സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷൻ ഇനി സൊസൈറ്റി രൂപത്തിൽ പ്രവർത്തിക്കും. ഉത്തരവാദിത്ത ടൂറിസം മിഷനെ സൊസൈറ്റി ആയി രൂപീകരിക്കുന്നതിനുള്ള കരട് മെമ്മോറാണ്ടം ഓഫ് അസോസിയേഷനും റൂൾസ് ആൻഡ് റെഗുലേഷൻസും മന്ത്രിസഭ അംഗീകരിച്ചു. ഇതോടെ പ്രാദേശിക ജനവിഭാഗങ്ങൾക്ക് ടൂറിസം മേഖലയിൽ വിവിധ സംരംഭങ്ങൾ ആരംഭിക്കുന്നതിന് പരിശീലനം, മാർക്കറ്റിംഗ്, മറ്റ് പിന്തുണാ സംവിധാനങ്ങൾ തുടങ്ങിയവ ഉറപ്പുനൽകുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ സൊസൈറ്റിയായി ഉത്തരവാദിത്ത ടൂറിസം മാറും.
ടൂറിസം മന്ത്രി ചെയർമാനും ടൂറിസം സെക്രട്ടറി വൈസ് ചെയർമാനും നിലവിലെ സംസ്ഥാന ഉത്തരവാദിത്ത മിഷൻ കോർഡിനേറ്റർ സിഇഒയുമായി പ്രവർത്തിക്കുന്ന രൂപത്തിലായിരിക്കും സൊസൈറ്റിയുടെ ഘടന.സൊസൈറ്റിയാകുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നും മറ്റ് ഏജൻസികളിൽ നിന്നും ഫണ്ട് കൈപ്പറ്റാൻ ഉത്തരവാദിത്ത ടൂറിസത്തിന് തടസ്സമുണ്ടാകില്ല. യുഎൻഡിപി നൽകിവരുന്ന കോ- ഫണ്ടിംഗ് രീതി സൊസൈറ്റി അല്ലാത്തതിനാൽ അവസാനിപ്പിച്ചിരുന്നു. ഇതിനും മാറ്റം വരും. സ്വതന്ത്ര സ്വഭാവത്തിൽ പ്രവർത്തിക്കാൻ കഴിയുന്നതിലൂടെ ഭാവിയിൽ പ്ലാൻഫണ്ട് വിനിയോഗം കുറച്ചു കൊണ്ടുവരാൻ സാധിക്കും.
2017 ൽ മിഷന് 40 തസ്തികൾക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. സൊസൈറ്റിയാക്കുമ്പോൾ പുതിയ തസ്തിക, അസറ്റ് ക്രിയേഷൻ എന്നിവ ഉണ്ടാകില്ല. അതിനാൽ അധിക സാമ്പത്തിക ബാധ്യത വരില്ല. എന്നാൽ രജിസ്‌ട്രേഷൻ ഫീസ്, കൺസൾട്ടൻസി ചാർജ്, ഉത്പന്ന വിപണനത്തിലൂടെയുള്ള കമ്മീഷൻ, പരിശീലനം നൽകുന്നതിനുള്ള ഫീസ് തുടങ്ങിയവ ഈടാക്കാൻ സാധിക്കുന്നതോടെ വരുമാനം വർധിക്കും. സൊസൈറ്റിയാകുന്നതോടെ സ്വതന്ത്ര സ്വഭാവത്തോടെ കൂടുതൽ മേഖലകളിൽ പ്രവർത്തിക്കാൻ സാധിക്കും.
ഉത്തരവാദിത്ത ടൂറിസം മിഷന് കീഴിൽ നിലവിൽ 24000 പ്രാദേശിക യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയ്ക്ക് റിവോൾവിംഗ് ഫണ്ട് നൽകുന്നുണ്ട്. 1,50,000 കുടുംബങ്ങൾക്ക് മിഷൻ വഴി വരുമാനം ലഭിക്കുന്നുണ്ട്.
റീബിൽഡ് കേരള ഇനിഷ്യേറ്റിവ് മുഖേന നടപ്പാക്കുന്ന പദ്ധതി നിർദേശങ്ങൾക്ക് അംഗീകാരം
റീബിൽഡ് കേരള ഇനിഷ്യേറ്റിവിന് കീഴിൽ നടപ്പാക്കാൻ വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതി നിർദേശങ്ങൾക്ക് തത്വത്തിൽ അംഗീകാരം. എറണാകുളം ജില്ലയിലെ എളംകുളത്ത് പുതുതായി പൂർത്തീകരിച്ച 5 എംല്‍ഡി സ്വീവറേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റിനോട് അനുബന്ധിച്ച് കൊച്ചി കോർപ്പറേഷനിലെ 54-ാം ഡിവിഷനിൽ ഭൂഗർഭ സ്വീവറേജ് ശൃഖലയുടെയും അനുബന്ധ ഘടകങ്ങളുടെയും നിർമ്മാണം അംഗീകരിച്ചു. 63.91 കോടി രൂപയാണ് ചെലവ്.
റീജിയണൽ ക്യാൻസർ സെൻറർ, മലബാർ ക്യാൻസർ സെൻറർ എന്നിവിടങ്ങളിൽ 60 കോടി രൂപ ചെലവിൽ റോബോട്ടിക് സർജറി സംവിധാനം സ്ഥാപിക്കും. രണ്ടിടത്തും 18.87 കോടി രൂപ ചെലവിൽ ഡിജിറ്റൽ പാത്തോളജി മികവിന്റെ കേന്ദ്രങ്ങളും സ്ഥാപിക്കും. ഇതോടൊപ്പം റസിലിയൻറ് കേരള ഫലപ്രാപ്തിയാധിഷ്ഠിത പദ്ധതിയുടെ കീഴിൽ DLI 6 പൂർത്തീകരിക്കുന്നതിന് ആരോഗ്യ‑കുടുംബക്ഷേമ വകുപ്പ് സമർപ്പിച്ച 49.02 കോടി രൂപയുടെ രണ്ടാം വർഷത്തേക്കുള്ള വിശദ പ്രവർത്തന രൂപരേഖയ്ക്ക് തത്വത്തിൽ അംഗീകാരം നൽകി.
മന്ത്രിസഭാ തീരുമാനങ്ങള്‍:
റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കും
2023 ലെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാവിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ അഭിവാദ്യം സ്വീകരിക്കും. ഗവർണ്ണറോടൊപ്പം മന്ത്രി വി. ശിവൻകുട്ടി പങ്കെടുക്കും.
ജില്ലാ ആസ്ഥാനങ്ങളിൽ പങ്കെടുത്ത് അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാർ
കൊല്ലം — കെ.എൻ. ബാലഗോപാൽ
പത്തനംതിട്ട — വീണ ജോർജ്ജ്
ആലപ്പുഴ — സജി ചെറിയാൻ
കോട്ടയം — ജെ ചിഞ്ചുറാണി
ഇടുക്കി — റോഷി അഗസ്റ്റിൻ
എറണാകുളം — പി. രാജീവ്
തൃശൂർ — കെ. രാജൻ
പാലക്കാട് — എം.ബി. രാജേഷ്
മലപ്പുറം — കെ. കൃഷ്ണൻകുട്ടി
കോഴിക്കോട് — എ.കെ. ശശീന്ദ്രൻ
വയനാട് — ഡോ. ആർ ബിന്ദു
കണ്ണൂർ — കെ. രാധാകൃഷ്ണൻ
കാസർഗോഡ് — അഹമ്മദ് ദേവർകോവിൽ
വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യക്ക് ജോലി
സൈനിക സേവനത്തിനിടെ 26.04.2000 ൽ ജമ്മുകാശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ലാൻസ് നായിക്ക് സൈമൺ ജെയുടെ മകൾ സൗമ്യക്ക് സർക്കാർ സർവ്വീസിൽ ജോലി നൽകാൻ തീരുമാനിച്ചു.ആർമി ഓഫീസിൽ നിന്ന് ആട്രിബ്യുട്ടബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാൻ 21വർഷം വൈകി എന്ന സൗമ്യയുടെ അപേക്ഷ അംഗീകരിച്ച് പ്രത്യേക കേസായി പരിഗണിച്ചാണ് നിയമനം.
ശിക്ഷാ ഇളവ്
ആസാദി കാ അമൃത് മഹോൽസവ് ആഘോഷത്തിന്റെ ഭാഗമായി രണ്ടാം ഘട്ടത്തിൽ പ്രത്യേക ശിക്ഷാ ഇളവിന് ശുപാർശ ചെയ്ത 34 തടവുകാരിൽ ഒരാളെ ഒഴിവാക്കി 33 പേർക്ക് ഭരണഘടനയുടെ 161 അനുച്ഛേദം നൽകുന്ന അധികാരം ഉപേയാഗിച്ച് അകാല വിടുതൽ അനുവദിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, ജയിൽ വകുപ്പ് മേധാവി എന്നിവർ അടങ്ങുന്ന സമിതി നൽകിയ ശുപാർശ അംഗീകരിച്ചാണ് തീരുമാനം.
നഷ്ടപരിഹാരം
കൊല്ലം ജില്ലയിലെ അഷ്ടമുടി കായലിൽ നീണ്ടകര അഴിമുഖത്തോട് ചേർന്ന് സ്ഥാപിച്ചിരുന്ന ഊന്നി / കുറ്റിവലകൾ നീക്കം ചെയ്തതിന് നഷ്ടപരിഹാരമായി ഒരു കോടി 13 ലക്ഷം രൂപ അനുവദിച്ചു.
38 ഊന്നി / കുറ്റിവല ഉടമകൾക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ഈ പ്രദേശത്ത് ഇനി ഊന്നി / കുറ്റിവലകൾ സ്ഥാപിക്കപ്പെടുന്നില്ല എന്ന് ഫിഷറീസ്-ജലവിഭവ വകുപ്പുകൾ ഉറപ്പു വരുത്തണം എന്ന വ്യവസ്ഥയോടെയാണ് നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ കരട് സംഘടനാപ്രമാണത്തിനും നിയമാവലിക്കും അംഗീകാരം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ കരട് സംഘടനാപ്രമാണം (Memorandum of Association), നിയമാവലി (Rules & Regulations) എന്നിവയ്ക്ക് അംഗീകാരം നൽകി. ഗവേർണിങ് കൗൺസിലിൽ സർക്കാർ നോമിനികളായി വില്യം ഹാൾ (യുണിവേഴ്സിറ്റി കോളേജ് ഡബ്ലിനിലെ സ്കൂൾ ഓഫ് മെഡിസിൻ വിഭാഗം പ്രൊഫസർ, സീനിയർ ഉപദേഷ്ടാവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി), എം സി ദത്തൻ, പ്രൊഫ. എം രാധാകൃഷ്ണപ്പിള്ള. പ്രൊഫ. സുരേഷ് ദാസ്, പ്രൊഫ. എസ് മൂർത്തി ശ്രീനിവാസുല, ഡോ. ബി ഇക്ബർ, ഡോ. ജേക്കബ് ജോൺ എന്നിവരെ തീരുമാനിച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി സൊസൈറ്റിയായി രജിസ്റ്റർ ചെയ്യുന്നതിന് 8 അംഗങ്ങളെയും ഉൾപ്പെടുത്തി.
സർക്കാർ ഗ്യാരന്റി
ദേശീയ സഫായി കർമ്മചാരി ധനകാര്യ വികസന കോർപ്പറേഷൻറെ (NSKFDC) പദ്ധതികൾ വിപുലമായി നടപ്പാക്കുന്നതിനായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് 2022–23, 2023–24 സാമ്പത്തിക വർഷങ്ങളിൽ 100 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി വ്യവസ്ഥകൾക്ക് വിധേയമായി അനുവദിച്ചു.
നിയമനം
കേരള സ്റ്റേറ്റ് വെയർഹൗസിങ് കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറായി എസ്. അനിൽ ദാസിന് വ്യവസ്ഥകൾക്ക് വിധേയമായി പുനർനിയമനം നൽകാൻ തീരുമാനിച്ചു.
English Summary: Cabinet decisions
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.