4 January 2026, Sunday

Related news

January 3, 2026
January 3, 2026
January 3, 2026
January 2, 2026
January 2, 2026
January 1, 2026
December 31, 2025
December 31, 2025
December 31, 2025
December 31, 2025

എസ്ഐആറിനെതിരെ പ്രമേയം : ഏകകണ്ഠേന അംഗീകരിച്ച് നിയമസഭ

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം
September 29, 2025 7:50 pm

സമ​ഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് (എസ്ഐആർ) മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്ദേശ്യ ശു​ദ്ധിയിൽ സംശയം പ്രകടിപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ ഏകകണ്ഠേന പ്രമേയം അംഗീകരിച്ചു.
വോട്ടർ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണ്. ബീഹാറിൽ നടന്ന എസ്ഐആർ പ്രക്രിയ ഇത്തരം ആശങ്കകളെ ശരിവെക്കുന്നതുമാണ്. പുറന്തള്ളലിൻറെ രാഷ്ട്രീയമാണ് ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ കാണുന്നത്. വോട്ടർപട്ടികയിൽ നിന്നും യുക്തിരഹിതമായ ഒഴിവാക്കലാണ് ബീഹാറിൽ നടന്നത്. അതേ രീതിയാണ് ദേശീയ അടിസ്ഥാനത്തിൽ ലക്ഷ്യമിടുന്നത് എന്ന സംശയവും രാജ്യവ്യാപകമായി നിലനില്‍ക്കുന്നു.

ബീഹാർ എസ്ഐആർ പ്രക്രിയയുടെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കെത്തന്നെ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ കൂടി തിടുക്കപ്പെട്ട് ഇതേ പ്രക്രിയ കൊണ്ടുവരുന്നതിനെ നിഷ്കളങ്കമായി കാണാൻ കഴിയില്ല. ദീർഘകാല തയാറെടുപ്പും കൂടിയാലോചനയും ആവശ്യമായ എസ്ഐആർ പോലുള്ള പ്രക്രിയ ഇത്തരത്തിൽ തിടുക്കത്തിൽ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിൻറെ നിഴലിലാക്കിയിരിക്കുന്നു. കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കയാണ്. അത് കഴിഞ്ഞാലുടൻ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തിൽ തിടുക്കപ്പെട്ട് എസ്ഐആർ നടത്തുന്നത് ദുരുദ്ദേശപരമാണ്. ഇതിനുമുമ്പ് 2002ലാണ് കേരളത്തിൽ വോട്ടർ പട്ടികയുടെ തീവ്ര പുനഃപരിശോധന നടന്നത്. ഇപ്പോൾ പുനഃപരിശോധന നടത്തുന്നത് 2002 അടിസ്ഥാനമാക്കിയാണെന്നതും അശാസ്ത്രീയമാണ്.

1987നു ശേഷം ജനിച്ചവർ അവരുടെ പിതാവിന്റെയോ മാതാവിന്റെയോ പൗരത്വരേഖ കൂടി നൽകിയാലേ വോട്ടറാകൂ എന്ന എസ്ഐആറിലെ നിബന്ധന പ്രായപൂർത്തി വോട്ടവകാശത്തെ ഹനിക്കുന്ന തിരുമാനമാണ്. 2003നു ശേഷം ജനിച്ചവർ പിതാവിൻറെയും മാതാവിന്റെയും പൗരത്വരേഖകൾ സമർപ്പിച്ചാൽ മാത്രമേ വോട്ടറാവൂ എന്നും നിഷ്കർഷയുണ്ട്. രേഖകളില്ലാത്തതിൻറെ പേരിൽ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കുന്നത്, ഭരണഘടനയുടെ അനുച്ഛേദം 326 പൗരന്മാർക്ക് ഉറപ്പുനൽകുന്ന സാർവത്രിക വോട്ടവകാശത്തിൻറെ പൂർണമായ ലംഘനമാണ്. സമൂഹത്തിലെ പാർശ്വവൽകൃത വിഭാഗങ്ങളിൽ ഉള്ളവരാണ് എസ്ഐആറിലെ ഇത്തരം നിബന്ധനകൾ മൂലം വോട്ടവകാശത്തിൽ നിന്നും പുറത്താവുകയെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ പഠനങ്ങൾ കാണിക്കുന്നത്. ന്യൂനപക്ഷ സമുദായങ്ങൾ, പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾ, സ്ത്രീകൾ, ദരിദ്രകുടുംബങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ ബഹുഭൂരിപക്ഷവും ഉൾപ്പെടുക. വോട്ടർ പട്ടികയിലുള്ള പ്രവാസി വോട്ടർമാരുടെ വോട്ടവകാശം തുടർന്നും നിലനിർത്തേണ്ടതുണ്ട്.

പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ പൊടിതട്ടിയെടുക്കാനുള്ള ശ്രമം നടത്തുന്നവർ എസ്ഐആറിനെ ഏതുവിധമാവും ഉപയോഗിക്കുക എന്നതും ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ്. മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടികളിൽ നിന്നും പിന്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കമീഷൻ സുതാര്യമായി വോട്ടർപ്പട്ടിക പുതുക്കൽ നടത്തണം എന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. എംഎൽഎമാരായ യു എ ലത്തീഫ്, എൻ ഷംസുദ്ദീൻ, പിസി വിഷ്ണുനാഥ്, നജീബ് കാന്തപുരം എന്നിവർ പ്രമേയത്തിന്മേൽ ഭേദഗതികൾ അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.