട്ടു. ഈ രണ്ടു യോഗങ്ങളിലും ലേബർ കോഡുകൾ നടപ്പിലാക്കുന്നതിന്റെ ഒരു സൂചനപോലും നൽകാതിരുന്ന കേന്ദ്ര സർക്കാർ പിറ്റേദിവസം കോഡുകൾ നടപ്പിലാക്കുമെന്നുള്ള വിജ്ഞാപനം ഇറക്കിക്കൊണ്ടാണ് തൊഴിലാളികളെ ശത്രുക്കളായി പ്രഖ്യാപിച്ചുകൊണ്ട് ആക്രമണത്തിന്റെ വെടിപൊട്ടിച്ചത്.
ലേബർ കോഡുകൾ റദ്ദ് ചെയ്യുക, തൊഴിൽനയം പിൻവലിക്കുക, വൈദ്യുതി ഭേദഗതി 2025 ബിൽ പിൻവലിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നവംബർ 26ന് കേന്ദ്ര ട്രേഡ് യൂണിയനുകളും കർഷക സംഘടനകളും സംയുക്തമായി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനുള്ള വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്ന സന്ദർഭത്തിലാണ് കേന്ദ്രം, ഭരണഘടനാവിരുദ്ധമായ നിയമങ്ങൾ നടപ്പിലാക്കുമെന്ന് വിജ്ഞാപനം ഇറക്കിയത്.
കോവിഡ് മഹാമാരി മൂലം രാജ്യത്ത് അരക്ഷിതവും ഭീതിജനകവുമായ അവസ്ഥ നിലനിന്നിരുന്നപ്പോഴാണ് നിയമങ്ങൾ കൊണ്ടുവന്നത്. അതിനെതിരെ തൊഴിലാളികൾ ദേശീയ പണിമുടക്ക് നടത്തിയത് 2020 നവംബർ 26നാണ്. മൂന്ന് കർഷക വിരുദ്ധ നിയമങ്ങൾക്കെതിരായ രാജ്യത്തെ മുഴുവൻ കർഷകരും ഒന്നിച്ചുള്ള ഐതിഹാസികമായ കർഷക സമരത്തിന്റെ ഭാഗമായി, ചലോ ഡൽഹി മാർച്ച് തുടങ്ങിയതും അതേദിവസമാണ്. ഭരണഘടനാ സംരക്ഷണത്തിന്റെ വാർഷികമായ നവംബർ 26ന്റെ പ്രതിഷേധ സമരം വരാൻ പോകുന്ന അതിശക്തമായ പ്രക്ഷോഭത്തിന്റെ തുടക്കമാണ്.
ആത്മ നിർഭർ ഭാരതിനു വേണ്ടി രാജ്യത്ത് നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ ഒരു പുതുയുഗത്തിന് തുടക്കം കുറിച്ചു എന്ന് പറയാനും പ്രധാനമന്ത്രിക്ക് മടിയുണ്ടായില്ല. കോർപറേറ്റുകൾക്കുവേണ്ടി രാജ്യം പണയപ്പെടുത്തുന്നതിന്റെ, സമ്പൂർണമായി തൊഴിലാളികളെ തകർക്കുന്ന നിയമങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. കടുത്ത ചൂഷണത്തിന് രാജ്യത്തെ ജനസംഖ്യയുടെ മഹാഭൂരിപക്ഷം വരുന്ന തൊഴിലാളികൾ വിധേയരാകുന്നു. ഭരണഘടന നൽകുന്ന തൊഴിൽ ചെയ്യാനും, സംഘടിക്കാനും, അവകാശങ്ങൾ ഉയർത്തുന്നതിനും, കൂട്ടായി വിലപേശുന്നതിനും, പണിമുടക്കുന്നതിനുമുള്ള തൊഴിലാളികളുടെ മൗലികമായ അവകാശങ്ങൾ തകർക്കപ്പെടുന്നു. ട്രേഡ് യൂണിയനുകൾ അപ്രസക്തമാകും. 90% തൊഴിലാളികളും അസംഘടിതരായ നമ്മുടെ രാജ്യത്ത് ഈ നാലുകരിനിയമങ്ങൾ നടപ്പിലാക്കുന്നതോടുകൂടി ഏറ്റവും അപകടകരമായ സാഹചര്യത്തിലേക്കാണ് തൊഴിലാളികൾ ചവിട്ടി താഴ്ത്തപ്പെടുന്നത്.
പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള മുന്നൊരുക്കമായാണ് കേന്ദ്ര സർക്കാർ ഭാരതീയ ന്യായ സംഹിത നടപ്പിലാക്കിയത്. ഇന്ത്യൻ പീനൽ കോഡ്, ഐപിസി ക്രിമിനൽ പ്രോസീജ്യർ കോഡ് സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നീ മൂന്നു നിയമങ്ങൾ റദ്ദാക്കി പാർലമെന്റ് ചർച്ച കൂടാതെ പാസാക്കിയെടുത്ത ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 111 കൃത്യമായി പറയുന്നത്, തൊഴിലാളികൾ സംഘടിച്ചാൽ, അവകാശങ്ങൾ ചോദിച്ചാൽ, അതിനായി സമരം ചെയ്താൽ, പണിമുടക്കിയാൽ അതെല്ലാം ക്രിമിനൽ കുറ്റമായി കണക്കാക്കാനും, തൊഴിലാളികളെ പിരിച്ചുവിടാനും, അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാനുമാണ്.
മഹാത്മാ ഗാന്ധി ഗ്രാമീണ ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചുകൊണ്ടുള്ള നിയമവും പാർലമെന്റ് പാസാക്കിയതോടുകൂടി രാജ്യത്ത് ഏറ്റവും പങ്കാളിത്തമുള്ള തൊഴിൽ ഉറപ്പുവരുത്തികൊണ്ടുള്ള ബൃഹദ് പദ്ധതിയാണ് കേന്ദ്ര സർക്കാർ അട്ടിമറിച്ചത്. തൊഴിലാളികളെ സംബന്ധിച്ച് അതീവ ഗുരുതരമായ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. ഇതിനെതിരെ ദേശീയ പണിമുടക്ക് ഉൾപ്പടെയുള്ള വമ്പിച്ച പ്രക്ഷോഭങ്ങൾക്ക് കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. തൊഴിലാളികളും, കർഷകരും ഒന്നിച്ചുള്ള ദേശീയ പണിമുടക്കിന്റെ തീയതി ഡിസംബർ 22ന് പ്രഖ്യാപിക്കും. അതിനുള്ള വിപുലമായ ഒരുക്കങ്ങളാണ് രാജ്യത്തുടനീളം നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.